മമതയുടെ പുതിയമുഖവും പ്രാദേശികവാദവും

മമതയുടെ പുതിയമുഖവും പ്രാദേശികവാദവും

തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ കൈപിടിച്ച് മണ്ഡലമൊരുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ ഒരു സമൂഹ വിവാഹം നടന്നു. അവിടെ ആരും പ്രതീക്ഷിക്കാത്ത വ്യക്തിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ സാന്നിധ്യമാണ് ചടങ്ങുകളുടെ മാറ്റുകൂട്ടിയത്. ഗോത്രവര്‍ഗക്കാരെ ഉദ്ദേശിച്ച് നടത്തിയ സമൂഹ വിവാഹം ഈ മാസം അഞ്ചാം തീയതിയായിരുന്നു. സമൂഹ വിവാഹവും അനുബന്ധ ചടങ്ങുകളും സര്‍ക്കാരിന്റെ രൂപശ്രീ പദ്ധതിയുട കീഴിലാണ് നടന്നത്. അവിടെവെച്ച് ഓരോ വധുവിനും 25000 രൂപ വീതം സര്‍ക്കാര്‍ നല്‍ക്കുകയും ചെയ്തു. പിന്നീട് അവിടെ നടന്ന ആഘോഷങ്ങളില്‍ മുഖ്യമന്ത്രിയും സജീവ പങ്കാളിയായി. വിവാഹത്തിനെത്തിയ സ്ത്രീകള്‍ക്കൊപ്പം അവര്‍ നൃത്തത്തിന് ചുവടുവെക്കുകയും ചെയ്തു. മമതയുടെ ഈ നടപടി ഏവരെയും അമ്പരപ്പിച്ചു. ജനങ്ങളെ കൈയ്യിലെടുക്കാന്‍ ഇത് ധാരാളമായിരുന്നു. ചുരുക്കത്തില്‍ അവിടെ നടന്നത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു. ഇത് മമതയുടെ ഒരു പുതിയ മുഖവും കൂടിയായിരുന്നു. അന്നാട്ടുകാര്‍ക്ക് സുപരിചിതയായ അക്രമണോത്സുകത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയായിരുന്നില്ല അവര്‍ അവിടെ കണ്ടത്. പകരം സൗഹൃദത്തോടെ എല്ലാവരുമായും കുശലം പങ്കിട്ട് മുന്നോട്ടുപോകുന്ന ഒരു ജനപ്രിയ നേതാവിനെ ആയിരുന്നു.

മാള്‍ഡ ഒരു ആദിവാസി, ഗിരിവര്‍ഗ മേഖലകൂടിയാണ്. അവിടെ ബിജെപി ചുവടുറപ്പിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ മാള്‍ഡയില്‍ ബിജെപിക്ക് വ്യക്തമായ ഒരു അടിത്തറയുണ്ട് എന്ന് പറയാം. അതിനാല്‍ മമത മാള്‍ഡ തെരഞ്ഞെടുത്തത് വെറുതെയല്ല. എതിരാളിയുടെ തട്ടകത്തില്‍ കയറി അവിടെ വിജയക്കൊടി നാട്ടുക എന്ന തന്ത്രമാണ് മമത ഇവിടെ പയറ്റിയത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇവിടെ പ്രതിരോധത്തിലായത് വന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ബിജെപിയാണ്. എതിരാളിയുടെ കോട്ടയില്‍ കയറി മമത ഇന്ന് സജീവസാന്നിധ്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. അവിടെ നടന്ന സമൂഹ വിവാഹത്തിലൂടെ അവര്‍ മേഖലയിലെ പിന്നോക്ക വിഭാഗങ്ങളുടെ താരമായി മാറുകയായിരുന്നു. ഈ നീക്കം തീര്‍ച്ചയായും ബിജെപിക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്.

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവര്‍ 14 മാസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം രണ്ടാം തീയതി കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അതിനുതുടക്കം കുറിച്ചു. പ്രചാരണത്തിലെ ആദ്യത്തെ മികച്ച പരിപാടിയിയിരുന്നു മാള്‍ഡായില്‍ നടന്നത്. ഇപ്പോള്‍ പന്ത് മമതയുടെ കോര്‍ട്ടിലാണ്. സംസ്ഥാനത്തെ മികച്ച ശക്തിയാകാന്‍ തയ്യാറെടുക്കുന്ന ബിജെപിക്ക് മമതയുടെ നീക്കങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകരുകയും സംസ്ഥാനത്ത് ആക്രണ പരമ്പരകള്‍ അരങ്ങേറുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തത്. അടിച്ചമര്‍ത്തല്‍ നയം ജനം ഇഷ്ടപ്പെടുന്നില്ല എന്നതിനു തെളിവായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം. തൃണമൂല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടിയില്‍ത്തന്നെ ഒരു ഉണര്‍വ് ഉണ്ടായത്. പാര്‍ട്ടി നേതാക്കള്‍ നടത്തിവന്ന അഴിമതിക്ക് ഒരു പരിധി വരെ തടയിടാന്‍ പിന്നീട് മമതക്ക് കഴിഞ്ഞു. ഈ മാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പറയാം. അപ്രാപ്യമായിരുന്ന മുഖ്യമന്ത്രിയെ ഒരു ഫോണ്‍കോളില്‍ ലഭിക്കാന്‍ പാര്‍ട്ടി അവരമൊരുക്കി. ഇത് ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് അവസരമൊരുക്കി. മുഖ്യമന്ത്രിയുടെ ഈ നീക്കം സൗമ്യതയുള്ള നേതാവ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു.

