കേരള സമ്പദ്ഘടന ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക്

കേരള സമ്പദ്ഘടന ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക്

കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ കേരളത്തിന്റെ പൊതുകടത്തിലും ആളോഹരി കടത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളം താമസിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ചെന്നുപെടും എന്ന കാര്യത്തില്‍ അശേഷം സംശയം വേണ്ട. ഇത്തരുണത്തിലാണ് കൊറോണ മഹാവ്യാധിയുടെ വരവ്. രാഷ്ട്രീയ ഭരണ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൊറോണ മഹാവ്യാധിയെ തുടര്‍ന്ന് കേരള സമ്പദ്ഘടനയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരും

പി. വേണുഗോപാല്‍

‘സ്വതവേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും,’ എന്ന ചൊല്ലുപോലെയാണ് കൊറോണ ആക്രമണത്തിനുശേഷം കേരളത്തിന്റെ സമ്പദ്ഘടനയുടെ അവസ്ഥ. കാലാകാലങ്ങളില്‍ മാറി മാറി വന്ന മുന്നണികളുടെ സാമ്പത്തിക ദുര്‍ഭരണം മൂലം സംസ്ഥാനത്തിന്റെ സമ്പദ്ഘടന ഇതിനോടകം തന്നെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ 80 ശതമാനവും ഇപ്പോള്‍ ചിലവഴിക്കുന്നത് ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ്. അതായത് സര്‍ക്കാരിന്റെ 80% നികുതി വരുമാനത്തിന്റെ ഗുണഭോക്താക്കള്‍ പത്തര ലക്ഷത്തോളം വരുന്ന -അതായത് സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരുന്ന- സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ്. ബാക്കി 20% നികുതി വരുമാനം മാത്രമാണ് വികസനത്തിനും പൊതുകടം വീട്ടുന്നതിനും അവശേഷിക്കുന്നത്. ചുരുക്കത്തില്‍ മുഖ്യമായും ഒരു ശമ്പള-പെന്‍ഷന്‍ വിതരണ ഏജന്‍സി ആയിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

2016 മേയില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളനുസരിച്ച് കേരളത്തിന്റെ പൊതുകടം 2.50 ലക്ഷം കോടി രൂപയും ആളോഹരി കടം 72,430 രൂപയുമായിരുന്നു. ഇത് അന്നത്തെ ഇന്ത്യയുടെ ആളോഹരി കടമായ 53,796 രൂപയെക്കാള്‍ വളരെ കൂടുതലായിരുന്നു. കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ പൊതുകടത്തിലും ആളോഹരി കടത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും വരേണ്ടതായിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളം താമസിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ചെന്നുപെടും എന്ന കാര്യത്തില്‍ അശേഷം സംശയം വേണ്ട. ഇത്തരുണത്തിലാണ് കൊറോണ മഹാവ്യാധിയുടെ വരവ്.

മണിഓര്‍ഡര്‍ ഇക്കോണമി എന്ന നീര്‍പ്പോള

കേരളത്തെ ഭമണിഓര്‍ഡര്‍ ഇക്കോണമി’ എന്ന് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ഇതിന്റെ അര്‍ത്ഥം മറുനാടന്‍ മലയാളികള്‍ അധ്വാനിച്ചു മാസാമാസം അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത് എന്നാണ്. അവരുടെ പണം വരവ് നിലച്ചാല്‍ കേരളത്തിലെ പല കുടുംബങ്ങളും സാമ്പത്തികമായി തകരും. ഔദ്യോഗിക കണക്കുകളനുസരിച്ച് 2018 ല്‍ പ്രവാസി ഭാരതീയരില്‍ നിന്നും ഇന്ത്യക്കു ലഭിച്ച നിക്ഷേപത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ് വന്നത്. 2008 ല്‍ കേരളത്തിലേക്ക് പ്രവാസികളില്‍ നിന്നുള്ള നിഷേപം 43,288 കോടി രൂപയായിരുന്നു എങ്കില്‍ പത്തു വര്‍ഷത്തിന് ശേഷം 2018 ല്‍ അത് ഏകദേശം ഒരു ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

