അമ്പതാം പിറന്നാളാഘോഷിച്ച് റേഞ്ച് റോവര്‍

അമ്പതാം പിറന്നാളാഘോഷിച്ച് റേഞ്ച് റോവര്‍

1970 ലാണ് ആഡംബര ഓഫ് റോഡര്‍ വിപണിയിലെത്തിയത്

ലണ്ടന്‍: റേഞ്ച് റോവര്‍ എസ് യുവിയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ വര്‍ഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. 1970 ലാണ് ആഡംബര ഓഫ് റോഡര്‍ വിപണിയിലെത്തിയത്. ആഘോഷപരിപാടികളുടെ ഭാഗമായി മഞ്ഞില്‍ തീര്‍ത്ത അമ്പതാം വാര്‍ഷിക ലോഗോ ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റി. ലാന്‍ഡ് റോവറിന്റെ സ്വീഡനിലെ ടെസ്റ്റ് ട്രാക്കിലാണ് മഞ്ഞില്‍ വിരിഞ്ഞ ലോഗോ സൃഷ്ടിച്ചത്.

മഞ്ഞില്‍ തീര്‍ത്ത ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികളിലൊന്നായി അമ്പതാം വാര്‍ഷിക ലോഗോ മാറി. ആര്‍ട്ടിക് മേഖലയില്‍ ഉള്‍പ്പെടുന്ന അര്‍ജെപ്ലോഗിലെ ഈ ടെസ്റ്റ് ട്രാക്കിലാണ് സാധാരണയായി ലാന്‍ഡ് റോവറിന്റെ പുതിയ വാഹനങ്ങള്‍ പരീക്ഷിക്കുന്നത്. തണുത്തുറഞ്ഞ് മഞ്ഞ് മൈതാനമായി മാറിയ തടാകത്തിന് മുകളിലാണ് സുവര്‍ണ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി വിസ്മയ ലോഗോ തീര്‍ത്തത്. 53,092 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ളതാണ് മഞ്ഞുലോഗോ. പ്രശസ്ത സ്‌നോ ആര്‍ട്ടിസ്റ്റ് സൈമണ്‍ ബെക്കാണ് എസ് യുവി ഡ്രൈവ് ചെയ്തുകൊണ്ട് മഞ്ഞില്‍ ലോഗോ രചന നടത്തിയത്. 260 മീറ്ററാണ് മഞ്ഞില്‍ വിരിഞ്ഞ ലോഗോയുടെ വ്യാസം.

ത്രീ ഡോര്‍ വാഹനമായിരുന്നു ആദ്യ റേഞ്ച് റോവര്‍. ഓരോ തവണയും റേഞ്ച് റോവറിന് ആഡംബരം കൂടിവരികയായിരുന്നു. റേഞ്ച് റോവര്‍ കൂടാതെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ ഇവോക്ക് എന്നീ മോഡലുകള്‍ നിലവില്‍ റേഞ്ച് റോവര്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. റേഞ്ച് റോവര്‍ എസ് യുവി ഇപ്പോള്‍ നാലാം തലമുറയില്‍ എത്തിനില്‍ക്കുകയാണ്. 2012 ലാണ് നാലാം തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ് യുവി നിര്‍മിച്ചുതുടങ്ങിയത്.

Comments

comments

Categories: Auto
Tags: range-rover