എന്‍എംസി ഹെല്‍ത്തിന്റെ പുനഃസംഘടന മേധാവിയായി മാത്യു ജെ വില്‍ഡിനെ നിയമിച്ചു

എന്‍എംസി ഹെല്‍ത്തിന്റെ പുനഃസംഘടന മേധാവിയായി മാത്യു ജെ വില്‍ഡിനെ നിയമിച്ചു
  • പിഡബ്ല്യൂസിയിലെ മുന്‍ പാര്‍ട്ണറാണ്
  • കടബാധ്യത 6.6 ബില്യണ്‍ ഡോളറിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്

അബുദാബി: സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ മൂലം പ്രതിസന്ധിയിലായ യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് റീസ്‌ട്രെക്ചറിംഗ് ഓഫീസറായി പിഡബ്ല്യൂസിയിലെ മുന്‍ റീസ്‌ട്രെക്ചറിംഗ് പാര്‍ടണറായ മാത്യു ജെ വില്‍ഡിനെ നിയമിച്ചു. ദുബായ്‌വേള്‍ഡ്, ഡ്രൈഡോക്‌സ് വേള്‍ഡ്, കരീലിയണ്‍, അല്‍ ജബെര്‍ ഗ്രൂപ്പ്, ഒഡബ്ല്യൂ ബങ്കര്‍ അടക്കം നിരവധി പശ്ചിമേഷ്യന്‍ കമ്പനികളുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് വില്‍ഡ്. നിലവിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനായി പുതിയൊരു പദ്ധതി രൂപീകരിക്കുന്ന വേളയില്‍ വില്‍ഡിന്റെ അനുഭവജ്ഞാനവും പരിചയസമ്പത്തും എന്‍എംസിക്ക് നേട്ടമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ പുതിയതായി 1.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത കൂടി കണ്ടെത്തിയതോടെ കമ്പനിയുടെ മൊത്തം ബാധ്യത 6.6 ബില്യണ്‍ ഡോളറിലെത്തിയതായി ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. 360 മില്യണ്‍ ഡോളറിന്റെ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളും 400 മില്യണ്‍ ഡോളറിന്റെ സുകുകും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസം തുടക്കത്തില്‍ 5 ബില്യണ്‍ ഡോളര്‍ കടബാധ്യതയാണ് എന്‍എംസിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അതിനുശേഷം കമ്പനി ബോര്‍ഡിന്റെ അറിവോടെയുള്ള 0.3 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും പുതുതായി കണ്ടെത്തിയ 0.8 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും 0.4 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതകളും കണ്ടെത്തി.

വെളിപ്പെടുത്താത്ത ബാധ്യതകളുടെ യഥാര്‍ത്ഥ വലുപ്പം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നതായി കമ്പനി അറിയിച്ചു. ഇതിനായി അന്വേഷണ കമ്പനികളുമായും ഉപദേശകരുമായുള്ള സഹകരണം തുടരും. ഏത് സാഹചര്യത്തിലാണ് ഈ ബാധ്യതകള്‍ ഉണ്ടായതെന്നതടക്കം പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലൂടെ അല്ലാതെയും ചില ബാധ്യതകള്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നാണ് ബോര്‍ഡ് കരുതുന്നത്. അത്തരം ബാധ്യതകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതിനും അത്തരത്തില്‍ ഉണ്ടായ സാമ്പത്തികനഷ്ടം തിരിച്ചുപിടിക്കാനുമുള്ള വഴികള്‍ കണ്ടെത്തുന്നതിനും പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതായും കമ്പനി അറിയിച്ചു. മാത്രമല്ല, മൂന്നാം കക്ഷികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള എന്‍എംസിയുടെ പേരിലുള്ള ഏതാണ്ട് 50 മില്യണ്‍ ഡോളറിന്റെ ചെക്കുകള്‍ കണ്ടെത്തിയതായും ബോര്‍ഡ് വ്യക്തമാക്കി. സമീപകാലത്ത് മാത്രമാണ് ഈ ചെക്കുകളുടെ കാര്യം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടതെന്നും ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടക്കുകയാണെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശാരീരിക അവശതകള്‍ കാരണം അവധിയിലായിരുന്നു കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് ഷേണായി രാജി സമര്‍പ്പിച്ചതായും എന്‍എംസി വെളിപ്പെടുത്തി. നേരത്തെ അവധി നീട്ടാന്‍ കമ്പനി ഷേണായിയോട് ആവശ്യപ്പെട്ടിരുന്നു. ഫിനാന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് താത്കാലികമായി മറ്റൊരാളെ നിയമിക്കും. സാമ്പത്തിക പ്രക്രിയകളില്‍ പിഡബ്ല്യൂസിയുടെ സഹായം തുടരുമെന്നും എന്‍എംസി അറിയിച്ചു.

എന്‍എംസിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അമേരിക്കയിലെ ഓഹരി നിക്ഷേപ കമ്പനിയായ മഡ്ഡി വാട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് ശേഷം ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്ന എന്‍എംസി ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് എന്‍എംസി ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തിവെച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നൂറ് കമ്പനികള്‍ ഉള്‍പ്പെട്ട ലണ്ടനിലെ ബെഞ്ച്മാര്‍ക്ക് സൂചികയായ എഫ്ടിഎസ്ഇ 100ല്‍ നിന്നും തരംതാഴ്ത്തിയതും എന്‍എംസിക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസമാണ് എന്‍എംസി സ്ഥാപകനായ ബി ആര്‍ ഷെട്ടി കമ്പനി ബോര്‍ഡില്‍ നിന്നും രാജിവെച്ചത്. ഷെട്ടിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഷെട്ടിയുടെ ബി ആര്‍ വെന്‍ച്വേഴ്‌സിന് കീഴിലുള്ള മറ്റൊരു സ്ഥാപനമായ ഫിനെബ്ലറും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Comments

comments

Categories: Arabia