കോവിഡ്-19നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നു

കോവിഡ്-19നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നു

വാഷിംഗ്ടണ്‍: മാരകമായ കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഗോളതലത്തില്‍ 20,000 ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച ഈ രോഗത്തിന്റെ ഡയഗ്‌നോസ്റ്റിക്‌സ്, ചികിത്സാ മേഖലകളില്‍ സഹകരണം നടക്കുന്നുണ്ടെന്നും അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധി തരഞ്ജിത് സിംഗ് സന്ധു പറഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. നാല് ലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ രോഗനിര്‍ണയ ചികിത്സാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത സഹകരണമാണ് നടക്കുന്നതെന്ന് തരഞ്ജിത് സിംഗ് പറയുന്നു.

ആരോഗ്യസംരക്ഷണ മേഖലയില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ദീര്‍ഘകാലമായി ഉല്‍പ്പാദന പങ്കാളിത്തമുണ്ട്, പ്രത്യേകിച്ചും ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മില്‍. കോവിഡ്-19നായി പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിലും ഈ സഹകരണം വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന് കീഴില്‍ യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റീവ് ഡിസീസ് ഗുഡ്ഗാവിലെ ട്രാന്‍സലേഷന്‍ ഹെല്‍ത്ത് സയന്‍സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി പ്രധാനപ്പെട്ട ഘടകങ്ങള്‍ പങ്കിടുന്നുണ്ട്. കൂടാതെ അമേരിക്കന്‍ കമ്പനികളുടെ ഇന്ത്യ ആസ്ഥാനമായുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ബന്ധപ്പെടുകയും കോവിഡ്-19 ടെസ്റ്റിനുള്ള കഴിവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

‘കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ നേരിടാന്‍ യുഎസ് ഇന്ത്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഒരുമിച്ച്, ഞങ്ങളുടെ പൗരന്മാരെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും, ”ദക്ഷിണ,മധ്യ ഏഷ്യക്കായുള്ള ആക്റ്റിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെല്‍സ് ട്വീറ്റില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഐക്യത്താല്‍ ഊട്ടിയുറപ്പിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചപ്പോള്‍ കൊറോണ വൈറസ് മേഖലയിലെ സഹകരണവും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. യുഎസിനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവും മിതമായ നിരക്കിലുള്ളതുമായ മരുന്നുകളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന ഉഭയകക്ഷി ധാരണാപത്രത്തെയും ട്രംപും മോദിയും അന്ന് പ്രശംസിച്ചിരുന്നു.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളുമായി സഹകരിക്കുന്നുമുണ്ട്. അണുബാധകല്‍ കണ്ടെത്തുന്നതിനും അതിനോട് പ്രതികരിക്കുന്നതിനും ഇക്കാര്യത്തിലുള്ള ദേശീയ ശ്രദ്ധ നിലനിര്‍ത്തുന്നതിനും സിഡിസി സഹായിച്ചിട്ടുണ്ട്. മുംബൈയില്‍ മുനിസിപ്പാലിറ്റിയെയും മറ്റ് പങ്കാളികളെയും സിഡിസി സഹായിച്ചിട്ടുണ്ട്. അതുവഴി മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്തവും വര്‍ധിച്ചു. അണുബാധകള്‍ തിരിച്ചറിയുന്നതിന് 35 ആശുപത്രികളിലും 22 സംസ്ഥാനങ്ങളിലും നിരീക്ഷണ സംവിധാനം നടപ്പാക്കാന്‍ സിഡിസി ഇന്ത്യയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Current Affairs