മമതാ ബാനര്‍ജിയെ ഒരു ബ്രാന്‍ഡാക്കി മാറ്റാനുള്ള ശ്രമമാണ് പ്രശാന്ത് കിഷോര്‍ ഇവിടെ നടത്തുന്നതെന്ന് വ്യക്തമാകുന്നു. അവര്‍ അതിനനുസരിച്ച് എത്രകണ്ട് ഉയരുന്നു എന്നതിനെ ആശ്രയിച്ചാകും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇതിനെ എതിരിടാനുള്ള ബിജെപി തന്ത്രങ്ങള്‍ എന്തെന്ന് വ്യക്തമായിട്ടുമില്ല. ദീദി ബംഗാളികളുടെ ആത്മാഭിമാനം കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഈ നീക്കം മറ്റാരെക്കാളും നന്നായി ഉപയോഗിക്കാന്‍ അറിയാവുന്ന നേതാവാണ് മമത. അതിനാല്‍ മറുപക്ഷത്ത് എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം തന്നെ അവര്‍പുറത്തെടുക്കും എന്ന് ഉറപ്പാണ്.

സംസ്ഥാനത്തുള്ള 294 നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി നടത്തേണ്ട പരിപാടികളെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് ഇന്ന്് വ്യക്തതയുണ്ട്. വലുതും ചെറുതുമായ 21,000 പൊതുയോഗങ്ങളെങ്കിലും നടത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ 2500 റിപ്പോര്‍ട്ടര്‍മാരെയും അതില്‍ പങ്കാളികളാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഒന്നേകാല്‍ ലക്ഷം പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരാനും അവര്‍ പദ്ധതിയിട്ടുകഴിഞ്ഞു. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ട്ടിയില്‍ ഈ ചോര്‍ച്ച ഉണ്ടായത്. എല്ലാമാറ്റങ്ങള്‍ക്കും ഉപരിയായി മമതയെ ശക്തയായ നേതാവായി സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടുക എന്നതു തന്നെയാണ് പാര്‍ട്ടിയുടെ തന്ത്രം. അതിലൂടെ ബംഗാളിന്റെ അഭിമാനമാണ് മമത എന്ന മുദ്രാവാക്യം ഉയര്‍ത്താനും പാര്‍ട്ടി ആഗ്രഹിക്കുന്നു. 34 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം ബംഗാളില്‍ ഒരു ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇല്ലാതാക്കിയതാണ് മമതാ ബാനര്‍ജി എന്ന നേതാവ്. അതിനാല്‍ അവര്‍ക്ക് ഒന്നും അപ്രാപ്യമല്ല എന്ന സന്ദേശവും പ്രചാരണത്തിനൊപ്പം നല്‍കും. അതിശക്തയായ സംസ്ഥാന നേതാവ് എന്നു തെളിയിക്കാന്‍ ഇതില്‍പ്പരം എന്തു തെളിവാണ് ജനങ്ങള്‍ക്കുമുന്നില്‍ നല്‍കേണ്ടതെന്ന് തൃണമൂല്‍ നേതാക്കള്‍ തന്നെ ചോദിക്കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു നേതാവിനെപ്പോലും അവതരിപ്പിച്ചിട്ടില്ല എന്നത് വലിയ പോരായ്മയാണ്. മമത ഇതിനകം തന്നെ മികച്ച നേതാവായി പേരെടുത്ത വ്യക്തിയാണ്. അവര്‍ ബംഗാളില്‍ നിന്നുള്ള നേതാവുമാണ്. ഇവിടെ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്നതും ബംഗാളികള്‍ തന്നെയാണ് എന്ന് തൃണമൂല്‍ പറയുന്നു. മറിച്ച് ബിജെപിക്കുവേണ്ടി പ്രചാരണത്തിന് എത്തുന്നവര്‍ ബംഗാളിന് പുറത്തുനിന്നുള്ളവരാണ്, അവരെ അങ്ങനെ മാത്രമെ കണക്കാക്കാവു എന്ന് പാര്‍ട്ടി പറയുന്നു. ഇത് ഒരു വേര്‍തിരിവുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ്. നിര്‍ഭാഗ്യവശാല്‍ അതുതന്നെയാണ് പ്രശാന്ത് കിഷോര്‍ മമതക്ക് നല്‍കിയിരിക്കുന്നതും. പതിനായിരക്കണക്കിന് ബംഗാളികള്‍ തങ്ങളുടെ സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്ത് ജീവിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് വേര്‍തിരിവ് സൃഷ്ടിക്കുന്ന പ്രചാരണം ബംഗാളില്‍ അരങ്ങേറുന്നത്. ഇവിടെ ബംഗാളിന്റെ അഭിമാനമാണ് തൃണമൂലിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പി ന്റെ തുലാസിലേക്ക് തന്ത്രജ്ഞര്‍ എടുത്തുവെയ്ക്കുന്നത്. സാധാരണ ജനങ്ങള്‍ക്കിടയില്‍ വളരെവേഗം വില്‍ക്കപ്പെടുന്നതാണ് സ്വാഭിമാനം. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നതിനു പകരമായി ബംഗ്ലാ, ബംഗാളി മുദ്രാവാക്യമുയര്‍ത്തി തൃണമൂല്‍ രംഗത്തുവരുന്നു. ചുരുക്കത്തില്‍ വീണ്ടും ഒരു പ്രാദേശിക വാദത്തിന് തിരികൊളുത്തുകയാണ് മമത ഇവിടെ.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുരപ്പെട്ടതിനെത്തുടര്‍ന്ന് മാറ്റിവെച്ച ”ബോംഗോധ്വനി ജാത്ര’ വീണ്ടും ആരംഭിക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. പതിനഞ്ചു ദിവസത്തെ യാത്രയാണിത്. ഇത് ബംഗ്ലായെക്കുറിച്ചും അതിന്റെ പാരമ്പര്യത്തേക്കുറിച്ചും ഉള്ളതാണ്. പുറത്തുനിന്നുള്ളവര്‍ അതിനെ എങ്ങനെ തകര്‍ക്കുന്നു എന്നും ഈ യാത്രയില്‍ വിശദീകരിക്കപ്പെടും. കൂടാതെ പ്രചാരണങ്ങളില്‍ മമതയുടെ രാഷ്ട്രീയ മികവ് ഒരു വിഷയമാകും. ഒരു നേതാവെന്ന നിലയിലും രണ്ടുതവണ മുഖ്യമന്ത്രി ആയ നേതാവെന്ന നിലയിലും അവരുടെ നേട്ടങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങളുംചര്‍ച്ച ചെയ്യപ്പെടും. അവരുടെ കൂടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നതിന് കൂടെ നിന്നവര്‍, പഴയ പ്രവര്‍ത്തകര്‍ എല്ലാം പ്രചാരണത്തില്‍ മമതക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മമത മുന്നില്‍ നിന്നാണ് നയിച്ചത്, അതിനാല്‍ എല്ലാ കാര്യങ്ങളിലും അവരുടെ സജീവ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

എല്ലാ എംപിമാരോടും എംഎല്‍എമാരോടും കൂടാതെ മറ്റ് നേതാക്കളോടും എല്ലാ ജില്ലകളിലും കര്‍മി സമ്മേളന്‍ഡ നടത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പ്രാദേശിക പത്രപ്രവര്‍ത്തരെ പ്രഭാത ഭക്ഷണത്തിനിശേഷം കാണാനും നേതാക്കളോട് മമത ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ആരംഭിച്ച ചായ് പെ ചര്‍ച്ചയെ പ്രതിരോധിക്കാനുള്ള നീക്കമായാണ് ഇതിനെക്കാണുന്നത്.ബിജെപിനേതാക്കള്‍ വീടുതോറുമുള്ള പ്രചാരണ പരിപാടി നടത്തുന്നുണ്ട്. അതിന്റ ഭാഗമായാണ് ചായ് പെ ചര്‍ച്ച.

എന്നാല്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിക്കളയുന്നു. ബംഗാളിന്റെ അഭിമാനം എന്ന വിശേഷണം മമതക്ക് വഹിക്കാന്‍ കഴിയാത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നു. ഐക്കണുകളുടെ നാടാണ് ബംഗാള്‍. തൃണമൂലിന്റ പ്രവര്‍ത്തനം ലജ്ജാകരമാണ്.തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുമെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

Categories: Top Stories