തിരിച്ചുവരവിന് കാലതാമസമെടുക്കും

തിരിച്ചുവരവിന് കാലതാമസമെടുക്കും

കൊറോണയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടേതടക്കം ആഗോള വിപണികളെല്ലാം. അനിയന്ത്രിതമായ ഇടിവിന് കാരണവും ഈ വൈറസിനെ ചൊല്ലിയുള്ള ആശങ്കകളാണ്. വരും ദിവസങ്ങളിലും സാമ്പത്തിക ആകുലതകളേക്കാള്‍ വൈറസിനെ തുരത്തുന്നതിലായിരിക്കും സര്‍ക്കാരടക്കം ശ്രദ്ധ ചെലുത്തുക. വിപണിയിലെ തിരിച്ചുവരവിനും സമയമെടുക്കും

ചരിത്രത്തിലെ ഏറ്റവും മോശം ദിനങ്ങളിലൂടെയാണ് വിപണി കടന്നു പോകുന്നത്. വെള്ളിയാഴ്ച അല്‍പ്പം ആരോഗ്യം വീണ്ടെടുക്കാനായെങ്കിലും പോയവാരം വിപണിക്ക് ക്ഷീണത്തിന്റേതു തന്നെയായിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ കനത്ത സമ്മര്‍ദ്ദവും ഇടിവും ദൃശ്യമായി. ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സിന് 4,187.52 പോയന്റുകള്‍ (12.28%) നഷ്ടപ്പെട്ട് 29,915.96 ല്‍ ക്ലോസ് ചെയ്യേണ്ടി വന്നു. ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും 1,209.75 പോയന്റുകള്‍ (12.08%) ഇടിഞ്ഞ് 8,745.45 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിശാല വിപണിയില്‍ ബിഎസ്ഇ100, ബിഎസ്ഇ200, ബിഎസ്ഇ500 എന്നിവ യഥാക്രമം 12.08, 12.02, 12.23 ശതമാനം വീതമാണ് ഇടിഞ്ഞത്.

കോവിഡ്-19 വ്യാപനത്തോടുള്ള ഭയാശങ്കകള്‍ മാത്രമാണ് ഈ വീഴ്ചയ്ക്ക് കാരണം. ലോകമാകെ പടര്‍ന്നു പിടിക്കുന്ന ഈ വൈറസ് 16,500 ല്‍ ഏറെ ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് പ്രകാരം ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിച്ചു. അതിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു.

മുന്നത്തെ ആഴ്ചയില്‍ വിപണിയെ വേണ്ടവിധം മനസിലാക്കാനാവാതെ പോയതിന് ഞാന്‍ നിങ്ങളോട് ഖേദം പ്രകടിപ്പിക്കട്ടെ. വിപണി അതിന്റെ നെല്ലിപ്പലകയിലേക്ക് താഴുന്നതും പിന്നീട് കുതിച്ചുയരുന്നതും പോയവാരം ദൃശ്യമായി. ഡൗ ജോണ്‍സടക്കം ആഗോള വിപണികളെല്ലാം അത്യധികം സമ്മര്‍ദ്ദത്തിലാണ്. ഡൗ 4,011.64 പോയന്റ് (17.30%) നഷ്ടപ്പെട്ട് 19,173.98 പോയന്റിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ രൂപയും കനത്ത സമ്മര്‍ദ്ദത്തിന് അടിപ്പെടുകയും 1.44 രൂപ (1.95%) നഷ്ടപ്പെട്ട് ഡോളറിനെതിരെ 75.18 എന്ന മൂല്യത്തിലേക്ക് താഴുകയും ചെയ്തു.

ബാങ്കിംഗ് മേഖലയിലും അസാധാരണമായ സമ്മര്‍ദ്ദം പ്രകടമായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരി മൂല്യം 364.05 രൂപ (45.28%) ഇടിഞ്ഞ് 439.95 ല്‍ എത്തി. ഐസിഐസിഐ ബാങ്ക് ഓഹരി മൂല്യം 22.74 ശതമാനവും എച്ച്ഡിഎഫ്‌സിയുടേത് 17.65 ശതമാനവും ഇടിഞ്ഞു. ബജാജ് ഫിനാന്‍സിന് 25.08 ശതമാനം മൂല്യശോഷമുണ്ടായി. അതേസമയം, ആര്‍ബിഐ മേല്‍നോട്ടത്തില്‍ തിരിച്ചുവരവ് നടത്തിയ യെസ് ബാങ്കിന്റെ ഓഹരി മൂല്യം 20.35 രൂപ (79.65%) മെച്ചപ്പെട്ട് 45.90 ല്‍ എത്തുന്നതും കാണാനായി.

