യുപിയിലെ വാദങ്ങളും വാസ്തവങ്ങളും

യുപിയിലെ വാദങ്ങളും വാസ്തവങ്ങളും

കണക്കുകള്‍ വ്യത്യസ്തമാണ്. യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന നടപടികള്‍ ഉണ്ടാകുമെന്ന് കരുതാം.

ക്രമസമാധാനം, നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം,തൊഴില്‍ എന്നിവയില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് യാഥാര്‍ത്ഥ്യത്തോട് എത്ര അടുത്തുനില്‍ക്കുന്നു എന്നു നോക്കേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകളെയും പ്രസ്താവനകളെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു തിളക്കമാര്‍ന്ന ചിത്രം കിട്ടാനിടയില്ല. അദ്ദേഹത്തിന്റെ വിവാദപരമായ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കളങ്കം ചാര്‍ത്തുകയും ചെയ്തതായി പറയുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ ആദ്യത്തെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, തന്റെ ഭരണകൂടത്തിന്റെ വാഗ്ദാനങ്ങളുടെയും നടപ്പാക്കലുകളുടെയും വിശദമായ റിപ്പോര്‍ട്ട് കാര്‍ഡ് ഒന്നു പരിശോധിക്കാം.

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്ന നടപടികള്‍ ഉണ്ടായിട്ടില്ല. 2017ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പ്രഖ്യാപിക്കുമ്പോള്‍ 70 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, അതിനുശേഷം തൊഴിലില്ലായ്മ ഉയരുകയാണ് ചെയ്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇരട്ടിയായി – 2018 ല്‍ 5.91 ശതമാനത്തില്‍ നിന്ന് 2019 ല്‍ 9.95 ശതമാനമായി വളര്‍ന്നു. ഫെബ്രുവരി 7 വരെ 33.93 ലക്ഷം യുവാക്കള്‍ സ്വയം തൊഴില്‍ രഹിതരാണെന്ന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. അതേ സമയം 2018ല്‍ 21.39 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ടര ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി യോഗി ആദിത്യനാഥ് പറയുകയും ചെയ്തു.

യുപി ആസ്ഥാനമായുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍ എ പി തിവാരി പറയുന്നതനുസരിച്ച്, ”കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ വിവിധ വകുപ്പുകളില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും നിരവധി പരീക്ഷകള്‍ റദ്ദാക്കുകയും നിരവധി പരീക്ഷകളുടെ ഫലം ശേഷിക്കുകയും ചെയ്യുന്നു. യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ പൂര്‍ണമായും ജോലി നല്‍കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നിലവിലെ സാഹചര്യത്തില്‍, തൊഴില്‍ ആവശ്യമുള്ള മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്.” ഈ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് തിവാരി പറഞ്ഞു. എന്നിരുന്നാലും, ധനക്കമ്മി നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ ആദിത്യനാഥ് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

2018 ഫെബ്രുവരിയില്‍, അധികാരത്തില്‍ വന്ന് ഏകദേശം ഒരു വര്‍ഷത്തിനുശേഷം, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലഖ്നൗവില്‍ ഒരു മഹത്തായ നിക്ഷേപകരുടെ ഉച്ചകോടി നടത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ബിസിനസുകാരുടെ പങ്കാളിത്തത്തോടെ. 4.28 ലക്ഷം കോടി രൂപയുടെ മൊത്തം 1,045 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതായി യുപി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം യുപിയിലെ വ്യാവസായിക വികസന മന്ത്രി സതീഷ് മഹാന പറഞ്ഞത് 1,045 പദ്ധതികളില്‍ 90 എണ്ണം മാത്രമാണ് ജനുവരി വരെ വാണിജ്യ ഉല്‍പാദനം ആരംഭിച്ചതെന്നുമാണ്. ഇത് ഏകദേശം 39,000 കോടി രൂപയുടെ പ്രോജക്റ്റ് മാത്രമാണ്. എന്നാല്‍ ഇതേപ്പറ്റി യോഗി ആദിത്യനാഥ് പറഞ്ഞത് 371 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഇത് 33 ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നുമാണ്. കരാറുകളെ നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി മെച്ചപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് രണ്ടു പക്ഷമുണ്ട്. ചിലര്‍ പിന്തുണയ്ക്കുമ്പോള്‍ മറ്റുചിലര്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്നു. കുറ്റവാളികളോട് സര്‍ക്കാരിന്റേത് സീറോ ടോളറന്‍സ് നയമാണ്. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാന പോലീസ് കുറ്റവാളികളുമായി 3,896 ഏറ്റുമുട്ടലുകളില്‍ നടത്തി. 8,904 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു”. ഈ വെടിവയ്പില്‍ 76 കുറ്റവാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ 1,154 പേര്‍ക്ക് പരിക്കേറ്റു. ഇതുമൂലം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിനും അതിന്റെ പോലീസിനും രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. 2916നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറയുന്നതായി മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ട്. അതേസമയം, ജനുവരിയില്‍ പുറത്തിറക്കിയ 2018 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഒന്നാമതെത്തിയത്. 59,445 കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.മഹാരാഷ്ട്ര (35,497) രണ്ടാമതും പശ്ചിമ ബംഗാള്‍ (30,394) മൂന്നാമതുമാണ്.

വാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതിനെ പോലീസിനെ ഉപ യോഗിച്ച് അടിച്ചമര്‍ത്താന്‍ ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിച്ചു. പോലീസ് നടപടിയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം തുടര്‍ന്നപ്പോള്‍ ആയിരത്തിലധികം സ്ത്രീകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാശനഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനായി സംസ്ഥാന തലസ്ഥാനത്തെ പ്രധാന കവലകളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രങ്ങളുള്ള ഹോര്‍ഡിംഗുകള്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചു. ഇത് പിന്നീട് കോടതി കയറി. ഇപ്പോള്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നിരവധി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സ്റ്റാര്‍ കാമ്പെയ്നറായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് വിവാദനായകനായി മാറിയിട്ടുണ്ട്. കുറ്റവാളികള്‍ ഒന്നുകില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുമെന്നും അല്ലെങ്കില്‍ ”ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുമെന്നും” 2017 നവംബറില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ സ്വന്തം സംസ്ഥാനത്തെ ക്രമസമാധാന നയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം സാമുദായിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ 48 സെക്കന്‍ഡിനുള്ളില്‍ എട്ട് തവണ പാക്കിസ്ഥാനെ പരാമര്‍ശിച്ചത് മുതല്‍ ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെയും അരവിന്ദ് കേജ്‌രിവാളിനെതിരേയും വരെ അദ്ദേഹം ആഞ്ഞടിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതുവരെ വലിയ അഴിമതി ആരോപണങ്ങളൊന്നും എംഎല്‍എമാര്‍ നേരിട്ടിട്ടില്ല. എന്നിരുന്നാലും, ഭരണകക്ഷിയായ ബിജെപിയിലെ എംഎല്‍എമാര്‍ തന്നെ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കുമേല്‍ അഴിമതിയും ഏകപക്ഷീയമായ പെരുമാറ്റവും ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം നൂറിലധികം ബിജെപി എംഎല്‍എമാര്‍ യുപി നിയമസഭയില്‍ സ്വന്തം സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. ലഖ്നൗ ഡവലപ്മെന്റ് അതോറിറ്റിയുടെ (എല്‍ഡിഎ) കീഴില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞ വര്‍ഷം ആദിത്യനാഥിന് ഒരു കത്ത് എഴുതിയിരുന്നു. കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെ ഏറെ കോലാഹലങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് 11 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരു മേഖല ആത്മീയ ടൂറിസമായിരുന്നു. അയോധ്യ, പ്രയാഗ്രാജ്, മഥുര, വാരാണസി തുടങ്ങിയ ആത്മീയ കേന്ദ്രങ്ങള്‍ക്കായി കോടികളുടെ പദ്ധതികള്‍ ഇതിനു തെളിവാണ്. ഇതിനായി എല്ലാ ബജറ്റുകളിലും തുക വകയിരുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2019 ല്‍ പ്രയാഗ്രാജ് കുംഭമേള വന്‍ പരിപാടിയായി സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു.

ബുന്ദേല്‍ഖണ്ഡിലെയും പൂര്‍വാഞ്ചലിലെയും നിരവധി ജില്ലകള്‍ വികസനത്തില്‍ ഇപ്പോഴും പിന്നിലാണ്. അതിനാല്‍, ബുന്ദേല്‍ഖണ്ഡ്-പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പദ്ധതിയിലൂടെ ഈ പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ലഖ്നൗവിനെയും ഗാസിപൂരിനെയും ബന്ധിപ്പിക്കുന്ന 354 കിലോമീറ്റര്‍ നീളമുള്ള ഹൈവേയായിരിക്കും എക്‌സ്പ്രസ് ഹൈവേയെന്ന് സര്‍ക്കാരിനുള്ളിലെ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ആദ്യമൂന്നു വര്‍ഷങ്ങള്‍ വലിയ നേട്ടമില്ലാതെ കടന്നുപോയെങ്കിലും ജനങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സര്‍ക്കാരിനാകുമോ എന്നാണ് ഇനി അടുത്ത രണ്ടുവര്‍ഷങ്ങളില്‍ അറിയാനുള്ളത്.

Comments

comments

Categories: Top Stories