അത്ഭുതപ്പെടുത്തും മൗറോ മൊറാന്‍ഡിയുടെ ഏകാന്തജീവിതം

അത്ഭുതപ്പെടുത്തും മൗറോ മൊറാന്‍ഡിയുടെ ഏകാന്തജീവിതം

നമ്മള്‍ ഏകാന്ത വാസം നയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനമാണ് അതിനു കാരണം. എന്നാല്‍ പലര്‍ക്കും അതിനു സാധിക്കുന്നില്ല. മുന്‍പത്തേക്കാളധികം സാമൂഹികമായി ഓരോരുത്തരും ബന്ധിതരാണ് ഇന്ന്. ടെക്‌നോളജി അതിനു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി ഒറ്റയ്ക്ക് ഒരു ദ്വീപില്‍ കഴിയുന്ന 81-കാരനായ ഒരാളുണ്ട്. അയാളുടെ ജീവിതം ഇപ്പോള്‍ പ്രസക്തമാണ്.

30 വര്‍ഷത്തിലേറെയായി, മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപിലെ ഏക നിവാസിയാണു മൗറോ മൊറാന്‍ഡി. ആഗോളതലത്തില്‍ കൊറോണ വൈറസ് വെളിപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഐസൊലേഷന്‍ എന്ന വാക്ക് സുപരിചിതമായിരിക്കുകയാണല്ലോ. എന്നാല്‍ ഏറ്റവും ഉചിതമായ ഒറ്റപ്പെട്ട സ്ഥലം അഥവ ഐസൊലേറ്റഡ് ലൊക്കേഷന്‍ എന്ന് എല്ലാ അര്‍ഥത്തിലും വിളിക്കാവുന്ന ഒന്നാണു മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപിലുള്ള മൗറോ മൊറാന്‍ഡിയുടെ ചെറിയ കുടില്‍. ഇപ്പോള്‍ നമ്മളില്‍ പലര്‍ക്കും ഐസൊലേഷനെ അഥവാ ഒറ്റപ്പെടലിനെ ഒരു ദിവസത്തേയ്‌ക്കോ, ആഴ്ചകളോ അല്ലെങ്കില്‍ മാസങ്ങളോ ആയി അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണല്ലോ. ഒറ്റപ്പെടലിനെ പലര്‍ക്കും പേടിയുമാണ്. എന്നാല്‍ മൗറോ മൊറാന്‍ഡിയാകട്ടെ, പതിറ്റാണ്ടുകളായി ഒറ്റയ്ക്കാണ്. തനിച്ച് ജീവിച്ചതിലൂടെ അദ്ദേഹത്തിനു ചില ഉള്‍ക്കാഴ്ചകള്‍ കൈവരികയും ചെയ്തു. 31 വര്‍ഷം മുമ്പാണു മുന്‍ അധ്യാപകന്‍ കൂടിയായ മൊറാന്‍ഡി, സര്‍ദീനിയയുടെ തീരത്തുള്ള ബുഡെലി ദ്വീപിലെത്തിച്ചേര്‍ന്നത്.

ഇറ്റലിയില്‍നിന്നും പോളിനേഷ്യയിലേക്കു കപ്പലില്‍ യാത്ര ചെയ്യുന്നതിനിടെയാണു ദ്വീപിലെത്തിച്ചേര്‍ന്നത്. അതിമനോഹരമായ ദ്വീപിലുള്ള സ്ഥടിക തുല്യമായ തെളിഞ്ഞ ജലം, പഞ്ചാര മണല്‍, മനോഹരമായ സൂര്യാസ്തമയങ്ങള്‍ എന്നിവയാല്‍ മൊറാന്‍ഡി പ്രണയത്തിലായി. പിന്നീട് അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ 81 ാം വയസില്‍, മൊറാന്‍ഡി, ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോ എന്ന ഖ്യാതിയുമായി ആ ദ്വീപില്‍ തന്നെ ഒറ്റയ്ക്കു കഴിയുകയാണ്. ഓരോ രാത്രിയും കല്ല് കൊണ്ട് നിര്‍മിച്ച വീടിനുള്ളില്‍ ഉറങ്ങുകയും ഓരോ പ്രഭാതത്തിലും ഉണരുകയും ചെയ്യുകയാണു മൊറാന്‍ഡി. വീട് പ്രകൃതിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതായത്, കുറ്റിച്ചെടികളും, പാറക്കെട്ടുകളുമാണ്. ഇവയൊക്കെ പര്യവേക്ഷണം ചെയ്തും പക്ഷികളുമായി സംസാരിച്ചും മൊറാന്‍ഡി സമയം ചെലവഴിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മൊറാന്‍ഡി ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയുന്നുണ്ട്. ഇറ്റലിയില്‍ കൊറോണ വൈറസ് വിതച്ച നാശത്തെ കുറിച്ചും, അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമൊക്കെ മൊറാണ്ടി അറിഞ്ഞു. തന്റേത് ഏകാന്ത ലോകമാണെങ്കിലും താന്‍ ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണു കഴിയുന്നതെന്നു തോന്നുന്നതായി മൊറാണ്ടി പറയുന്നു.

