ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 നിര്‍ത്തി

ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 നിര്‍ത്തി

ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ അടിസ്ഥാനമാക്കിയാണ് രണ്ട് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ നിര്‍മിച്ചത്

ന്യൂഡെല്‍ഹി: ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 എന്നീ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തി. വെബ്‌സൈറ്റില്‍നിന്ന് രണ്ട് മോഡലുകളും നീക്കം ചെയ്തു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് രണ്ട് ബൈക്കുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 1950 കളിലെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് നിര്‍മിച്ചവയായിരുന്നു ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 എന്നിവ. ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ അടിസ്ഥാനമാക്കിയാണ് രണ്ട് സ്‌ക്രാംബ്ലര്‍ ബൈക്കുകളും നിര്‍മിച്ചത്.

രണ്ട് ട്രയല്‍സ് ബൈക്കുകളും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ വിജയം നേടാന്‍ സാധിച്ചില്ല. ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 ബൈക്കുകള്‍ ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് വിവിധ ഡീലര്‍മാര്‍ വ്യക്തമാക്കി. ബിഎസ് 4 പാലിച്ചുകൊണ്ടിരിക്കേ ട്രയല്‍സ് ഇരട്ടകള്‍ വിപണി വിടുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. ബുള്ളറ്റ് ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന് 1.62 ലക്ഷം രൂപയും ബുള്ളറ്റ് ട്രയല്‍സ് 500 മോഡലിന് 2.07 ലക്ഷം രൂപയുമായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബുള്ളറ്റ് 350 ഉപയോഗിക്കുന്ന അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബുള്ളറ്റ് ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന് കരുത്തേകിയിരുന്നത്. ഈ മോട്ടോര്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചു. 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളിന് കരുത്തേകിയ അതേ 499 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബുള്ളറ്റ് ട്രയല്‍സ് 500 ഉപയോഗിച്ചത്. ഈ മോട്ടോര്‍ 26.1 ബിഎച്ച്പി കരുത്തും 40.9 എന്‍എം ടോര്‍ക്കും പുറപ്പെടുവിച്ചു. കാര്‍ബുറേറ്റഡ് എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചത്.

അതേസമയം, വിവിധ ഡീലര്‍ഷിപ്പുകളിലെ മുഴുവന്‍ ബിഎസ് 4 ബൈക്കുകളും വിറ്റുതീര്‍ന്നതായി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 21 മുതല്‍ രാജ്യത്തെ എല്ലാ ഡീലര്‍മാരും ബിഎസ് 6 ബൈക്കുകള്‍ മാത്രമാണ് വില്‍ക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Comments

comments

Categories: Auto