1,891 വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു

1,891 വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) സാങ്കേതികവിദ്യയില്‍ തകരാറ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 1,891 വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) സാങ്കേതികവിദ്യയില്‍ തകരാറ് സംശയിക്കുന്നതിനെ തുടര്‍ന്നാണ് തിരിച്ചുവിളി. എക്‌സ് സി 40, എക്‌സ് സി 60, എക്‌സ് സി 90, വി 90 ക്രോസ് കണ്‍ട്രി, എസ് 90 എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്. എല്ലാം 2019, 2020 മോഡല്‍ വര്‍ഷങ്ങളിലെ കാറുകളാണ്. ആഗോളതലത്തില്‍ 7.5 ലക്ഷത്തോളം കാറുകള്‍ വോള്‍വോ തിരിച്ചുവിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ തിരിച്ചുവിളി.

കാറിന് മുന്നിലെ തടസ്സങ്ങളെയും മോട്ടോറിസ്റ്റുകളെയും മനസ്സിലാക്കുന്നതിന് എഇബി സംവിധാനത്തിന്റെ ഭാഗമായി അകത്തെ റിയര്‍ വ്യൂ കണ്ണാടിയില്‍ സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്. കാല്‍നടയാത്രക്കാരെയും സൈക്ലിസ്റ്റുകളെയും തിരിച്ചറിയുന്നതിന് പ്രത്യേക സോഫ്റ്റ് വെയര്‍ വേറെയുമുണ്ട്. കൂട്ടിയിടി ഒഴിവാക്കുന്നതിന് ഡ്രൈവര്‍ക്കുമുന്നേ ബ്രേക്കുകള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. തകരാറ് സംശയിക്കുന്ന കാറുകളില്‍ മുന്നിലെ പ്രതിബന്ധങ്ങളെ എഇബി തിരിച്ചറിഞ്ഞ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സൂചന നല്‍കുമെങ്കിലും കൂട്ടിയിടി ഒഴിവാക്കുന്നതിന് ബ്രേക്കുകള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കില്ല.

നിശ്ചിത താപനിലകളില്‍ സോഫ്റ്റ് വെയര്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാത്തതാണ് കാരണം. പ്രതിവിധിയായി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. തിരിച്ചുവിളിച്ച കാറുകളുടെ ഉടമകളുമായി വോള്‍വോ കാര്‍സ് ഇന്ത്യ ബന്ധപ്പെട്ടുവരികയാണ്. തിരിച്ചുവിളിച്ച കാറുകള്‍ തല്‍ക്കാലം ഉപയോഗിക്കാമെങ്കിലും എഇബി സംവിധാനം പ്രവര്‍ത്തിക്കില്ലെന്ന് എപ്പോഴും ഓര്‍മ വേണം.

ലോകത്ത് ഏറ്റവുമധികം സുരക്ഷയേകുന്നതാണ് വോള്‍വോ കാറുകള്‍. മുഴുവന്‍ മോഡലുകളിലും നിരവധി സുരക്ഷാ ഫീച്ചറുകളാണ് കമ്പനി സ്റ്റാന്‍ഡേഡായി നല്‍കുന്നത്. എന്നാല്‍ ഇത്തവണ സ്വീഡിഷ് കാര്‍ നിര്‍മാതാക്കള്‍ക്ക് ആഗോളതലത്തില്‍ വലിയ തിരിച്ചുവിളി നടത്തേണ്ടിവന്നു.

Comments

comments

Categories: Auto