രാജ്യത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

രാജ്യത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്
  •  ഓട്ടോ മേഖലയില്‍ അടച്ചു പൂട്ടല്‍ തുടങ്ങി
  •  സ്മാര്‍ട്ട്‌ഫോണ്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നിര്‍മാണത്തിലും സ്തംഭനാവസ്ഥ
  • കെട്ടിട നിര്‍മാണ മേഖലയില്‍ നിശ്ചലമായി

ന്യൂഡെല്‍ഹി: മഹാമാരിയായി രാജ്യമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങുന്നു. പകര്‍ച്ചവ്യാധി തടയാന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ നിര്‍മാണം മുടങ്ങിയിരിക്കുകയാണ്. പൊതുഗതാഗതം നിലച്ചതും ജനങ്ങള്‍ക്ക് യാത്രാ നിയന്ത്രണവുമുള്ളതിനാല്‍ രാജ്യം താമസിയാതെ നിശ്ചലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഓട്ടോനിര്‍മാതാക്കള്‍, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങള്‍, പ്രമുഖ അപ്ലയന്‍സസ് കമ്പനികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ചില കമ്പനികള്‍ ഈ മാസം 31 വരെ നിര്‍മാണം അവസാനിപ്പിച്ചതായി സൂചിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്താകും നിര്‍മാണം പുനരാരംഭിക്കുക. ഏകദേശം ഒരു മാസത്തോളം നിര്‍മാണം നിലച്ചാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ഇക്കോണമിസ്റ്റായ സച്ചിദാനന്ദ് ശുക്ല ചൂണ്ടിക്കാട്ടുന്നു. നടപ്പുവര്‍ഷം നിര്‍മാണ മേഖലയില്‍ ഏകദേശം 31 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടമാണ് ഇതുവഴിയുണ്ടാകുക. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രണ്ട് പാദങ്ങളില്‍ മാത്രമാണ് നിര്‍മാണ മേഖലയില്‍ വളര്‍ച്ച കുറയാനിടയായതെന്നും വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാ. ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ എന്നീ കമ്പനികള്‍ ഈ മാസം 31 വരെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ട്രാക്റ്റര്‍ നിര്‍മാതാക്കളായ മഹീന്ദ്ര&മഹീന്ദ്ര, മുംബൈയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ നിര്‍ത്തിവെച്ചു. നാഗ്പൂരിലെ പ്രവര്‍ത്തനങ്ങളും കമ്പനി നിര്‍ത്ത്ിവെച്ചിരുന്നു. ആഗോള കാര്‍ നിര്‍മാതാക്കളായ ഫിയറ്റ്, മേഴ്‌സിഡസ് എന്നിവരെ കൂടാതെ ടാറ്റാ മോട്ടോഴ്‌സ്, ഹ്യൂണ്ടായ്, ഹോണ്ട കാര്‍സ് എന്നിവരും പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയുണ്ടായി. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് അവരുടെ രാജ്യത്തെ നാല് ഫാക്ടറകളിലും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

കെട്ടിട നിര്‍മാണ മേഖലയില്‍ 18000 റയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഏകദേശം 85 ലക്ഷം ജോലിക്കാരും നിര്‍മാണം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജോലി ഇല്ലാതിരിക്കുയാണ്. ഉപഭോക്തൃ ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങള്‍, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ എന്നിവരും നിര്‍മാണം നിര്‍ത്തിവെക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. സാംസംഗ്, ഷഓമി എന്നീ കമ്പനികള്‍ക്കായി ടിവി നിര്‍മിച്ചി നല്‍കുന്ന കോണ്‍ട്രാക്റ്റ് നിര്‍മാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസും നിര്‍മാണം അവസാനിപ്പിച്ചിരിക്കുകയാണ്. സേവന മേഖലയിലും ആഘാതമുണ്ടായിട്ടുണ്ട്. ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് ഷോപ്പുകളും മാളുകളും അടഞ്ഞുകിടക്കുകയാണ്. ടെക്‌സ്റ്റൈല്‍ ഫാക്ടറികളും ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്ന ബ്രാന്‍ഡുകളും ഫാക്ടറികള്‍ അടച്ചു കഴിഞ്ഞു. ടെലികോം നിര്‍മാതാക്കളായ നോക്കിയ, എറിക്‌സണ്‍ എന്നിവര്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്.

ഓട്ടോ കമ്പനികളുടെ അടച്ചുപൂട്ടലോടെ മാര്‍ച്ചിലെ നിര്‍മാണം 30-40 ശതമാനം ഇടിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളുടേയും യാത്രാ വാഹനങ്ങളുടേയും നിര്‍മാണത്തില്‍ ഇടിവുണ്ടാകും.ടാറ്റ സ്റ്റീലിന്റെ പ്രവര്‍ത്തനം ഫാക്ടറികളില്‍ നടക്കുന്നുണ്ടെങ്കിലും കല്‍ക്കരി ഖനികളില്‍ ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. സ്റ്റീല്‍ പ്ലാന്റിനുള്ളിലെ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവം കാരണം നിര്‍മാണം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. പ്രവര്‍ത്തനം നിലച്ചാല്‍ ബ്ലാസ്റ്റ് ഫര്‍ണസുകളുടെ തിരിച്ചുവരവിന് മാസങ്ങള്‍ തന്നെ വേണ്ടി വരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Categories: Business & Economy