എയര്‍ലൈന്‍ വരുമാനത്തില്‍ 250 ബില്യണ്‍ ഡോളര്‍ നഷ്ടം

എയര്‍ലൈന്‍ വരുമാനത്തില്‍ 250 ബില്യണ്‍ ഡോളര്‍ നഷ്ടം
  • കഴിഞ്ഞ വര്‍ഷത്തേക്കാളും 44 % കുറവ്
  •  മുമ്പ് 113 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍

ന്യൂഡെല്‍ഹി:യാത്രാ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് നടപ്പുവര്‍ഷം എയര്‍ലൈന്‍ വരുമാനം വന്‍തോതില്‍ ഇടിയുമെന്ന് അന്തര്‍ദേശീയ വ്യോമ ഗതാഗത സംഘടന (അയാട്ട) വ്യക്തമാക്കി. ആഗോളതല വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാളും 44 ശതമാനത്തോളം കുറയാനാണ് സാധ്യതയെന്നാണ് വെളിപ്പെടുത്തല്‍. ലോകമെമ്പാടും കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്നതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം.

നടപ്പുവര്‍ഷത്തെ വരുമാന നഷ്ടം 250 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കുകൂട്ടല്‍. ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കും മുമ്പായി വിമാന കമ്പനികളില്‍ പണം തീര്‍ന്നുപോകുന്ന അവസ്ഥ വരെ ഉണ്ടായേക്കാമെന്നും അയാട്ട മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ബ്രിയാന്‍ പിയേഴ്‌സ് വ്യക്തമാക്കി. ഫെബ്രുവരി ആദ്യം ആഗോള വിമാനക്കമ്പനികളില്‍ 113 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ ദയനീയമാകുമെന്നും നിലവിലെ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ആവശ്യമാണെന്നും അയാട്ട ഡയറക്റ്റര്‍ ജനറല്‍ അലക്‌സാന്‍ഡ്രേ ഡേ ജൂനിയാക് ചൂണ്ടിക്കാട്ടുന്നു. വിമാനക്കമ്പനികള്‍ക്ക് അതിവേഗം സാമ്പത്തിക സഹായം നല്‍കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ചില രാജ്യങ്ങള്‍ സഹായം നല്‍കിയത് ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ചൈനയുടെ തിരിച്ചുവരവ് ഒരു പോസിറ്റീവ് സൂചനയാണ്. എന്നാല്‍ രാജ്യത്തെ വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വീണ്ടും കാലതാമസമെടുക്കും”, ജൂനിയാക് പറഞ്ഞു. വ്യോമയാന മേഖലയില്‍ മുമ്പും പ്രതിസന്ധി ഉണ്ടായെങ്കിലും നിലവിലെ സാഹചര്യം ആഗോള തലത്തിലുള്ള മെല്ലെപ്പോക്കിലേക്ക് നയിച്ചിരിക്കുന്നതിനാല്‍ മൂന്നോ നാലോ മാസത്തിനുള്ളില്‍ പോലും പഴയപടി തിരികെയെത്താനാകുമെന്ന കാര്യത്തില്‍ ആശങ്ക ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. 2021 ല്‍ വ്യോമയാന മേഖല തിരികെ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ജൂനിയാക് തിരിച്ചുവരവ് ഏറെ കഠിനമാണെന്നും ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ നാല് ലക്ഷത്തില്‍ പരം ആളുകളെ ബാധിച്ച കോവിഡ് 19,പതിനാറായിരത്തില്‍ പരം ആളുകളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു. രാജ്യത്തേക്ക് പുതിയ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാതിരിക്കാനും വ്യാപനം തടയാനും അതിര്‍ത്തികള്‍ അടച്ചും കര്‍ശന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയും ഓരോ ഭരണകൂടവും കിണഞ്ഞു പരിശ്രമിക്കുമ്പോഴും രോഗത്തിന്റെ വ്യാപ്തി തടയാനാകുന്നില്ല എന്നതാണ് വെല്ലുവിളി. മറ്റു രാജ്യങ്ങളില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വീസുകളാണ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ നിര്‍ത്തലാക്കിയത്. അതിനു മുമ്പ് യാത്രക്കാര്‍ കുറഞ്ഞതും യാത്ര റദ്ദാക്കലും മറ്റുമായി കമ്പനികള്‍ക്ക് നഷ്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.

Comments

comments

Categories: FK News