ലോക്ക് ഡൗണിനിടെ സംരംഭകര്‍ വായിക്കേണ്ട ഇ-ബുക്കുകള്‍

ലോക്ക് ഡൗണിനിടെ സംരംഭകര്‍ വായിക്കേണ്ട ഇ-ബുക്കുകള്‍

ജനജീവിതവും ബിസിനസുകളുമെല്ലാം താറുമാറാക്കിയാണ് കൊറോണക്കാലം വന്നിരിക്കുന്നത്. ലോകം മുഴുവന്‍ ലോക്ക് ഡൗണ്‍ അഥവാ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. കേരളത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഈ സമയത്ത് നവ സംരംഭകര്‍ വായിച്ചിരിക്കേണ്ട മൂന്ന് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്. ഈ മൂന്ന് പുസ്തകങ്ങളും വായിച്ചു തീരുമ്പോഴേക്കും നമ്മുടെ രാജ്യം കൊറോണയ്ക്ക് ഒരു വലിയ ഗുഡ്‌ബൈ അടിച്ചു വര്‍ധിത വീര്യത്തോടെ തിരിച്ചു വരും എന്ന് ഉറപ്പ്

ഈ സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ടും ഭാവി എന്ത് എന്ന് പലരും ആശങ്കപ്പെടുന്നതു കൊണ്ടും ചിന്തകള്‍ക്ക് ഊര്‍ജം പകരുക എന്നത് വളരെ പ്രധാനമാണ്. എടുത്ത പല തീരുമാനങ്ങളിലേക്കും സ്ട്രാറ്റജികളിലേക്കും തിരിഞ്ഞു നോക്കാനും പുതിയ തന്ത്രങ്ങള്‍ മെനയുവാനും പറ്റിയ സമയം. അതിന് ഏറ്റവും അഭികാമ്യം ബിസിനസ് സംബന്ധമായ ബുക്കുകള്‍ വായിക്കുക എന്നത് തന്നെ. ഓണ്‍ലൈന്‍ ഡെലിവറി തല്‍ക്കാലം കുറവായത് കൊണ്ട് സ്റ്റാര്‍ട്ടപ്രണേഴ്‌സിന് വായിക്കുവാന്‍ പറ്റിയ മൂന്ന് ബുക്കുകള്‍ താഴെ നല്‍കുന്നു. ഇ ബുക്ക് ആയതു കൊണ്ട് ലാപ്‌ടോപ്പ് അല്ലെങ്കില്‍ മൊബീലില്‍ തന്നെ വായിക്കുകയും ചെയ്യാം.

1. 50 Startup founders reveal why their startup failed

നമ്മുടെ തോല്‍വികളില്‍ നിന്ന് തന്നെ പാഠം പഠിക്കണം എന്ന് നിര്‍ബന്ധമുണ്ടോ? മറ്റുള്ളവര്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പറയുമ്പോള്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പരാജയം ഒഴിവാക്കാന്‍ പറ്റും എങ്കില്‍ അതല്ലേ നല്ലത്. ഇവിടെ പരാജയം അറിഞ്ഞ 50 സംരംഭകരാണ് അവരുടെ അനുഭവങ്ങള്‍ പറയുന്നത്. ചിലര്‍ പരാജയപ്പെട്ടത് സാമ്പത്തിക അടിത്തറ ഇല്ലാത്തത് കൊണ്ടാവാം, ചിലര്‍ മാര്‍ക്കറ്റിംഗ് പിഴവുകള്‍ കൊണ്ടാവാം, ചിലര്‍ മുന്‍പില്‍ ഉള്ള ഗര്‍ത്തങ്ങള്‍ കാണാത്തത് കൊണ്ടായിരിക്കാം. ഇങ്ങനെ പല പ്രശ്ങ്ങളാലും അടച്ചു പൂട്ടേണ്ടി വന്നവരുടെ കഥയാണ് ഇതില്‍. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഒരു വഴിത്തിരിവായിരിക്കും.

