കോവിഡ്-19 ന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞ ProMED

കോവിഡ്-19 ന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞ ProMED

ദ്രുത മുന്നറിയിപ്പ് നല്‍കുന്നിടത്താണ് ഒരു ദുരന്തം ഒഴിവാക്കുന്നത്. അസാധാരണ രോംഗ തിരിച്ചറിഞ്ഞ നിമിഷം ദ്രുത മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ക്കു നല്‍കിയിരുന്നെങ്കില്‍ ഇന്ന് കോവിഡ്-19 എന്നറിയപ്പെടുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കുമായിരുന്നെന്നാണു പറയപ്പെടുന്നത്. കോവിഡ്-19 ന്റെ വരവ് പക്ഷേ, മുന്‍കൂട്ടി അറിഞ്ഞ പ്രോമെഡ് എന്നൊരു ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനമുണ്ട്. അവര്‍ കോവിഡ്-19 മാത്രമല്ല, സാര്‍സും, മെര്‍സും, എബോളയുടെയും വരവ് മുന്‍കൂട്ടി കണ്ടവരാണ്.

പ്രോമെഡ് എന്ന ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം ശ്രദ്ധയാകര്‍ഷിക്കുകയാണ്. സാര്‍സ്, മെര്‍സ്, എബോള, സിക തുടങ്ങിയ രോഗങ്ങളുടെ ആദ്യകാല വ്യാപനത്തെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു പ്രോമെഡ്. കൊറോണ വൈറസിനെ കുറിച്ചും പ്രോമെഡ് 2019 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പ്രാദേശിക മാധ്യമങ്ങള്‍, പ്രഫഷണല്‍ നെറ്റ്‌വര്‍ക്കുകള്‍, വിദഗ്ധര്‍ എന്നിവരെ ആശ്രയിച്ച്, ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികളെ തത്സമയം വരിക്കാരെ അറിയിക്കാന്‍ പ്രോമെഡിനു സാധിക്കുന്നു. പ്രോമെഡ് നെറ്റ്‌വര്‍ക്കില്‍ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആ റിപ്പോര്‍ട്ടിനെ നെറ്റ്‌വര്‍ക്കിലുള്ള വിദഗ്ധരായ മോഡറേറ്റര്‍മാര്‍ വിലയിരുത്തുകയും പിന്നീട് ആ റിപ്പോര്‍ട്ടിന് കമന്റ് നല്‍കുകയും ചെയ്യും. മുന്‍പ് എന്തെങ്കിലും റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള റഫറന്‍സും നല്‍കും. വര്‍ഷങ്ങളായി നിരവധി ചെറുതും വലുതുമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ഔട്ട്ലെറ്റുകളില്‍ ഒന്നാണ് പ്രോമെഡ്. 1996 ല്‍ ഫിലിപ്പൈന്‍സിലെ മനിലയില്‍ കോളറ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പ്രോമെഡായിരുന്നു. 1999 ല്‍ ബൊളീവിയയില്‍ യെല്ലോ ഫീവറും, 2003 ല്‍ സാര്‍സും, 2012 ല്‍ മെര്‍സും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പ്രോമെഡായിരുന്നു. ഒരു വിഷയത്തിലേക്ക്, അത് രോഗമാകട്ടെ, വൈറസാകട്ടെ, അതിലേക്ക് ആഗോളശ്രദ്ധ പതിയാന്‍ വേണ്ടിയാണ് പ്രോമെഡ് ശ്രമിക്കുന്നത്.

മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുന്ന വിധത്തില്‍ ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികളെയും വിഷവസ്തുക്കളെക്കുറിച്ചും അവ സൃഷ്ടിക്കുന്ന അസാധാരണ ആരോഗ്യ സംഭവങ്ങളെയും തിരിച്ചറിയുന്നതിനുള്ള ഇ-മെയ്ല്‍ പട്ടികയായിട്ടാണു പ്രോമെഡ് 1994-ല്‍ ആരംഭിച്ചത്. ഇന്ന് പ്രോമെഡ് അതിന്റെ വെബ്‌സൈറ്റ് വഴിയും ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വൈദ്യന്മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഈ ഇ-മെയ്ല്‍ പട്ടിക ദിവസവും ഉപയോഗിക്കുന്നു. വൈറോളജി, പരാസിറ്റോളജി, എപ്പിഡെമിയോളജി, എന്‍ടോമോളജി, വെറ്റിനറി, പ്ലാന്റ് ഡിസീസ് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങി വിവിധ മേഖലകളിലെ വിഷയവിദഗ്ദ്ധരുടെ ഒരു ആഗോള സംഘമാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. ആ റിപ്പോര്‍ട്ടിന്മേല്‍ കമ്മന്ററി അഥവാ നിരൂപണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇങ്ങനെ തയാറാക്കുന്ന റിപ്പോര്‍ട്ടുകളും നിരൂപണങ്ങളുമാണ് ഇ-മെയ്ല്‍ പട്ടികയിലുള്ളത്. പ്രോമെഡ് 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്നു, കൂടാതെ ലോകത്തെ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് 83,000 സബ്സ്‌ക്രൈബര്‍മാരുമുണ്ട്.

ഇനി ഒരു ഫ്‌ളാഷ്ബാക്കിലേക്ക്

2019 ഡിസംബര്‍ 30

ബ്രൂക്ക്‌ലിനിലെ കോബിള്‍ ഹില്ലിലുള്ള വീടിനോടു ചേര്‍ന്നുള്ള ഓഫീസിലിരുന്നു ജോലി ചെയ്യുകയായിരുന്നു ഫിസീഷ്യനും എപ്പിഡെമിയോളജിസ്റ്റുമായ മാര്‍ജോറി പൊള്ളാക്ക്. പെട്ടെന്ന് പൊള്ളാക്കിന്റെ ഇ-മെയ്‌ലില്‍നിന്നും ഒരു അലെര്‍ട്ട് ശബ്ദം വന്നു. ഇന്‍ബോക്‌സില്‍ പുതിയ മെയ്ല്‍ വന്നത് അറിയിക്കുന്നതായിരുന്നു ആ അലെര്‍ട്ട്.
പ്രോമെഡ് എന്ന ഇ-മെയ്ല്‍ പട്ടികയിലേക്കു പതിവായി കോണ്‍ട്രിബ്യൂട്ട് (contribute) ചെയ്യുന്ന ഒരു വ്യക്തിയില്‍നിന്നുള്ള ഒരു കുറിപ്പായിരുന്ന പൊള്ളാക്കിന്റെ ഇ-മെയ്‌ലില്‍ വന്നത്. പ്രോമെഡിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയാണു പൊള്ളാര്‍ഡ്. ചൈനയില്‍ പ്രചാരമുള്ളൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണു വെയ്‌ബോ. കുറച്ചുനാളുകളായി വെയ്‌ബോയില്‍ ശ്രദ്ധ നേടുന്ന ഒരു പുതിയ പോസ്റ്റിനെ കുറിച്ചു കൂടുതല്‍ അറിയണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ആ കോണ്‍ട്രിബ്യൂട്ടര്‍ പൊള്ളാക്കിന് ഇ-മെയ്ല്‍ അയച്ചത്. ചൈനയിലെ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മിറ്റി ന്യൂമോണിയ ചികിത്സയെ കുറിച്ച് അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റില്‍ സൂചിപ്പിച്ചത്. ന്യൂമോണിയ ബാധിക്കുന്നതിനുള്ള കാരണം അജ്ഞാതമാണെന്നും നോട്ടീസില്‍ കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത കൈവരിക്കാനായിരുന്നു പൊള്ളാര്‍ഡിനു കോണ്‍ട്രിബ്യൂട്ടര്‍ ഇ-മെയ്ല്‍ അയച്ചത്. ഇ-മെയ്ല്‍ ലഭിച്ചയുടനെ പൊള്ളാര്‍ഡ് അതിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. പ്രോമെഡ് നെറ്റ്‌വര്‍ക്കിലുള്ളവര്‍ക്ക് അലെര്‍ട്ട് നല്‍കി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മിറ്റിയുടെ നോട്ടീസിലുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു. അവയുടെ സത്യാവസ്ഥയെക്കുറിച്ചും പ്രോമെഡ് നെറ്റ്‌വര്‍ക്കിനു ബോധ്യപ്പെട്ടു. തുടര്‍ന്നു കൂടുതല്‍ വിശദാംശങ്ങള്‍ തയാറാക്കുകയും ചെയ്തു. ഡിസംബര്‍ 30ന് അര്‍ദ്ധരാത്രിയോടെ പ്രോമെഡ് തയാറാക്കിയ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

എന്താണ് പ്രോമെഡ് ?

