മാളുകള്‍ക്ക് പുറത്തുള്ള കറന്‍സി വിനിമയ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് എഫ്ഇആര്‍ജി

മാളുകള്‍ക്ക് പുറത്തുള്ള കറന്‍സി വിനിമയ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് എഫ്ഇആര്‍ജി

എടിഎമ്മുകള്‍ ഒഴികെ യുഎഇയിലെ മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും കറന്‍സി വിനിമയ സ്ഥാപനങ്ങളുടെയും ശാഖകള്‍ അടച്ചു

ദുബായ്: അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാത്തിടത്തോളം യുഎഇയിലെ കറന്‍സി വിനിമയ സ്ഥാപനങ്ങളുടെ മാളുകളില്‍ അല്ലാത്ത ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്ഇആര്‍ജി) വൈസ് ചെയര്‍മാന്‍ ഒസാമ അല്‍ റഹ്മ. കോവിഡ്-19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി എടിഎമ്മുകള്‍ ഒഴികെ മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും കറന്‍സി വിനിമയ സ്ഥാപനങ്ങളുടെയും ശാഖകള്‍ അടച്ചുപൂട്ടിയിരുന്നു.

ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ ആവശ്യമാണെന്ന് മനസിലാക്കുന്നതായും എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളെയും ഫാര്‍മസികളെയും പോലെ അവശ്യ സേവന വിഭാഗമായി കണക്കാക്കുന്നതിനാല്‍ തങ്ങള്‍ക്ക് സേവനം തുടരാമെന്നാണ് കരുതുന്നതെന്നും അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സിഇഒ കൂടിയായ അല്‍ റഹ്മ പറഞ്ഞു.യുഎഇയിലെ ആകെ വിനിമയ കേന്ദ്രങ്ങളില്‍ 70 ശതമാനവും എഫ്ഇആര്‍ജിയുടേതാണ്. നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച് എഫ്ഇആര്‍ജിയുടെ മാളുകള്‍ക്ക് പുറത്തുള്ള ശാഖകള്‍ തുറക്കുമെന്നും പണമയക്കല്‍, ശമ്പള വിതരണം തുടങ്ങിയ സേവനങ്ങള്‍ തുടരുമെന്നും റഹ്മ വ്യക്തമാക്കി.

വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സാമൂഹിക അകല നിബന്ധനകളും യാത്രാവിലക്കുകളും മറ്റ് ബിസിനസുകളെ പോലെ കറന്‍സി വിനിമയ കേന്ദ്രങ്ങളെയും ദോഷകരമായി ബാധിച്ചതായി റഹ്മ പറഞ്ഞു. പ്രധാനമായും ടൂറിസ്റ്റുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന യുഎഇയിലെ കറന്‍സി വിനിമയ കേന്ദ്രങ്ങളുടെ ബിസിനസില്‍ ഇതുവരെ 50 മുതല്‍ 60 ശതമാനം വരെ കുറവുണ്ടായതായും റഹ്മ വെളിപ്പെടുത്തി. ചില കറന്‍സി വിനിമയ സ്ഥാപനങ്ങളുടെ 20-40 ശതമാനം ബ്രാഞ്ചുകള്‍ മാളുകള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ ഫര്‍ദാന്റെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ രണ്ടാഴ്ചത്തെ അവധിയില്‍ നാട്ടിലേക്ക് അയക്കുമെന്നും റഹ്മ അറിയിച്ചു.

കൊറോണവൈറസ് വെല്ലുവിളികള്‍ക്ക് മുമ്പായി യുഎഇയിലെ പണമയക്കല്‍ സേവന കമ്പനികളെല്ലാം ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു. യുഎഇയില്‍ 900ത്തിലധികം ബ്രാഞ്ചുകളുള്ള വെസ്റ്റേണ്‍ യൂണിയന്‍ കഴിഞ്ഞ ഏപ്രിലില്‍ അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന്് മൊബീല്‍ ആപ്പ് അവതരിപ്പിക്കുകയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നവീകരിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Arabia