യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി

ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

ദുബായ്: റീറ്റെയ്ല്‍ സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനുള്ള പുതിയ നടപടികളുമായി യുഎഇ ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും. സഹകരണ സൊസൈറ്റികളും പലചരക്ക് കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഉള്‍പ്പടെ അവശ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യത്തെ എല്ലാ റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മീറ്ററിന്റെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി റീറ്റെയ്ല്‍ കേന്ദ്രങ്ങളുടെ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി 30 ശതമാനമാക്കി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.കോവിഡ്-19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചിട്ടുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ യുഎഇ ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും ആവശ്യപ്പെട്ടു. റീറ്റെയ്ല്‍ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഫാര്‍മസികളും സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും തുറസ്സായ മത്സ്യ-മാംസ, പച്ചക്കറി മാര്‍ക്കറ്റുകളും യുഎഇയില്‍ അടച്ചിട്ടിരിക്കുകയാണ്.

മജീദ് അല്‍ ഫുട്ടൈം ആയിരം ജീവനക്കാരെ കാരിഫോറിലേക്ക് പുനര്‍വിന്യസിച്ചു

യുഎഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മജീദ് അല്‍ ഫുട്ടൈം കമ്പനിയുടെ ഉല്ലാസ, വിനോദ, സിനിമ വിഭാഗങ്ങളിലുള്ള ആയിരത്തോളം ജീവനക്കാരെ കമ്പനിക്ക് കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരിഫോറില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കാരിഫോറിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബിസിനസുകള്‍ക്ക് ഡിമാന്‍ഡ് കൂടിയ സാഹചര്യത്തിലാണ് ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള തീരുമാനം.

യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഒമാന്‍, ലെബനന്‍ എന്നിവിടങ്ങളിലുള്ള മജീദ് അല്‍ ഫുട്ടെമിന്റെ വോക്‌സ് സിനിമാസ്, മാജിക് പ്ലാനറ്റ്, ലിറ്റില്‍ എക്‌സ്‌പ്ലോറേഴ്‌സ്, സ്‌കൈ ദുബായ് എന്നീ സ്ഥാപനങ്ങളിലെ 1,015 ജീവനക്കാര്‍ക്കാണ് കാരിഫോറില്‍ പുതിയായി നിയമനം ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡാര്‍ക് സ്റ്റോറുകളിലും ഫുള്‍ഫില്‍മെന്റ്, വിതരണ കേന്ദ്രങ്ങളിലുമായിട്ടാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനായി കാരിഫോര്‍ സ്‌റ്റോറുകളില്‍ ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കാരിഫോര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മാത്രമല്ല, നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുള്ളതായി കാരിഫോര്‍ വ്യക്തമാക്കി. കാരിഫോറിന്റെ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ 300 ശതമാനത്തോളം വര്‍ധന ഉണ്ടായതായി മജീദ് അല്‍ ഫുട്ടൈം റീറ്റെയ്ല്‍ വിഭാഗം സിഇഒ ഹനി വീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ഡെലിവറിക്കുള്ള വര്‍ധിച്ച ഡിമാന്‍ഡ് കണക്കിലെടുത്ത് കാരിഫോറിന്റെ ഭൂരിഭാഗം സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മിനി-ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

Comments

comments

Categories: Arabia