പ്രോമെഡ് (ProMED) എന്നാല്‍ Program for Monitoring Emerging Diseases എന്നതിന്റെ ചുരുക്ക രൂപമാണ്. വൈറോളജിസ്റ്റും എന്‍ടോമോളജിസ്റ്റുമായ ജോണ്‍ പെയ്ന്‍ വുഡാലാണ് 1994 ല്‍ പ്രോമെഡ് സ്ഥാപിച്ചത്. സ്റ്റീഫന്‍ മോഴ്‌സ്, ബാര്‍ബറ ഹാച്ച് റോസെന്‍ബെര്‍ഗ് തുടങ്ങിയവരാണ് പ്രോമെഡിന്റെ സഹസ്ഥാപകര്‍. പ്രോമെഡ് സ്ഥാപിതമാകുമ്പോള്‍ 40 പേര്‍ മാത്രമുള്ളൊരു നെറ്റ്‌വര്‍ക്കായിരുന്നു. അതായത്, പ്രോമെഡുമായി സഹകരിച്ചതും അതിന് ആകെയുണ്ടായിരുന്ന വായനക്കാരും വെറും 40 പേരായിരുന്നെന്നു ചുരുക്കം. 1999 ല്‍ പ്രോമെഡ്, ലാഭരഹിത സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഇന്‍ഫെക്റ്റിയസ് ഡിസീസിന്റെ സംരക്ഷണയിലായി. ഇപ്പോള്‍ പ്രോമെഡിനു 83,000 ഇ-മെയ്ല്‍ വരിക്കാരുണ്ട്. ഇതിനു പുറമെ ഫേസ്ബുക്കിലും ട്വിറ്ററിലും അനേകം ഫോളോവേഴ്‌സുമുണ്ട്. കറസ്‌പോണ്ടന്റുമാര്‍, കോപ്പി എഡിറ്റര്‍മാര്‍, മോഡറേറ്റര്‍മാര്‍, എഡിറ്റര്‍മാര്‍ എന്നിങ്ങനെയായി പ്രോമെഡ് നെറ്റ്‌വര്‍ക്ക് 34 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു.

പ്രോമെഡിന്റെ തുടക്കം

പ്രോമെഡിന്റെ സ്ഥാപകനായ ജോണ്‍ പെയ്ന്‍ വുഡാല്‍ ബ്രിട്ടീഷ് വംശജനാണെങ്കിലും ചൈനയിലാണു ജനിച്ചത്. വുഡാലിന്റെ മാതാപിതാക്കള്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണു ചൈനയിലെത്തിയത്. രണ്ടാം ലോകമഹായുദ്ധാനന്തരം ആഗോളതലത്തില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് രംഗത്തുണ്ടായിരുന്ന സുപ്രധാന സംഘടനകള്‍ക്കു വേണ്ടി വുഡാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രധാന സംഘടനകളെന്നു പറയുമ്പോള്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുതല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷനും വരെയുണ്ട്.

വളരെയധികം സഞ്ചരിച്ച പശ്ചാത്തലം കാരണമാകാം, ആളുകളുടെയും, അവരുടെ ദൈനംദിന കാര്യങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വുഡാല്‍ ആവേശം കൊണ്ടിരുന്നു. ഗവണ്‍മെന്റുകളുടെ ഇടപെടലില്ലാതെ ആളുകള്‍ക്ക് ആ വിവരങ്ങള്‍ എത്തിക്കാനുള്ള ഇന്റര്‍നെറ്റിന്റെ ശക്തിയിലും വുഡാല്‍ വിശ്വസിച്ചു. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കുമായി ലഭ്യമാകുന്ന 1990-കളുടെ മധ്യത്തിലാണു പ്രോമെഡിനു വുഡാല്‍ തുടക്കമിട്ടതും.

Categories: Top Stories