സ്വയം ഒറ്റപ്പെടലിനെ എങ്ങനെ മികച്ച രീതിയില്‍ നേരിടാം എന്നതിനെക്കുറിച്ചുള്ള ടിപ്പുകള്‍ പങ്കിടാനും അദ്ദേഹം ആഗ്രഹിക്കുന്നു. ‘ എനിക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നു. ഈ ദ്വീപ് സമ്പൂര്‍ണ സംരക്ഷണം നല്‍കുന്നു. അപകടസാധ്യതയൊന്നുമില്ല ഇവിടെ ‘ മൊറാന്‍ഡി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്നിനോടു മൊബൈല്‍ ഫോണിലൂടെ നടത്തിയ ചാറ്റില്‍ പറഞ്ഞു. പുറംലോകവുമായി അദ്ദേഹത്തിന് ആകെയുള്ളതും ഈയൊരു ബന്ധമാണ്. വടക്കന്‍ ഇറ്റലിയിലെ മൊദേന എന്ന സ്ഥലമാണു മൊറാന്‍ഡിയുടെ ജന്മസ്ഥലം. കൊറോണ ഏറ്റവുമധികം ബാധിച്ച ഒരു പ്രദേശം കൂടിയാണിത്.

ഇറ്റലിയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. അതു പക്ഷേ, മൊറാന്‍ഡിയെ കാര്യമായി ബാധിച്ചിട്ടുമില്ല. എന്നാല്‍ ഇറ്റലിയില്‍നിന്നും ചില ആളുകള്‍ മൊറാന്‍ഡിക്കു ഭക്ഷണം എത്തിച്ചിരുന്നു. അത് ഇപ്പോള്‍ ഇല്ലാതായി. ശിശിരകാലത്ത് വിനോദസഞ്ചാരികള്‍ മൊറാന്‍ഡി കഴിയുന്ന ദ്വീപിലെത്താറുണ്ട്. അത് ഇപ്പോള്‍ അവസാനിച്ചു. ദ്വീപിലെത്തിയിരുന്ന യാത്രക്കാരുമായി മൊറാന്‍ഡി ചങ്ങാത്തു കൂടിയിരുന്നു. ചിലപ്പോള്‍ അവരുമായി ഭക്ഷണം പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ അവസാനിച്ചിട്ടുണ്ട്. എല്ലാത്തിനും കാരണം കൊറോണ വൈറസ് ബാധിക്കുന്നതാണ്.

ദ്വീപില്‍ തനിയെ കഴിയുന്ന മൊറാന്‍ഡി, തന്റെ ഒരു ദിനം എങ്ങനെയാണു ചെലവഴിക്കുന്നതെന്നു നോക്കാം. ഒരു വിനോദമെന്നു പറയുന്നത് മരം ശേഖരിക്കുന്നതാണ്. അവ ഉപയോഗിച്ചാണു ഭക്ഷണം പാചകം ചെയ്യുന്നത്. പിന്നെ കുറച്ച് നേരം കടലിലേക്ക് നോക്കിയിരിക്കും. ശുദ്ധവായു ശ്വസിക്കും. ഇപ്പോള്‍ കുറച്ചുനാളുകളായി ഇന്‍സ്റ്റാഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

‘ എനിക്ക് ബോറടിക്കുമ്പോള്‍ ബീച്ചുകളുടെയും വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ഫോട്ടോയെടുക്കാനും അവ എഡിറ്റുചെയ്യാനും സോഷ്യല്‍ മീഡിയയിലും ഇന്‍സ്റ്റാഗ്രാമിലും പങ്കിടാനും ഞാന്‍ സമയം കളയുന്നു ‘ -മൊറാന്‍ഡി പറയുന്നു. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ മൊറാണ്ടിക്കു നിരവധി ഫോളോവേഴ്‌സുണ്ട്.

കോവിഡ്-19 പ്രതിസന്ധി തുടരുകയാണെങ്കില്‍ ജുലൈ വരെ വിനോദസഞ്ചാരികള്‍ താന്‍ കഴിയുന്ന ദ്വീപിലെത്തില്ലെന്നാണു മൊറാന്‍ഡി വിചാരിക്കുന്നത്. എങ്കിലും അതൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആളുകള്‍ക്ക് ഏകാന്തവാസം നയിക്കേണ്ടി വരികയാണ്. ഇത്തരം ആളുകള്‍ക്കു നല്‍കാന്‍ മൊറാണ്ടിക്കു ചില ടിപ്പ്‌സുകളും ഉണ്ട്. ഏതാനും ആഴ്ചകളില്‍ ഒത്തുചേരല്‍ ഒഴിവാക്കുന്നതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും പകരം ആ സമയം ആത്മപരിശോധനയ്ക്കായി വിനിയോഗിക്കാനുള്ള അവസരമാക്കിയെടുക്കണമെന്നും മൊറാന്‍ഡി പറയുന്നു. മെഡിറ്ററേനിയന്‍ ശൈത്യകാലം കഠിനമാണ്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്നതുമാണ്. ഈ സമയങ്ങളിലെല്ലാം താന്‍ ദ്വീപില്‍ തനിച്ചാണു കഴിയുന്നതെന്നു മൊറാന്‍ഡി പറയുന്നു.