2. How to start a business you love and that you loves back

പല സംരംഭകരുടെയും അല്ലെങ്കില്‍ ഭാവി സംരംഭകരുടെയും പ്രശ്‌നം അവരുടെ കുടുംബ ബിസിനസിലേക്ക് നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെടുന്നു എന്നതാണ്. ഇഷ്ടമില്ലാത്ത വിവാഹത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് പോലെ തന്നെ മനോസംഘര്‍ഷം സൃഷ്ടിക്കുന്ന ഒന്നാണ് ഇഷ്ടമില്ലാത്ത വ്യാപാരം ചെയ്യുക എന്നത്. പതിയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ തന്നെ ‘ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കും’ എന്നത് പോലെ പ്രതീക്ഷിച്ച വിജയം നേടാന്‍ ഒരിക്കലും സാധ്യത ഉണ്ടാവില്ല. ഈ ബുക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ എങ്ങനെ ബിസിനസ് ആക്കി മാറ്റം എന്നും അതില്‍ നിന്നും വരുമാനം എങ്ങനെ ലഭിക്കും എന്നും വളരെ ദീര്‍ഘമായി തന്നെ വിശദീകരിക്കുന്നു. ഈ ബുക്കിലെ ഓരോ ചോദ്യങ്ങളും നമ്മെ സംബന്ധിച്ച് പ്രസക്തമാണ് എന്ന് മാത്രമല്ല ഓരോ ഭാഗം കഴിയുമ്പോഴും കൊടുത്തിരിക്കുന്ന വര്‍ക്ക് ബുക്ക് കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ സഹായിക്കുന്നു. വളരെ ചെറിയ ബുക്കാണെന്ന പരിമിതി ഉണ്ടെങ്കിലും പല പോയിന്റുകളും നമ്മെ ഇരുത്തി ചിന്തിപ്പിക്കും.

3. 100 days of growth

നൂറു കണക്കിന് യൂട്യൂബ് വിഡിയോകളും ബ്ലോഗുകളും തേടിപ്പിടിച്ച് കണ്ടും കേട്ടും വായിച്ചും വരുന്നതിന്റെ ഗുണം ലഭിക്കും ഈ ഒരു ബുക്കില്‍ നിന്നും. നൂറു കണക്കിന് സംരംഭകരുടെ വഴികാട്ടികളായി പ്രവര്‍ത്തിച്ചവര്‍ എഴുതിയ പുസ്തകം എന്ന നിലയില്‍ ഓരോ തന്ത്രങ്ങളും ഓരോ അനുഭവങ്ങളാണ് എന്ന് പറയാതെ വയ്യ. തീര്‍ച്ചയായും നവ സംരംഭകര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും ഇത്. വളരെ വ്യത്യസ്തമായ രീതിയില്‍ സ്ട്രാറ്റജിയെ കാണുന്നത് കൊണ്ടും അവര്‍ ഉദ്ദേശിക്കുന്നത് 5ത അല്ലെങ്കില്‍ 10ത വളര്‍ച്ച ആയതു കൊണ്ടും വളരെ ഉയരങ്ങള്‍ അതിവേഗം എത്തിപ്പിടിക്കണം എന്ന് കരുതുന്നവര്‍ക്ക് ഉള്ളതാണ് ഈ പുസ്തകം.

ഈ മൂന്ന് പുസ്തകങ്ങളും വായിച്ചു തീരുമ്പോഴേക്കും നമ്മുടെ രാജ്യം കൊറോണയ്ക്ക് ഒരു വലിയ ഗുഡ്‌ബൈ അടിച്ചു വര്‍ധിത വീര്യത്തോടെ തിരിച്ചു വരും എന്ന് ഉറപ്പ്. ഈ വൈറസ് കൊണ്ട് പൊതുജനങ്ങള്‍ ബിസിനസിനെയും അവരുടെ ഉപഭോഗ രീതികളെയും എങ്ങനെയെല്ലാം വ്യത്യസ്തമായി കാണാന്‍ തുടങ്ങും എന്നും അത് നിങ്ങളുടെ സംരംഭത്തില്‍ ഏത് വിധത്തിലുള്ള ചലങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരു അവലോകനം നടത്തി എഴുതി വെക്കാന്‍ ശ്രമിക്കുക. ഇത് ഉപകരിക്കും.

( കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +919497154400 /9495854409 )

Categories: FK Special, Slider