അവശ്യസാധന വിതരണം ഉറപ്പുവരുത്തി ആമസോണ്‍

അവശ്യസാധന വിതരണം ഉറപ്പുവരുത്തി ആമസോണ്‍
  • പ്രാധാന്യം കുറഞ്ഞ ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നില്ല
  •  ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ പരിരക്ഷ, ഹൈജീന്‍, വ്യക്തി സുരക്ഷ വിഭാഗങ്ങളിലെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന

മുംബൈ: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ അവശ്യ സാധന വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത്ര മുന്‍ഗണന ആവശ്യമില്ലാത്തെ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ ഏറ്റെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവശ്യ സാധനങ്ങളായ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പുതിയ മാറ്റം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായെന്നും മുന്‍ഗണന അനുസരിച്ചുള്ള തരംതിരിവില്‍ പ്രാധാന്യം കുറവുള്ള ഓര്‍ഡറുകള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ കാലതാമസമുണ്ടാകുമെന്നും ആമസോണ്‍ അറിയിച്ചു. നിലവില്‍ പ്രാധാന്യം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അവ റദ്ദാക്കുന്നതിനുള്ള സൗകര്യം നല്‍കുന്നുണ്ട്. കൂടാതെ പണം നല്‍കി ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്കായി റീഫണ്ടിംഗും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. പ്രാധാന്യം ഉയര്‍ന്ന അവശ്യവസ്തുക്കളിലുള്ള ഓര്‍ഡര്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനൊപ്പം വിതരണ, പായ്്ക്കിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. പായ്ക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ പരിരക്ഷ, ഹൈജീന്‍, വ്യക്തി സുരക്ഷ എന്നീ വിഭാഗത്തിലെ അവശ്യസാധനങ്ങളുടെ വിതരണത്തിനാണ് മുന്‍ഗണന.

കമ്പനിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരുടെ ബിസിനസിന് ആഘാതം ചെലുത്തുന്ന തീരുമാണിതെങ്കിലും നിലവിലെ സാഹചര്യത്തില്‍ മറ്റു വഴികളില്ലെന്നും തീരുമാനത്തോട് ചെറുകിട കച്ചവടക്കാര്‍ സഹകരിക്കണമെന്നും ആമസോണ്‍ ബ്ലോഗ് വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രമുഖ നഗരങ്ങളിലെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ആമസോണിനും മില്‍ക്ക്ബാസ്‌ക്കറ്റിനും കഴിഞ്ഞ ദിവസം ബുദ്ധിമുട്ടുണ്ടായരുന്നു.

Comments

comments

Categories: FK News
Tags: Amazon, Covid