കൊറോണ ബാധയെത്തുടര്‍ന്ന് മറുനാടന്‍ മലയാളികളുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുമെന്ന് കരുതപ്പെടുന്നു. അന്യ രാജ്യങ്ങളിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. പല രാജ്യങ്ങളും വിസ നിഷേധിച്ചതിനാല്‍ അവര്‍ക്ക് നാട്ടിലേക്കു വരാനോ നാട്ടില്‍ നിന്ന് തൊഴില്‍സ്ഥലത്തേക്കു മടങ്ങിപ്പോകുന്നതിനോ കഴിയാത്ത അവസ്ഥയാണ്. ഇത് സംസ്ഥാനത്തെ നിരവധി കുടുംബങ്ങളെ മാത്രമല്ല കേരളത്തിലെ ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കും. കേരളത്തിലെ പല ബാങ്കുകളെയും നിലനിര്‍ത്തുന്നത് പ്രവാസികളുടെ നിക്ഷേപമാണ്.

പ്രവാസി മലയാളികളുടെ നിക്ഷേപം കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനമാണ്. 2017-18 ല്‍ സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 11,024 കോടി രൂപയായിരുന്നു എങ്കില്‍ 2018-19 ആയപ്പോള്‍ അത് 14,508 കോടി രൂപയായി ഉയര്‍ന്നു. അതായത് ഒരു വര്‍ഷം 3,484 കോടി രൂപയുടെ അധികം മദ്യമാണ് കേരളം കുടിച്ചത്. സര്‍ക്കാരിന് ആശ്വസിക്കാവുന്ന ഒരു കാര്യം, കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷവും കേരളീയരുടെ മദ്യപാനത്തിന് ഒട്ടും കുറവുവന്നിട്ടില്ല എന്നതാണ്. എന്നാല്‍ മദ്യ വില്‍പ്പനയെ മാത്രം ആശ്രയിച്ച് സര്‍ക്കാരിന് നിലനില്‍ക്കാനാവുമോ?

കേരളം നിഛലമാക്കണോ?

കൊറോണ ബാധ തടയുന്നതിന് കേരള സര്‍ക്കാര്‍ സ്തുത്യര്‍ഹമായ സേവനം ഉറപ്പാക്കുന്നുണ്ടെങ്കിലും ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: കൊറോണയെ തടയുന്നതിന്റെ പേരില്‍ ഇവിടെ ഹര്‍ത്താല്‍ സമാനമായ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടോ? ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്ക്, പൊതു സ്ഥലങ്ങളില്‍ പോകുന്നതിനു വിലക്ക്, ആരാധനാലയങ്ങളില്‍ ഉത്സവങ്ങള്‍ പാടില്ല, സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ പാടില്ല, സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം. അതുമൂലം ബസ്സുകളില്‍ ആളില്ല, കടകളില്‍ ആളില്ല, വാഹനത്തിരക്കില്ല, പൊതുവീഥികള്‍ ഒഴിഞ്ഞു കിടക്കുന്നു. ചുരുക്കത്തില്‍ എവിടെയും ഒരു ബന്ദിന്റെ പ്രതീതി.

ഒരു പക്ഷേ കൊറോണ ബാധ ഫലപ്രദമായി തടയുന്നതിന് ഇതൊക്കെ ആവശ്യമായിരിക്കാം. പക്ഷെ ഈ നിയന്ത്രണങ്ങള്‍ കച്ചവടം, വിനോദ സഞ്ചാരം, പൊതു ഗതാഗതം, വിനോദം തുടങ്ങിയ മേഖലകളെ കാര്യമായി തളര്‍ത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് വലിയ പ്രതിസന്ധിയെ നേരിടുകയാണ്.

