അവശ്യസാധനങ്ങളുടെ വിതരണം ദീര്‍ഘകാലത്തേക്ക് തടസപ്പെടില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം

അവശ്യസാധനങ്ങളുടെ വിതരണം ദീര്‍ഘകാലത്തേക്ക് തടസപ്പെടില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം
  • വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്
  • രാജ്യത്തെ സംഭരണ കേന്ദ്രങ്ങളെല്ലാം നിറഞ്ഞ അവസ്ഥയില്‍
  • വിലക്കയറ്റം നിയന്ത്രിക്കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ദൈനംദിന പരിശോധനകള്‍ നടത്തും

റിയാദ്: ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം ദീര്‍ഘകാലം തടസപ്പെടിലെന്ന് സൗദി അറേബ്യ. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരുമെന്ന കിംവദന്തികള്‍ തള്ളിയാണ് ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പ്. അവശ്യവസ്തുക്കള്‍ വന്‍തോതില്‍ സംഭരിക്കപ്പെട്ടിട്ടുണ്ടെന്നും കൊറോണ വൈറസില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ദശലക്ഷക്കണക്കിന് മാസ്‌കുകളും ശുചീകരണ ഉല്‍പ്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കുന്നുണ്ടെന്നും സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

അരി, ധാന്യപ്പൊടികള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വന്‍തോതിലുള്ള ശേഖരം രാജ്യത്തുണ്ട്. ദീര്‍ഘകാലത്തേക്ക് ജനങ്ങളുടെ ആവശ്യം നിറവേറാന്‍ ഇവ പര്യാപ്തമാണെന്നും കിംവദന്തികളില്‍ രാജ്യത്തെ പൗരന്മാര്‍ പരിഭ്രാന്തരാകരുതെന്നും വാണിജ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഓരോ മാസവും ദശലക്ഷക്കണക്കിന് മാസ്‌കുകളും ശുചീകരണ ഉല്‍പ്പന്നങ്ങളും രാജ്യത്ത് നിര്‍മിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. മാത്രമല്ല, നൂതന വില-പരിശോധന സാങ്കേതികവിദ്യയുമായി മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങളും കടകളിലും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലും ദൈനംദിനപരിശോധന നടത്തുന്നുണ്ട്. ഭക്ഷണസാധനങ്ങളും മറ്റ് പ്രധാന ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് തടയുക എന്നതാണ് ഇവരുടെ ലക്ഷ്യം. സാധനങ്ങള്‍ക്ക് അന്യായമായി വില കൂട്ടുകയോ വിതരണ ശൃംഖലയെ തടസപ്പെടുത്താനോ കുത്തകവല്‍ക്കരിക്കാനോ ശ്രമിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും കഠിന ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്‍ പിഴ, സ്ഥാപനം അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദ് ചെയ്യല്‍, പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യല്‍ അടക്കമുള്ള ശിക്ഷാനടപടികളാണ് ഉത്തരവുകള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്.

സൗദി അറേബ്യയിലെ ഹെപ്പര്‍മാര്‍ക്കറ്റുകളെല്ലാം തന്നെ മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. കടകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കാനും കൈയുറകള്‍ ഉപയോഗിക്കാനും കടക്കാര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ചില ആളുകള്‍ അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതൊഴിച്ചാല്‍ രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളും മറ്റ് അവശ്യ സാധന വിതരണ സ്ഥാപനങ്ങളും സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും ഇല്ലെന്ന് സൗദി അറേബ്യയിലെ വന്‍കിട ധാന്യ വ്യാപാരികളില്‍ ഒരാളായ മുഹമ്മദ് അല്‍ ഒസൈമി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്നും സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില വ്യാപാരികള്‍ ഡിമാന്‍ഡ് വര്‍ധന മുതലെടുത്ത് അനിയന്ത്രിതമായി സാധനങ്ങള്‍ക്ക് വില കൂട്ടുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില സാധനങ്ങള്‍ തീര്‍ന്നുപോകുമെന്നുള്ള വ്യാജവാര്‍ത്തകളില്‍ കബളിക്കപ്പെടരുത്, രാജ്യത്തെ സംഭരണശാലകളെല്ലാം നിറഞ്ഞിരിക്കുകയാണ്, ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തി എന്ന നിലയില്‍ ആശങ്കപ്പെടേണ്ടതൊന്നുമില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും അഭിമുഖത്തില്‍ ഇദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഭക്ഷ്യ വിതരണവും മരുന്ന് വിതരണവും തടസപ്പെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സാധനങ്ങളുടെ ലഭ്യതയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരുന്നതിനായി പാലുല്‍പ്പന്നങ്ങളും പലഹാരങ്ങളും മാസ്‌കുകളും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളുടെ നിരവധി വീഡിയോകള്‍ വാണിജ്യ മന്ത്രാലയം ട്വിറ്റര്‍ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. സാഹചര്യം മുതലെടുത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിലയെ സ്വാധീനിക്കുകയും ചെയ്യുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വാണിജ്യമന്ത്രി ഡോ.മജീദ് അല്‍ ഖസബി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് പാലുല്‍പ്പന്നങ്ങളുടെ വിതരണവും വിലയും സാധാരണത്തേത് പോലെ തുടരുമെന്ന് ക്ഷീര ഉല്‍പ്പാദകര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിപണികളില്‍ ഉല്‍പ്പന്നങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി ദിവസവും പരിശോധനകള്‍ നടത്തുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് അനുസരിച്ച് വേണ്ടിവന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഉല്‍പ്പാദനം, നിര്‍മാണം, വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.

Comments

comments

Categories: Arabia

Related Articles