ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ പ്ലാന്റുകള്‍ അടച്ചു

ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ പ്ലാന്റുകള്‍ അടച്ചു

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) എല്ലാ വാഹന നിര്‍മാതാക്കളോടും വാഹനഘടക നിര്‍മാതാക്കളോടും ഉല്‍പ്പാദനം നിര്‍ത്തുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സ്വദേശികളും വിദേശികളുമായ വിവിധ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പ്ലാന്റുകള്‍ അടച്ചു. മാരുതി സുസുകി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാര്‍സ്, ടൊയോട്ട, ഹീറോ മോട്ടോകോര്‍പ്പ്, എഫ്‌സിഎ, ഹോണ്ട 2 വീലേഴ്‌സ്, സുസുകി, ടിവിഎസ് എന്നീ കമ്പനികളാണ് നിര്‍മാണശാലകള്‍ താല്‍ക്കാലികമായി പൂട്ടിയത്. എംജി മോട്ടോറും മറ്റു ചില കമ്പനികളും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) എല്ലാ വാഹന നിര്‍മാതാക്കളോടും വാഹനഘടക നിര്‍മാതാക്കളോടും ഉല്‍പ്പാദനം നിര്‍ത്തുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.

ഹരിയാനയിലെ ഗുരുഗ്രാമിലെയും മനേസറിലെയും പ്ലാന്റുകളിലെ ഉല്‍പ്പാദനമാണ് മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി നിര്‍ത്തിവെച്ചത്. മാത്രമല്ല, റോഹ്തക്കിലെ ഗവേഷണ വികസന കേന്ദ്രവും താല്‍ക്കാലികമായി പ്രവര്‍ത്തിക്കില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കി. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഫാക്റ്ററികളും ഈ മാസം 31 വരെ അടച്ചിടണമെന്ന് ഗുരുഗ്രാം ജില്ലാ മജിസ്‌ട്രേറ്റ് അമിത് ഖത്രി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അണുവിമുക്തമാക്കല്‍, ജീവനക്കാരുടെ കൊറോണ ലക്ഷണ പരിശോധന, കൂടുതല്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍, സമ്പര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുക, ജീവനക്കാരുടെ യാത്രകള്‍ പരിമിതപ്പെടുത്തുക തുടങ്ങി എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ അറിയിച്ചു.

അതേസമയം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. രാപ്പകല്‍ ഭേദമില്ലാതെ പാതയോര സഹായം (ആര്‍എസ്എ) ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമോ ഡീലര്‍ഷിപ്പുകളും വര്‍ക്ക്‌ഷോപ്പുകളും അടച്ചതുകാരണമോ സ്റ്റാന്‍ഡേഡ്/എക്‌സ്റ്റെന്‍ഡഡ് വാറന്റി, സൗജന്യ സര്‍വീസുകള്‍ എന്നിവ ലഭിക്കാത്ത ഉപയോക്താക്കള്‍ക്ക് രണ്ട് മാസത്തെ എക്‌സ്റ്റെന്‍ഡഡ് വാറന്റി അനുവദിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് റോഡ് അസിസ്റ്റന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആയിരം ഡോര്‍സ്റ്റെപ്പ് ബൈക്കുകളും കാറുകളും നിയോഗിച്ചു.

നാഗ്പുര്‍, മുംബൈ, പുണെ പ്ലാന്റുകളാണ് മഹീന്ദ്ര അടച്ചത്. എത്ര ദിവസത്തേക്കാണ് പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ജീവനക്കാരുടെ ക്ഷേമവും സുരക്ഷയുമാണ് പ്രധാനമെന്ന് മഹീന്ദ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മറ്റ് പ്ലാന്റുകളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, കൊറോണ ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചു. നിലവിലെ പ്ലാന്റുകളില്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. താല്‍ക്കാലിക പരിചരണങ്ങള്‍ക്ക് ‘മഹീന്ദ്ര ഹോളിഡെയ്‌സ്’ റിസോര്‍ട്ടുകള്‍ വിട്ടുനല്‍കുമെന്നും അറിയിച്ചു.

