കോവിഡ്19 പ്രതിരോധം; ഇവയില്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കുക

കോവിഡ്19 പ്രതിരോധം; ഇവയില്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കുക

കൊറോണ വൈറസ് ജീവനില്ലാത്ത വസ്തുക്കളില്‍ 3 ദിവസം വരെ ശേഷിക്കാന്‍ കഴിവുള്ള ഒരു രോഗാണു ആണ്. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് മാത്രമല്ല ഇത് പ്രവഹിക്കുന്നത്. അതിനാല്‍ കരുതിയിരിക്കുക എന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. കൂടുതല്‍ വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി താഴെപ്പറയുന്ന പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാം.

മൊബീല്‍ഫോണ്‍

ദിവസം പല പ്രാവശ്യം ഫോണ്‍ പല സ്ഥലത്തും വയ്ക്കാന്‍ ഇടയുള്ള വസ്തുവാണ് മൊബീല്‍ഫോണ്‍.ഇതില്‍ രോഗാണു സംക്രമം ഉള്ള സ്ഥലം ഏതാണ് എന്ന കാര്യത്തില്‍ നമുക്ക് വ്യക്തമായ അറിവില്ല. അതിനാല്‍ ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാന്‍ ശ്രദ്ധിക്കണം. അതുപോലെ ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങി നിങ്ങള്‍ കയ്യിലെടുക്കുന്ന ഗാഡ്ജെറ്റുകള്‍ എല്ലാം സാനിറ്റൈസ് ചെയ്യണം.

ലിഫ്റ്റിന്റെ ബട്ടണ്‍, വാതില്‍പ്പിടികള്‍

വ്യത്യസ്തരായ നിരവധി വ്യക്തികളുമായി സമ്പര്‍ക്കം വരുന്ന ഒന്നാണ് ലിഫ്റ്റിന്റെ ബട്ടണ്‍, വാതില്‍പ്പിടികള്‍ എന്നിവ. ഓഫീസിലേക്കും മറ്റും പോകുമ്പോള്‍ മിക്കവാറും ഇവ രണ്ടും സ്പര്‍ശിക്കേണ്ടതായി വരും. ഇവ സ്പര്‍ശിക്കേണ്ടി വന്നാല്‍ ഉടന്‍ കൈകള്‍ വൃത്തിയായി കഴുകുക. കയ്യില്‍ എപ്പോഴും ഒരു സാനിറ്റൈസര്‍ കരുതി വയ്ക്കുക.

സ്റ്റെയര്‍ റെയില്‍

പലപ്പോഴും ഓഫീസിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ കയറാനും ഇറങ്ങാനും പടികള്‍ ഉപയോഗപ്പെടുത്തേണ്ടിവരാം. അത്തരം സാഹചര്യങ്ങളില്‍ പടികളുടെ വശങ്ങളിലുള്ള റെയില്‍ സ്പര്‍ശിക്കാതിരിക്കാനും, സ്പര്‍ശിക്കേണ്ടി വന്നാല്‍ കൈകള്‍ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

ടാപ്പുകള്‍, വാഷ് റൂമുകള്‍

പബ്ലിക് വാഷ്റൂമുകള്‍ ഇന്നത്തെക്കാലത്ത് ഒഴിവാക്കാന്‍ കഴിയുന്ന ഇടമല്ല. ഇത്തരം കേന്ദ്രങ്ങള്‍ നിരവധി രോഗങ്ങളുടെ കേന്ദ്രമായിരിക്കും. വാഷ്റൂമുകളിലെ ടാപ്പുകള്‍ വൃത്തിയാക്കുന്നതു വല്ലപ്പോഴുമായിരിക്കും. അതുകൊണ്ട് കൈ കഴുകിയ ശേഷം ടാപ്പില്‍ പിടിക്കാതിരിക്കുക. ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് ടാപ്പ് പൂട്ടിയ ശേഷം പേപ്പര്‍ ഉപേക്ഷിക്കാം.

ഹാന്‍ഡിലുകള്‍ ,ലോഹപാത്രങ്ങള്‍

കട്ടിയുള്ള പ്രതലങ്ങളില്‍ കൊറോണ വൈറസിന് 24 മണിക്കൂറിലധികം കഴിയാന്‍ സാധിക്കും എന്ന് മനസിലാക്കുക. അതുകൊണ്ട് തന്നെ ലോഹപ്രതലങ്ങളും , നിരവധിപേര്‍ ഉപയോഗിക്കുന്ന കെറ്റിലുകളും സ്പര്‍ശിക്കുന്നത് ഓഴിവാക്കുന്നതാണ് നല്ലത്. പൊതുവായി പത്രങ്ങളും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ഹോട്ടലുകളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ശീലമാക്കുക.

റിമോട്ട് കണ്‍ട്രോള്‍

ഹോട്ടലുകളിലും ഓഫീസുകളിലും ഏറ്റവുമധികം തവണ തൊടുന്ന ഒന്നാണിത്. ഇവ ഒരിക്കലും വൃത്തിയാക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യാറില്ല. ഹോട്ടലില്‍ തങ്ങുന്ന സമയത്ത് റിമോട്ട് കണ്‍ട്രോള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രം കൈകൊണ്ടു തൊടുക.

വാഹന ഭാഗങ്ങള്‍

യാത്ര ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വാഹനങ്ങള്‍ വിവിധ ആളുകള്‍ സ്പര്‍ശിച്ചതായിരിക്കാം. അതിനാല്‍ തന്നെ കൈകള്‍ വൃത്തിയായി കഴുകുവാന്‍ ശ്രദ്ധിക്കുക. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക

Categories: FK Special, Slider
Tags: Covid 19