വരുണ്‍ വ്യത്യസ്തനാണ് ബിസിനസിലും ജീവിതത്തിലും

വരുണ്‍ വ്യത്യസ്തനാണ് ബിസിനസിലും ജീവിതത്തിലും

ബിസിനസ് എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന മാതാപിതാക്കള്‍ പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിയാണ് വരുണ്‍ അഗര്‍വാള്‍. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് എന്‍ജിനീയറിംഗിന് ചേര്‍ത്ത വരുണ്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞ വരുണിന്റെ സമ്പാദ്യം കോടികളാണ്

ബെംഗളൂരു സ്വദേശിയായ വരുണ്‍ അഗര്‍വാളിന് ഏറ്റവും ഇഷ്ട്ടപ്പെട്ട മേഖല സിനിമയായിരുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൌസ് തുടങ്ങണം, സംവിധായകന്‍ ആകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ വരുണ്‍ പഠന സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ പങ്കുവച്ചിരുന്നു . പ്ലസ്ടു കഴിഞ്ഞപ്പോഴാണ് മനസിലെ സിനിമ മോഹം മാതാപിതാക്കളെ അറിയിച്ചത് രാജ്യത്തെ മികച്ച സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ തന്നെ ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാതാപിതാക്കള്‍ അതിന് വിസമ്മതിച്ചു എന്ന് മാത്രമല്ല, ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രമുഖ എന്‍ജിനീയറിംഗ് കോളെജില്‍ മകനെ ചേര്‍ത്തു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്‍ജിനീയറിംഗ് കോളെജിലേക്ക് വരുണിന് പോകേണ്ടി വന്നു. എന്നാല്‍ അപ്പോഴും തന്റെ പാഷന്‍ ഉപേക്ഷിക്കാന്‍ വരുണ്‍ തയ്യാറല്ലായിരുന്നു.

മനസില്ലാ മനസോടെ പഠനം തുടങ്ങി. എന്നാല്‍ അപ്പോഴും മനസില്‍ മുഴുവന്‍ സിനിമയായിരുന്നു. കാമ്പസ് വിട്ട് പുറത്തു പോയി സിനിമ വ്യവസായത്തിന്റെ ഭാഗമാകാനുള്ള അനുവാദം ഇല്ലാത്തതിനാല്‍ കാമ്പസിനകത്ത് വച്ച് തന്നെ ഷോര്‍ട്ട്ഫിലിം നിര്‍മാണം ആരംഭിച്ചു.ഹോസ്റ്റല്‍ ഫീസില്‍ നിന്നും മിച്ചം വച്ച പണം കൊണ്ട് തുടങ്ങിയ ആ സ്റ്റാര്‍ട്ടപ്പിന് ‘ലാസ്റ്റ് മിനിറ്റ് ഫിലിംസ്’ എന്നാണ് വരുണ്‍ പേര് നല്‍കിയത്. കാമ്പസിന് പുറത്തേക്കുള്ള ലാസ്റ്റ് മിനിറ്റ് ഫിലിംസിന്റെ വളര്‍ച്ച വരുണ്‍ അഗര്‍വാള്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു.

മ്യൂസിക് വീഡിയോസ്, കൊമേഷ്യല്‍ ആഡ്‌സ്, കൊമേഷ്യല്‍ ഫിലിംസ്, കോര്‍പ്പറേറ്റ് ഫിലിംസ് തുടങ്ങിയവ വരുണ്‍ അഗര്‍വാളിന്റെ സ്ഥാപനത്തില്‍ പിറവിയെടുത്തു. താന്‍ ഒരു മികച്ച സംരംഭകനാണ് എന്ന് തെളിയിക്കുന്നതായിരുന്നു വലിയ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുണ്‍ അഗര്‍വാളിന്റെ സ്ഥാപനത്തെ തേടിയെത്തിയ അവസരങ്ങള്‍. എന്നാല്‍ അതുകൊണ്ട് ഒന്നും തന്നെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. താന്‍ നിര്‍മിച്ച ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും യുട്യൂബില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിക്കുമ്പോള്‍ ബിസിനസ് ചര്‍ച്ചകള്‍ക്കും എന്‍ജിനീയറിംഗ് അവസാന വര്‍ഷ പരീക്ഷയ്ക്കും ഇടയിലായിരുന്നു വരുണ്‍. ശ്രദ്ധ മുഴുവന്‍ ബിസിനസില്‍ ആയതിനാല്‍ തന്നെ പലവട്ടം പരാജയപ്പെട്ട ശേഷമാണ് എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയത്. എന്നാല്‍ അപ്പോഴേക്കും വരുണിന്റെ ലാസ്റ്റ് മിനിറ്റ് ഫിലിംസ് ലക്ഷങ്ങള്‍ വരുമാനമുള്ള ഒരു സ്ഥാപനമായി മാറിയിരുന്നു.

21 വയസ്സ് തികഞ്ഞപ്പോഴേക്കും ബോളിവുഡ് തരാം പ്രീതി സിന്റയെ നായികയാക്കി എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കൊമേഷ്യല്‍ ആഡ് ചെയ്യുന്ന രീതിയിലേക്ക് വരുണ്‍ അഗര്‍വാള്‍ വളര്‍ന്നു. എന്നാല്‍ അവിടം കൊണ്ടൊന്നും നില്‍ക്കുന്ന ഒന്നായിരുന്നില്ല വരുണിന്റെ സംരംഭകയാത്ര. സീരിയല്‍ എന്‍ട്രാപ്രണര്ഷിപ്പ് എന്ന ആശയം എവിടെ നിന്നോ വരുണിന്റെ മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.

ഇഷ്ടമേഖലയായി ഫാഷനും

കസ്റ്റമൈസ്ഡ് ടീഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്യുന്ന സ്ഥാപനമായിരുന്നു അടുത്ത സംരംഭം. പേര് അല്‍മ മാറ്റര്‍ . ഇന്ത്യയൊട്ടുക്കുമുള്ള വിവിധ കോളെജുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അല്‍മ മാറ്ററില്‍ നിന്നും കസ്റ്റമൈസ്ഡ് ടീ ഷര്‍ട്ടുകളും ഹൂഡുകളും വാങ്ങാന്‍ തുടങ്ങിയതോടെ ഈ സംരംഭവും ഹിറ്റായി. അതോടെ വരുണിന്റെ രാശിയും തെളിഞ്ഞു. സീരിയല്‍ എന്‍ട്രപ്രണര്ഷിപ്പ് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ തന്റെ അടുത്ത സംരംഭത്തിനും വരുണ്‍ ഉടന്‍ തുടക്കമിട്ടു. റെറ്റിക്കുലര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റ് ആയിരുന്നു അത്. എല്ലാവരും എന്ത് പഠിക്കുന്നു , എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിനെ പറ്റി ചിന്തിക്കാതെ സ്വന്തം പാഷനുകള്‍ക്ക് പിന്നാലെ സഞ്ചരിച്ചല്‍ വിജയം നമുക്കൊപ്പം നില്‍ക്കും എന്ന് വരുണിന്റെ കഥ തെളിയിക്കുന്നു.

Categories: Editorial, Slider
Tags: fashion, success