കൊറോണ പകര്‍ച്ചവ്യാധി എത്രനാള്‍ തുടരും എന്നതിനെപ്പറ്റി ആര്‍ക്കും ഒരു ഗ്രാഹ്യവുമില്ല. മൂന്നു മാസം തുടര്‍ന്നേക്കാം എന്ന് ചിലര്‍ പറയുന്നു. ആറുമാസമെന്ന് മറ്റുചിലര്‍. കൊടും വേനലിന്റെ ചൂടില്‍ കൊറോണ വൈറസ് ഉന്മൂലനം ചെയ്യപ്പെട്ടേക്കാം എന്ന് ഒരുകൂട്ടര്‍ പറയുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും അപകടകാരിയായ 1918-19 ലെ സ്പാനിഷ് ഫ്‌ളൂ ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്നു എന്നോര്‍ക്കുക. ആ മഹാമാരി ഏതാണ്ട് 200 ദശലക്ഷം ആളുകളെ ബാധിക്കുകയും 50 ദശലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. കൊറോണ കൂടുതല്‍ നാള്‍ തുടര്‍ന്നാല്‍ അത് കേരളത്തിന്റെ സമ്പദ്ഘടനയെ ഉലയ്ക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പല മേഖലകളില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറയും. നിരവധിപ്പേര്‍ തൊഴില്‍രഹിതരായി മാറും. ശമ്പളവും പെന്‍ഷനും മുടങ്ങും. അന്താരാഷ്ട്ര ഇടപാടുകളുള്ള കമ്പനികള്‍ അടച്ചു പൂട്ടേണ്ടി വരും. കടത്തിന്റെ പലിശയും പലിശയുടെ പലിശയും കുമിഞ്ഞു കൂടും. കിഫ്ബിയുടെ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആളെ കിട്ടാതെ വരും. വികസനം വഴിമുട്ടും.

കയത്തില്‍ നിന്ന് എങ്ങനെ കരകയറും?

എന്താണ് ഈ കയത്തില്‍ നിന്നു കരകയറാനുള്ള മാര്‍ഗം? കൊറോണ രോഗബാധക്കെതിരെ പ്രതിരോധ നടപടികള്‍ എടുക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് അതേല്‍പ്പിക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനു കൂടി സര്‍ക്കാര്‍ ശ്രദ്ധിക്കണം. അതിനു ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എടുക്കണം.

ആദ്യത്തേതില്‍ ഏറ്റവും പ്രധാനം സര്‍ക്കാരിന്റെ വരുമാന സമാഹരണം ഊര്‍ജിതമാക്കുക എന്നതാണ്. രാഷ്ട്രീയവും മറ്റ് പല കാരണങ്ങളും കൊണ്ട് വരുമാന സമാഹരണം പലപ്പോഴും ഫലപ്രദമായി നടക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. വരുമാനം ചോര്‍ന്നുപോകുന്ന സ്രോതസ്സുകളെല്ലാം അടയ്ക്കുക എന്നത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.

കേരളത്തിന് ശക്തമായ ഒരു സഹകരണ പ്രസ്ഥാനമുണ്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി ഏതാണ്ട് 70,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ പലമടങ്ങ് നിക്ഷേപം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമുണ്ട്. പ്രവാസി മലയാളികളുടെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണിത്. ഇത്ര ഭീമമായ നിക്ഷേപം നിഷ്‌ക്രിയ ആസ്തിയായി മാറാതെ ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചാല്‍ സര്‍ക്കാറിന് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഏറെയൊക്കെ തരണം ചെയ്യാവുന്നതാണ്. അതിന് നിക്ഷേപം ബാങ്കുകളില്‍ കെട്ടികിടക്കാന്‍ അനുവദിക്കാതെ ചെറുകിട വ്യവസായ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കണം.

കൊറോണയെത്തുടര്‍ന്ന് ചൈനയില്‍ സംഭവിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളം ഒരു സുവര്‍ണ അവസരമായി മാറ്റേണ്ടതാണ്. കുറെ വര്‍ഷങ്ങളായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ ആധിപത്യം സ്ഥാപിച്ചു വരികയാണ്. ഇത് കേരളത്തിലെ ചെറുകിട ഉല്‍പ്പാദകരെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ ബാധക്കുശേഷം പല ചൈനീസ് ഉല്‍പ്പന്നങ്ങളുടെയും ഇന്ത്യയിലേക്കുള്ള വരവ് കുറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിലെ ചെറുകിട സംരംഭകര്‍ ഒരവസരമായി കണ്ടു അവരുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും വിപണി തിരിച്ചുപിടിക്കുകയും വേണം. ഭഷ്യ സംസ്‌കരണം, വസ്ത്ര നിര്‍മാണം തുടങ്ങി കയറ്റുമതി അധിഷ്ഠിതമായ വ്യവസായ സംരംഭങ്ങള്‍ക്ക് അനന്തമായ സാധ്യതകളാണ് കേരളത്തിനുള്ളത്.