ബാങ്കിംഗ്, ധനകാര്യ സേവന, ഇന്‍ഷുറന്‍സ് മേഖലകളിലെ (ബിഎഫ്എസ്‌ഐ) ഈ തകര്‍ച്ചക്ക് കാരണം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വന്‍ വിറ്റഴിക്കലാണ്. ഈ മേഖലകളിലെ ഭൂരിഭാഗം ഷെയറുകളും എഫ്പിഐകളുടെ കൈവശമായിരുന്നു. വില്‍പ്പനക്ക് വെച്ച ഷെയറുകള്‍ വാങ്ങാനും ആളുകള്‍ കുറയാവിരുന്നു. ഇത്തരത്തില്‍ വന്‍ വാങ്ങല്‍ നടത്താന്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ക്ക് പ്രാപ്തിയില്ല.

ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ട എസ്ബിഐ കാര്‍ഡ് ഓഹരികളും മൂക്കുകുത്തി. 16 ാം തിയതി 658 രൂപ മൂല്യവുമായി അവതരിച്ച ഓഹരികള്‍, യഥാര്‍ത്ഥ മൂല്യമായ 755 തൊട്ടത് വിരളമായി മാത്രം. കരിഞ്ചന്തയില്‍ ഈ ഓഹരികളുടെ മൂല്യം 370-380 നിലവാരത്തില്‍ വരെ പോയി. ആദ്യ ദിനം തന്നെ 9.51% മൂല്യമിടിവുണ്ടായി 683.20 ല്‍ എത്തിയ ഓഹരികള്‍ ആഴ്ചാവസാനമായപ്പോഴേക്കും നഷ്ടം 4.08% ആയി ചുരുക്കി 724.20 ല്‍ എത്തി മുഖം രക്ഷിച്ചു.

മാര്‍ച്ച് അവധിവ്യാപാരം നാളെ അവസാനിക്കും. നിലവില്‍ കരടിപ്പിടിയില്‍ തന്നെയാണ് വിപണി. കാളകള്‍ നേരിയ മുന്നേറ്റം നടത്തുമെങ്കിലും 24.82% വിടവ് കവച്ചുവെക്കുക അസാധ്യം തന്നെയാണ്.

ഉപഭോക്തൃ ശൃംഖല തടസപ്പെട്ടത് വലിയ ആശങ്ക പകരുന്ന വിഷയമാണെങ്കിലും അതിലുപരി നിലവിലെ സാഹചര്യത്തില്‍ കോവിഡ്-19 വ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നീ രണ്ട് കാര്യങ്ങളില്‍ മാത്രം ഊന്നിയാണ് ലോകം മുന്നോട്ടു പോകുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ ചെയ്തതെന്തൊക്കെയാണെന്നത് ലോകം ശ്രദ്ധിക്കണം. ഇപ്പോള്‍ കോവിഡ്-19 മുക്തമായ അവിടം അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ചങ്ങല പൊട്ടിക്കുന്നതില്‍ അവര്‍ വിജയം കണ്ടിരിക്കുന്നു.

വളരെ വിശാലമായ രാഷ്ട്രമായ ഇന്ത്യയില്‍ ആളുകളെ മുഴുവന്‍ ഐസൊലേറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമാണ്. എന്നാല്‍ ഗുരുതര സ്ഥിതിവിശേഷത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ജനതാ കര്‍ഫ്യൂ അവസരമൊരുക്കി. ഇത്തരം അനവധി ദിനങ്ങള്‍ ഒരുപക്ഷേ ഇനി വേണ്ടിവന്നേക്കാം. സ്‌പെയിനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും നാം പഠിക്കേണ്ട ഒരു പാഠം കൂടിയുണ്ട്. തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസത്തോടെ നടക്കരുതെന്നതാണ് അത്.

അതിവേഗം ഉരുകിയൊലിക്കുന്ന സ്ഥിതിയില്‍ നിന്നും വിപണികളില്‍ ആശ്വാസം പ്രതീക്ഷിക്കാം. എന്നാല്‍ വളരെ സാവധാനത്തിലായിരിക്കും തിരിച്ചുവരവ്. ഇരുവശത്തേക്കും മൂര്‍ച്ചയേറിയ കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടാകാം. കരുതലോടെ മാത്രം ഇടപെടുക, പണം കരുതിവെക്കുക.

(കെജ്‌രിവാള്‍ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് സ്ഥാപകനും വിപണി നിരീക്ഷകനുമാണ് ലേഖകന്‍)

Categories: FK Special
Tags: stock market