ടാറ്റ മോട്ടോഴ്‌സ് ചാകണ്‍ പ്ലാന്റിലെ ഉല്‍പ്പാദനം ഇന്നലെ മുതല്‍ വെട്ടിക്കുറച്ചു. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരിക്കും പ്ലാന്റില്‍ നടക്കുന്നത്. വേണ്ടിവന്നാല്‍ മാര്‍ച്ച് 24 വൈകുന്നേരത്തോടെ പ്ലാന്റ് അടച്ചിടാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്നും മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുന്ദര്‍ ബുഷെക് നിര്‍ദേശിച്ചു.

മാര്‍ച്ച് 31 വരെ ലോകത്തെ എല്ലാ പ്ലാന്റുകളും അടച്ചിടാനാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ തീരുമാനം. ചെയര്‍മാന്‍ പവന്‍ മുഞ്ജാലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്ലാന്റുകളും രാജസ്ഥാനിലെ ഗ്ലോബല്‍ പാര്‍ട്‌സ് സെന്ററുമാണ് (ജിപിസി) താല്‍ക്കാലികമായി അടയ്ക്കുന്നത്. ഒരു ഇന്ത്യന്‍ ഓട്ടോ കമ്പനി ആദ്യമായാണ് ആഗോള അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത്. അതേസമയം ഉല്‍പ്പാദനവുമായി ബന്ധമില്ലാത്ത ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യും. ഏപ്രില്‍ ഒന്നിന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. കരാര്‍ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. മാസം അവസാനിക്കുന്നതിന് കാത്തുനിന്നില്ല. ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്ന് പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി.

പുണെയ്ക്കു സമീപത്തെ രഞ്ജന്‍ഗാവ് പ്ലാന്റ് മാര്‍ച്ച് 31 വരെ അടയ്ക്കുകയാണെന്ന് ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ (എഫ്‌സിഎ ഇന്ത്യ) പ്രഖ്യാപിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കില്ലെങ്കിലും ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തില്ലെന്ന് കമ്പനി വ്യക്തമാക്കി.

എല്ലാ പ്ലാന്റുകളും അടയ്ക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പ്രഖ്യാപിച്ചു. നാല് പ്ലാന്റുകളിലെയും ഉല്‍പ്പാദനമാണ് നിര്‍ത്തിവെയ്ക്കുന്നത്. ഓഫീസ് ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യും.

ഗ്രേറ്റര്‍ നോയ്ഡയിലെയും തപുക്കരയിലെയും പ്ലാന്റുകളിലെ ഉല്‍പ്പാദനം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യും. ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും പ്രധാനമാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റ് & സിഇഒ ഗാക്കു നകാനിഷി പ്രസ്താവിച്ചു. ഡീലര്‍ഷിപ്പുകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു.

കര്‍ണാടകയിലെ ബിഡദി പ്ലാന്റില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രഖ്യാപിച്ചു. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ മേഖലാ ബിസിനസ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചു.

ഹരിയാനയിലെ പ്ലാന്റില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അറിയിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കൊയിച്ചിറോ ഹിരാവോ പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും കാറുകള്‍ ഡെലിവറി ചെയ്യുന്നതും ടെസ്റ്റ് ഡ്രൈവുകള്‍ക്ക് നല്‍കുന്നതെന്നും എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. സര്‍വീസ് വര്‍ക്ക്‌ഷോപ്പുകളും ഷോറൂമുകളും പൂര്‍ണമായും അണുവിമുക്തമാക്കുമെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്തിയാല്‍ വീട്ടില്‍ ഡെലിവറി ചെയ്യുന്ന സൗകര്യം കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.

രണ്ട് ദിവസത്തേക്ക് എല്ലാ പ്ലാന്റുകളിലെയും ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി ഭാവി നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.

Categories: Auto