സര്‍ക്കാര്‍ എന്ത് ചെയ്യണം

വ്യവസായ സംരംഭങ്ങളുടെ വിജയത്തിന് നിക്ഷേപ സൗഹൃദമായ പല നടപടികളും സര്‍ക്കാര്‍ ചെയ്യേണ്ടതായിട്ടുണ്ട്. കേരളം അടുത്തകാലത്തു കണ്ടതുപോലെ നിക്ഷേപകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കേരളത്തെ സംബന്ധിച്ച് നിക്ഷേപകരിലുള്ള ആശങ്കകള്‍ മാറ്റണം. ഔദ്യോഗികതലത്തിലെ അഴിമതിക്ക് അറുതി വരുത്തണം. അടിസ്ഥാനപരമായ ഈ കാര്യങ്ങള്‍ ചെയ്താല്‍ നിക്ഷേപകരുടെ പറുദീസയായി കേരളം മാറും, സംസ്ഥാനത്തിന്റെ വ്യാവസായിക അടിത്തറ വികസിക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കാര്‍ഷിക വികസനമാണ് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട മറ്റൊരു മേഖല. ഈ രംഗത്ത് തമിഴ് നാടിന്റെ മാതൃക കേരളം കണ്ടു പഠിക്കേണ്ടതാണ്. കേരളത്തെ അപേക്ഷിച്ച് ജല സമ്പത്ത് കുറവാണെങ്കിലും ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ഒരു കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തമിഴ് നാട്. എന്നാല്‍ അനുകൂല കാലാവസ്ഥയും ജലസമ്പത്തും ഉണ്ടെങ്കിലും എത്രമാത്രം ഭൂമിയാണ് കേരളത്തില്‍ തരിശായി ഇട്ടിരിക്കുന്നത്? തൊഴിലാളികളുടെ അമിതമായ കൂലിയും ഉല്‍പ്പാദനക്ഷമത ഇല്ലായ്മയുമാണ് ഇതിനു പ്രധാന കാരണം. നിയമക്കുരുക്ക് ഭയന്ന് സ്ഥലമുള്ളവര്‍ ഭൂമി പാട്ടത്തിനു കൃഷിക്ക് നല്‍കാന്‍ മടിക്കുന്നു. കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു.

കേരളാ മോഡലിന് എന്തുപറ്റി?

ഒരുകാലത്തു നമ്മള്‍ പുരപ്പുറത്ത് കയറി ഉല്‍ഘോഷിച്ച ഭകേരള മോഡല്‍’ വികസനം എവിടെ പോയി? വ്യവസായികമായോ കാര്‍ഷികമായോ ഉള്ള അടിത്തറ വികസിപ്പിക്കാതെ ജീവിത നിലവാരത്തില്‍ കേരളം കൈവരിച്ച അഭിവൃദ്ധി പുറമെയുള്ള സാമ്പത്തിക വിദഗ്ധരെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളിയുടെ നിക്ഷേപമായിരുന്നു ഈ താല്‍ക്കാലിക അഭിവൃദ്ധിക്കു പിന്നില്‍. ഗള്‍ഫില്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊക്കെ കേരള സമ്പദ്ഘടന ആടിയുലഞ്ഞിട്ടുണ്ട്.

ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആയുര്‍ദൈര്‍ഘ്യം, ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, താഴ്ന്ന സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് തുടങ്ങിയ മികച്ച മുന്നേറ്റങ്ങളിലൂടെ മാനവ വികസന സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ഇന്ന് പ്രതിശീര്‍ഷ മദ്യപാനം, കുറ്റകൃത്യങ്ങള്‍, വിവാഹമോചനം, ആളോഹരി കടം തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. പണമല്ല മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ദൂരക്കാഴ്ചയുടെയും അഭാവമാണ് കേരളത്തിന്റെ പ്രശ്‌നം. രാഷ്ട്രീയ ഭരണ നേതൃത്വം ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൊറോണ എന്ന മഹാവ്യാധിയെ തുടര്‍ന്ന് കേരള സമ്പദ്ഘടനയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരും.

(കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Categories: FK Special, Slider