ട്രെയിനുകള്‍ ഹോസ്പിറ്റലുകളാക്കി മാറ്റാമെന്ന് അസറ്റ് ഹോംസ്

ട്രെയിനുകള്‍ ഹോസ്പിറ്റലുകളാക്കി മാറ്റാമെന്ന് അസറ്റ് ഹോംസ്

ഓരോ റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകള്‍ വിന്യസിച്ച് ദിവസം രണ്ടായിരം പേര്‍ക്ക് സേവനമെത്തിക്കാമെന്നാണ് നിര്‍ദേശം

കൊച്ചി: കൊവിഡ് 19 സമൂഹവ്യാപനത്തിലൂടെ ഇന്ത്യയില്‍ പടര്‍ന്നു പിടിയ്ക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം തന്നെ ഒരു കോടിയിലേറെ ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാക്കാനുള്ള ആശയവുമായി അസറ്റ് ഹോംസ്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേ കോച്ചുകള്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഐസൊലേഷന്‍ ബെഡുകളും ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അധികൃതര്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന ആശയത്തില്‍ അസറ്റ് ഹോംസ് ഉന്നയിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു.

ശരാശരി 23-30 കോച്ചുകളുള്ള 12,617 ട്രെയിനുകള്‍ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവ ഹോസ്പിറ്റലുകളാക്കി മാറ്റാന്‍ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്റ്റോര്‍, ചുരുങ്ങിയത് ആയിരം ബെഡ്, ഒരു ഐസിയു, പാന്‍ട്രി എന്നിവ ഇങ്ങനെ ഒരുക്കാം. ടോയ്ലറ്റ് സൗകര്യമാകട്ടെ അവയില്‍ നേരത്തെ തന്നെ ഉണ്ടുതാനും. ഇന്ത്യയിലെമ്പാടുമായുള്ള 7500-ലേറെ വരുന്ന വലുതും ചെറുതുമായ റെയില്‍വേ സ്റ്റേഷനുകള്‍ വഴി ഈ സേവനത്തിലേയ്ക്കുള്ള പ്രവേശനം നല്‍കാമെന്നും രാജ്യത്തെ ഒരു കോടി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വെ ശൃംഖല മുഴുവന്‍ ഈ സേവനം ലഭ്യമാക്കാമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു. രോഗബാധയുള്ള സ്ഥലങ്ങളിലേയ്ക്ക് പെട്ടെന്നു തന്നെ ഈ കോച്ചുകള്‍ എത്തിക്കാന്‍ കഴിയും. ഓരോ റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകള്‍ വിന്യസിച്ച് ദിവസം രണ്ടായിരം പേര്‍ക്ക് സേവനമെത്തിക്കാമെന്നാണ് നിര്‍ദേശം.

ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി വിവിധ രീതിയില്‍ സഹകരിക്കാനുള്ള സന്നദ്ധതയും അസറ്റ് ഹോംസ് അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

133 കോടിയ്ക്കടുത്ത് ജനസംഖ്യയുള്ള ഇന്ത്യയില്‍ 10% പേര്‍ക്ക് പോലും രോഗം പിടിപെട്ടാല്‍ 10 കോടി കിടയ്ക്ക ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 0.7 കിടയ്ക്ക മാത്രമേ ഉള്ളെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആയിരം പേര്‍ക്ക് 2 കിടയ്ക്ക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇത് 3 എണ്ണമെങ്കിലുമാക്കണമെന്ന് ലോകാരോഗ്യ സംഘടനയും നിര്‍ദേശിക്കുന്നു.

Comments

comments

Categories: FK News
Tags: asset homes