സ്വകാര്യ മേഖലയെയും ഭാഗമാക്കണം

സ്വകാര്യ മേഖലയെയും ഭാഗമാക്കണം

കോവിഡിനെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. സ്വകാര്യ മേഖലയെയും ഇതില്‍ സജീവമായി പങ്കാളിയാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അത് കരുത്ത് പകരും

കോവിഡ് 19 ഭീതി ലോകത്ത് രൂക്ഷമാകുകയാണ്. ലോകത്താകമാനം 3,39,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണ സംഖ്യ 15,000 ത്തിന് അടുത്തായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം മരണസംഖ്യ 14,700 ആണ്. പല രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് പോകുകയാണ്. ഇത്തവണ ഒളിംപിക്‌സിലേക്ക് ടീമിനെ അയക്കില്ലെന്ന് കാനഡ വ്യക്തമാക്കികഴിഞ്ഞു. ഒളിംപിക്‌സ് മാറ്റിവെക്കാനുള്ള സാധ്യതകളെ കുറിച്ച് ആതിഥേയ രാജ്യമായ ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെയും സംസാരിക്കുന്നുണ്ട്. അമേരിക്കയില്‍ ഇതിനോടകം മരിച്ചവരുടെ എണ്ണം 400 കടന്നു. ചുരുക്കി പറഞ്ഞാല്‍ സമാനതകളില്ലാത്ത സാഹചര്യത്തെയാണ് ലോകം അഭിമുഖീകരിക്കുന്നത്.

ഇന്ത്യയും കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വലിയ വിജയമായത് ശുഭപ്രതീക്ഷ നല്‍കുന്നു. സാമൂഹ്യമായി അകലം പാലിച്ച് കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യം വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും നിരുത്തരവാദപരമായ സമീപനം പലരും സ്വീകരിക്കുന്നുണ്ടെന്നത് മറക്കുന്നില്ല. എങ്കിലും പൊതുവേ അവബോധം കൂടുന്നതായി കാണാം.

നിരവധി നഗരങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയിക്കൊണ്ടിരിക്കയാണ്. കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്നത് ആശ്വാസകരമാണ്. ഒരു സമഗ്ര അടച്ചുപൂട്ടലിന് ജനം തയാറായിട്ടില്ലെന്നതും വസ്തുതയാണ്. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നമുക്കാകണം.

സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്. വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങളെല്ലാം അടയ്ക്കുന്നതാണ് നല്ലത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്വകാര്യ മേഖലയുടെ കൂടുതല്‍ പങ്കാളിത്തം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന വാദമാണ്. ഇന്ത്യന്‍ കമ്പനികളുടെ സാധ്യതകള്‍ ഇപ്പോഴും ഈ സാഹചര്യത്തില്‍ പരമാവധി വിനിയോഗിക്കപ്പെട്ടിട്ടില്ല. ചൈനയിലെ ലിക്കര്‍ കമ്പനികളും ഫ്രാന്‍സിലെ ഫാഷന്‍ കമ്പനികളുമെല്ലാം തങ്ങളുടെ ഉല്‍പ്പാദന സംവിധാനങ്ങള്‍ സാനിറ്റൈസറുകളുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയത് നാം കണ്ടതാണ്. റെസ്പിറേറ്ററുകളുടെ നിര്‍മാണത്തിന് റോള്‍സ് റോയ്‌സ് മുന്‍കൈയെടുത്തതും ശ്രദ്ധേയമാണ്. അമേരിക്കയിലെ പ്രശസ്ത വോഡ്ക കമ്പനിയായ ടിറ്റോസ് വോഡ്ക്ക, തങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണത്തിലേക്ക് തിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫ്രാന്‍സിലെ ബഹുരാഷ്ട്ര ഭീമനായ എല്‍വിഎംഎച്ച് പറഞ്ഞത് തങ്ങള്‍ ഫ്രഞ്ച് ആരോഗ്യ ഏജന്‍സികളെ സഹായിക്കാന്‍ മുന്നിലുണ്ടെന്നാണ്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉണ്ടാക്കി തങ്ങള്‍ അത് സൗജന്യമായി നല്‍കാമെന്നാണ് എല്‍വിഎംഎച്ച് പറഞ്ഞത്. കൈയടിക്കേണ്ട സമീപനമാണിത്. കേരളത്തില്‍ വ്യവസായ വകുപ്പ് പോതുമേഖലാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തി ഇത്തരം ശ്രമങ്ങള്‍ നടത്തിയത് ശ്ലാഘനീയമാണ്. അതേസമയം സ്വകാര്യ കമ്പനികളെ കൂടി ഇതിനായി പ്രോല്‍സാഹിപ്പിക്കണം. അവര്‍ സ്വമേധയാ ഇത്തരം നീക്കങ്ങളുമായി മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.

Categories: Editorial, Slider