എണ്ണവില പ്രവചനം വെട്ടിക്കുറച്ച് ബാര്‍ക്ലേയ്‌സ്

എണ്ണവില പ്രവചനം വെട്ടിക്കുറച്ച് ബാര്‍ക്ലേയ്‌സ്

ബ്രെന്റ് ക്രൂഡ്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എന്നിവയുടെ പ്രതീക്ഷിത വില, ബാരലിന് 12 ഡോളര്‍ വീതമാണ് താഴ്ത്തിയത്

ലണ്ടന്‍: കൊറോണ വൈറസ് ബാധയുടെയും സൗദി അറേബ്യ-റഷ്യ എണ്ണ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സമാനതയില്ലാത്ത പ്രതിസന്ധിയിലാണ് പെട്രോളിയം വ്യവസായമെന്ന് അന്താരാഷ്ട്ര ബാങ്കും ധനകാര്യ സേവന സ്ഥാപനവുമായ ബാര്‍ക്ലേയ്‌സ്. 2020 വര്‍ഷത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ പ്രതീക്ഷിത വില ഗണ്യമായി കുറച്ചിരിക്കുകയാണ് ബാര്‍ക്ലേയ്‌സ്. ബ്രെന്റ് ക്രൂഡ്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എന്നീ മുഖ്യ ക്രൂഡ് വകഭേദങ്ങളുടെ പ്രതീക്ഷിത വില, ബാരലിന് 12 ഡോളര്‍ വീതമാണ് ബാങ്ക് താഴ്ത്തിയിരിക്കുന്നത്. ഇതോടെ ബ്രെന്റിന്റെ വില പ്രതി ബാരലിന് 31 ഡോളറും, വെസ്റ്റ് ടെക്‌സസിന്റേത് 28 ഡോളറുമാകുമെന്ന് ബാര്‍ക്ലേയ്‌സ് വിലയിരുത്തുന്നു. വിപണി സാഹചര്യം ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ സൗദി അറേബ്യയും റഷ്യയും പോലും ആഘാതത്തില്‍ നിന്ന് സുരക്ഷിതരായിരിക്കില്ലെന്നും ബാങ്ക് നിരീക്ഷിക്കുന്നു.

യുഎസ് സര്‍ക്കാരിന്റെ തന്ത്രപരമായ എണ്ണ ശേഖരത്തിലേക്കുള്ള (എസ്പിആര്‍) വാങ്ങല്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് അവിടത്തെ ഉല്‍പ്പാദകര്‍ക്ക് ആശ്വാസം നല്‍കാന്‍ പോന്നതല്ലെന്നും ബാങ്ക് പറയുന്നു. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും റഷ്യയും ചേര്‍ന്നുള്ള ഒപെക് പ്ലസ് സഖ്യം തകരുകയും കോവിഡ്-19 രോഗബാധമൂലം ആഗോള ഉപഭോഗം കുറയുകയും ചെയ്തതിനാല്‍ അനേകം ബാങ്കുകള്‍ ഇതിനോടകം എണ്ണ വില പ്രവചന നിരക്കുകള്‍ താഴ്ത്തിയിട്ടുണ്ട്.

Categories: FK News, Slider