നികുതികള്‍ അടയ്ക്കാന്‍ ജൂണ്‍ 30 വരെ സമയം

നികുതികള്‍ അടയ്ക്കാന്‍ ജൂണ്‍ 30 വരെ സമയം
  • 2018-19 ലെ ആദായ നികുതിയും മാര്‍ച്ച്-മേയ് കാലയളവിലെ ജിഎസ്ടിയും ജൂണ്‍ 30 നകം അടച്ചാല്‍ മതി
  • ആദായ നികുതി പിഴ 12 ല്‍ നിന്ന് 9 ശതമാനത്തിലേക്ക് കുറച്ചു; ആധാര്‍-പാന്‍ ലിങ്കിംഗും ജൂണ്‍ 30 വരെ
  • എല്ലാ എടിഎമ്മുകളുടെയും സേവനം സൗജന്യം; എസ്ബി എക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ഒഴിവാക്കി2019-20 ലെ കമ്പനി ബോര്‍ഡ് മീറ്റിംഗ് സംഘടിപ്പിച്ചില്ലെങ്കില്‍ കുറ്റകരമായി കാണില്ല

    -നിര്‍മല സീതാരാമന്‍, ധനമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ്-19 രോഗം പിടിമുറുക്കിയതോടെ ലോക്ക് ഡൗണിലേക്ക് നീങ്ങിയ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍. 2018-19 വര്‍ഷത്തേക്കുള്ള ആദായ നികുതി അടയ്ക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 ാം തിയതിയിലേക്ക് നീട്ടിയെന്ന് ധന മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. നികുതിദായകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം. ആദായ നികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്ക് ബാധകമായ പിഴയുടെ കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. 12 ല്‍ ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനത്തിലേക്കാണ് പിഴത്തുക കുറച്ചത്. നികുതി ദായകരുടെ രേഖകളും പരാതികളുമെല്ലാം ജൂണ്‍ 30 വരെ സമര്‍പ്പിക്കാനാവും. വിവിധ വിഭാഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പുതിയ കമ്പനികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള തിയതി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. കമ്പനിയുടെ ആദ്യ ബോര്‍ഡ് യോഗം സ്ഥാപിതമായി 30 ദിവസത്തിനകം ചേരണമെന്ന നിബന്ധനയും 60 ദിവസത്തേക്ക് ഇളവ് ചെയ്തു. കമ്പനി ഡയറക്റ്റര്‍ 182 ദിവസം രാജ്യത്തുണ്ടായില്ലെങ്കില്‍ കുറ്റകരമായി കണക്കാക്കുമെന്ന നിബന്ധനയും ഇളവുണ്ട്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 31 ആയിരുന്നതും ജൂണ്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്.

ജിഎസ്ടി ആശ്വാസം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതി അടയ്ക്കുന്നതിനുള്ള അവസാന തിയതിയും ജൂണ്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. എക്കൗണ്ട് വിഭാഗങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ജിഎസ്ടി കണക്കാക്കി അടയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. 5 കോടി രൂപവരെ വിറ്റുവരവുള്ള കമ്പനി/വ്യാപാരികള്‍ക്ക് ജിഎസ്ടി ഫയലിംഗ് വൈകിയാല്‍ പിഴയോ പലിശയോ അടയ്‌ക്കേണ്ടി വരില്ല. വലിയ കമ്പനികള്‍ വീഴ്ച വരുത്തിയാല്‍ കുറഞ്ഞ നിരക്കിലാകും പിഴ ഈടാക്കുക.

വിവാദം വേണ്ട

നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവാദ് സേ വിശ്വാസ് പദ്ധതിയുടെ പ്രവര്‍ത്തനവും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. നികുതി കണക്കുകളിലെ പിഴവുകള്‍ ചൂണ്ടിക്കാടി നേരിട്ട് ഹാജരാകാന്‍ ആയിരക്കണക്കിന് കമ്പനി മേധാവികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. കൊറോണ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇപ്പോള്‍ ഹാജരാവാനാവില്ലെന്ന മറുപടിയാണ് കമ്പനികള്‍ നല്‍കിയിരുന്നത്. പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ ഇനി 10% അധിക ചാര്‍ജ് നല്‍കേണ്ടതില്ല.

കയറ്റുമതി ഇറക്കുമതി

കയറ്റുമതി ഇറക്കുമതി ബിസിനസുകാര്‍ക്ക് ആശ്വാസം പകര്‍ന്ന്, കസ്റ്റംസ് അനുമതിയെ അവശ്യ സേവനത്തില്‍ പെടുത്തി. ജൂണ്‍ 30 വരെ ഈ വിഭാഗം പൂര്‍ണ സമയവും പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ വിശദമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും ധനമന്ത്രി സൂചിപ്പിച്ചു.

എടിഎം ഫ്രീ

പണലഭ്യത ഉറപ്പുവരുത്താന്‍ ഡെബിറ്റ് കാര്‍ഡിന്റെ യൂസേജ് ചാര്‍ജ് ഒഴിവാക്കി. മൂന്ന് മാസത്തേക്ക് ഏത് എടിഎമ്മുകളില്‍ നിന്നും എത് ഡെബിറ്റ് കാര്‍ഡുപയോഗിച്ചും പണം പിന്‍വലിക്കാം. സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധനയും പിന്‍വലിച്ചു. ഡിജിറ്റല്‍ പണമിടപാടുകളുടെ സേവന നിരക്കും കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.

Categories: FK News, Slider