ഇത്രയും നിരുത്തരവാദപരമായി പെരുമാറരുത്

ഇത്രയും നിരുത്തരവാദപരമായി പെരുമാറരുത്

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. എന്നാല്‍ ഇപ്പോഴും നമ്മളില്‍ പലരും പെരുമാറുന്നത് തീര്‍ത്തും നിരുത്തരവാദപരമായാണ്

കേരളം മുഴുവന്‍ ലോക്ക് ഡൗണിലാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പൂര്‍ണ പ്രവര്‍ത്തനാനുമതി. ഇത്തരമൊരു സാഹചര്യത്തിലേക്ക് നാമെത്തിയിട്ടുപോലും പലരും പെരുമാറുന്നത് നിരുത്തരവാദപരമായാണ്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഇന്ത്യയില്‍ സംഭവിച്ചോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. കേസുകളുടെ എണ്ണത്തില്‍ ദിനംപ്രതിയുണ്ടാകുന്നതാകട്ടെ വലിയ വര്‍ധനയും. തമിഴ്‌നാട്ടില്‍ വിദേശത്ത് പോകാത്ത ആള്‍ക്ക് കൊറോണ വന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയാണോ എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നു.

ഈ സാഹചര്യത്തിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സമീപനമാണ് പലരില്‍ നിന്നുമുണ്ടാകുന്നത്. ഏതാനും പേരുടെ നിരുത്തരവാദപരമായ സമീപനം മാത്രം മതി ഒരു നാടിനെ ആകെ അപകടത്തിലാക്കാന്‍. നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞവര്‍ പുറത്തിറങ്ങി നടക്കുന്നതും നിരോധനാജ്ഞയ്ക്ക് പുല്ലുവില കല്‍പ്പിക്കുന്നതുമെല്ലാം ഒട്ടും ആശാസ്യകരമായ കാര്യമല്ല.

ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്ന സംഭവങ്ങളും ആശാ വര്‍ക്കര്‍മാരെ കൈയേറ്റം ചെയ്ത സംഭവങ്ങളുമെല്ലാം മലയാളിക്ക് വലിയ നാണക്കേടാണുണ്ടാക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നഗരങ്ങളില്‍ വാഹനങ്ങളുടെ തിരക്കിന് ശമനമൊന്നുമില്ലെന്നാണ് ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാസ് കൈവശമില്ലെങ്കില്‍ നടപടിയെടുക്കുമെന്നും പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.

കൊറോണ വ്യാപനം തടയാന്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ അടച്ചുപൂട്ടല്‍ തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ. ഇറ്റലിയിലും ചൈനയിലും ഇറാനിലുമൊന്നും ഇതുപോലെ മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിനാലാണ് വലിയ വിപത്തുണ്ടായത്. ഇതില്‍ നിന്നും ഒന്നും പഠിക്കാതെ തോന്നുംപോലെ കാര്യങ്ങള്‍ ചെയ്താല്‍ ഒരു നാടിന്റെ മുഴുവന്‍ നിലനില്‍പ്പ് തന്നെയാണ് അപകടത്തിലാകുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ തന്നിഷ്ടം കാണിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് ഈ വൈറസിന്റെ വ്യാപന വേഗതയാണ്. ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് വൈറസ് വ്യാപിച്ചത് 67 ദിവസം കൊണ്ടാണ്. എന്നാല്‍ ഇതുകൂടി കേള്‍ക്കൂ. അടുത്ത ഒരു ലക്ഷം പേരിലേക്ക് വൈറസിനെത്താന്‍ വേണ്ടി വന്നത് വെറും 11 ദിവസവും പിന്നീടുള്ള ഒരു ലക്ഷം പേരിലേക്ക് എത്തിയത് വെറും നാല് ദിവസവും കൊണ്ടാണ്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഈ കണക്കുകളില്‍ തട്ടിയെങ്കിലും നമ്മുടെ ബോധം ഉണരേണ്ടതാണ്.

അതേസമയം ലോക്ക് ഡൗണ്‍ നാളുകളിലും എല്ലാവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്നത് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും വിജയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വലിയ അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.

ഇതിനോടകം കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 17,000 കടന്നു. അതേസമയം ഇതുവരെ ഒരു ലക്ഷം പേര്‍ കോവിഡ് രോഗത്തില്‍ നിന്ന് മുക്തരായി എന്നത് പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ്. 4,00,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരണ സംഖ്യ 10 ആയി ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കൂട്ടായുള്ള പരിശ്രമങ്ങളിലൂടെ മാത്രമേ കൊറോണയെ തുടച്ചുനീക്കാന്‍ സാധിക്കൂ എന്ന ബോധ്യം എപ്പോഴുമുണ്ടാകണം.

Categories: Editorial, Slider