ഫ്‌ളിപ്പ്കാര്‍ട്ട് സേവനം പുനരാരംഭിച്ചു, ആമസോണ്‍ ചര്‍ച്ചയില്‍

ഫ്‌ളിപ്പ്കാര്‍ട്ട് സേവനം പുനരാരംഭിച്ചു, ആമസോണ്‍ ചര്‍ച്ചയില്‍
  • വിതരണത്തിന് തടസമുണ്ടാകില്ലെന്ന് അധികൃതരുടെ ഉറപ്പ് ലഭിച്ചതായി കമ്പനി
  •  പ്രാധാന്യം കുറഞ്ഞ ഓര്‍ഡറുകളില്‍ കാലതാമസമുണ്ടാകും

മുംബൈ: രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം രാവിലെ പ്രവര്‍ത്തനം നിര്‍ത്തിയ ഫ്‌ളിപ്പ്കാര്‍ട്ട് സേവനം പുനരാരംഭിച്ചു. പലചരക്കുകളും മറ്റ് അവശ്യസാധന വിതരണങ്ങള്‍ക്കും വിതരണ എക്‌സിക്യൂട്ടിവുകള്‍ക്കും സുരക്ഷിത വഴിയൊരുക്കാമെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്.

ആമസോണ്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. അത്ര പ്രാധാന്യമില്ലാത്തെ ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നത് കമ്പനി കഴിഞ്ഞ ദിവസം തന്നെ നിര്‍ത്തിവെച്ചിരുന്നു. കോവിഡ് 19 വ്യാപനത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഫ്‌ളിപ്പ്കാര്‍ട്ടിനൊപ്പം ആമസോണ്‍ ഇന്ത്യയുടെ പാന്‍ട്രി സേവനങ്ങളും കഴിഞ്ഞ ദിവസം നിര്‍ത്തലാക്കുകയുണ്ടായി. വിതരണ ശൃംഖലകള്‍ക്കും കമ്പനിയുടെ ഡെലിവറി എക്‌സിക്യൂട്ടിവുകള്‍ക്കും തടസമുണ്ടാക്കില്ലന്ന് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തനം തുടരുകയാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് വിതരണ ശൃംഖല ശക്തമാക്കാനാണ് ശ്രമമെന്നും വീടുകളില്‍ കഴിച്ചുകൂട്ടേണ്ടി വരുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധയെ തുടര്‍ന്ന് യാത്രാവിലക്കുളളതിനാല്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇ-കൊമേഴ്‌സ് വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. പ്രാദേശിക തലത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന് സ്‌നാപ്ഡീല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കാകും ഇവിടെയും മുന്‍ഗണന. ഡെല്‍ഹി, ഗുരുഗ്രാം, ബെംഗളുരു തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതില്‍ തടസപ്പെട്ടതിനാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Amazon, Flipkart