കൊക്ക കോള ഫാക്റ്ററിക്കെതിരെ കേസ്

കൊക്ക കോള ഫാക്റ്ററിക്കെതിരെ കേസ്

പ്രവര്‍ത്തനാനുമതി ഫാര്‍മസ്യൂട്ടിക്കല്‍, ചികില്‍സാ ഉപകരണങ്ങള്‍, സോപ്പ്, സാനിറ്റൈസര്‍ നിര്‍മാണ കമ്പനികള്‍ക്ക് മാത്രം

ഷിംല: ഹിമാചല്‍ പ്രദേശില്‍ ക്രിഷ് ഫ്‌ളെക്‌സിപാക്ക്‌സ് എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ള കൊക്ക കോളയുടെ ഫാക്റ്ററിക്കെതിരെ പോലീസ് കേസെടുത്തു. അവശ്യ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവ ഒഴികെയുള്ള ഉല്‍പ്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ലംഘിച്ചതിനാണ് നടപടി. ഹിമാചല്‍ പ്രദേശിലെ സോലാന്‍ ജില്ലയിലുള്ള നാലാഗഢ് നഗരത്തിലാണ് ഫാക്റ്ററി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് ഫാക്റ്ററി പ്രവര്‍ത്തന സജ്ജമായിരുന്നതായി കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ ഉത്തരവുകള്‍ പാലിക്കാതിരിക്കുന്നത് ശിക്ഷാകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 188 പ്രകാരമാണ് പ്രഫഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍, ചികില്‍സാ ഉപകരണങ്ങള്‍, സോപ്പ്, കൈകള്‍ ശുദ്ധീകരിക്കുന്നതിനുള്ള ലായിനികള്‍ എന്നിവ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് മാത്രമേ സോലാന്‍ ജില്ലാ അധികൃതരുടെ ഉത്തരവു പ്രകാരം പ്രവര്‍ത്തനാനുമതിയുള്ളൂ. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തനം തുടരുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി നിയമവും മറ്റ് അനുബന്ധ നിയമങ്ങള്‍ പ്രകാരവും കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യക്ക് സാധിക്കും: ഡബ്ല്യുഎച്ച്ഒ

ലോകത്തെ രണ്ട് വലിയ നിശബ്ദ കൊലയാളികളായ വസൂരിയെയും പോളിയോയെയും പിടിച്ചു കെട്ടാനുള്ള പോരാട്ടത്തില്‍ ലോകത്തെ നയിച്ച ഇന്ത്യക്ക് കോവിഡ്-19 നെയും നിയന്ത്രണത്തിലാക്കാനുള്ള കഴിവുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വസൂരിയെയും പോളിയോയെയും നേരിട്ടതിലൂടെ ലഭിച്ച അനുഭവ പരിചയം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്ന് ഡബ്ല്യൂഎച്ച്ഒ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ലോകത്തിന് ഇന്ത്യ വഴികാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News