‘ ഓരോ ശൈത്യകാലവും ഞാന്‍ എന്റെ വീടിനുള്ളില്‍ ഒറ്റയ്ക്കു മാസങ്ങളോളമാണു കഴിയുന്നത്. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ രണ്ടാഴ്ച ഏകാന്തവാസത്തിനു സാധിക്കുന്നില്ലേ ? അത് അസംബന്ധമായി തോന്നുന്നു ‘ മൊറാന്‍ഡി പറയുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ഇറ്റലിയില്‍ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. പാര്‍ക്കുകളിലോ, കടല്‍ത്തീരങ്ങളിലോ ചുറ്റുക്കറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കു കനത്ത പിഴയാണു ചുമത്തുന്നത്.

‘ നിങ്ങള്‍ കാര്യങ്ങളെ ഒരു വ്യത്യസ്ത രീതിയില്‍ കാണുവാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിച്ചാല്‍ മനസിലാകും നിങ്ങള്‍ എത്രത്തോളം ദയനീയ ജീവിതമാണു നയിക്കുന്നതെന്ന് അല്ലെങ്കില്‍ എന്തൊരു മോശം വ്യക്തിയാണു നിങ്ങളെന്ന്. ഈ ആത്മപരിശോധന ആത്യന്തികമായി വളരെ ഗുണകരമാണെന്നു ‘ മൊറാന്‍ഡി പറയുന്നു. ഓരോ വര്‍ഷവും യൂറോപ്പിലുടനീളം സഞ്ചരിച്ച് അലഞ്ഞുതിരിഞ്ഞു നടന്നയാളില്‍നിന്നും ഒരു ഏകാന്ത ദ്വീപുനിവാസിയായി മാറിയ പരിവര്‍ത്തന കഥ മൊറാന്‍ഡി വിവരിക്കുന്നു.

‘ എനിക്ക് ഇനി യാത്ര ചെയ്യണമെന്നു തോന്നുന്നില്ല- താത്പര്യമില്ല, ‘ മൊറാന്‍ഡി പറയുന്നു. എല്ലാവരുടെയും ഏറ്റവും മനോഹരമായ, അപകടകരമായ, സാഹസികവും, സന്തോഷകരവുമായ യാത്രകള്‍ അവരവരുടെ ഉള്ളില്‍ തന്നെയാണ് ഉള്ളതെന്നു താന്‍ വിശ്വസിക്കുന്നതായി മൊറാന്‍ഡി പറയുന്നു. കോവിഡ്-19 ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഓരോരുത്തരുടെയും ജീവിതത്തെ വിലയിരുത്താനുള്ള അവസരമൊരുക്കുന്നുണ്ടെങ്കിലും പലരും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇന്നു ഭൂരിഭാഗം വ്യക്തികളും സുഖസൗകര്യങ്ങള്‍ക്കും ഭ്രാന്തമായ ജീവിത ശൈലികള്‍ക്കും പിന്നാലെ പായുകയാണെന്നും മൊറാന്‍ഡി പറയുന്നു.

ബുഡെലി ദ്വീപ് എന്ന വിസ്മയം

ബിസി ഒന്ന്, രണ്ട് നൂറ്റാണ്ടുകളില്‍ ബോണിഫാസിയോ കടലിടുക്ക് കടക്കുന്ന റോമന്‍ കപ്പലുകള്‍ക്ക് ഒരു സുരക്ഷിത താവളമായിരുന്നു ബുഡെലി ദ്വീപ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈ ദ്വീപ് ഒരു തന്ത്രപ്രധാന കോട്ടയായി തീര്‍ന്നു. പിന്നീട് വിഗ്ഗിയാനിസ് എന്ന കുലീന ഇറ്റാലിയന്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലായി. ഒടുവില്‍ അത് മിലാനിലെ സംരംഭകനായിരുന്ന പിയറിനോ ടിസോണിക്കു വിറ്റു. 1984 ല്‍ സ്വിസ്-ഇറ്റാലിയന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നുവോവ ഗല്ലുറ എസ്ആര്‍എല്ലിന്റെ കൈകളിലേക്കു ബുഡെലി ദ്വീപിന്റെ ഉടമസ്ഥത കൈമാറി. കാലങ്ങളായി ബുഡെലി ദ്വീപിന്റെ ഉടമസ്ഥാവകാശം നിരവധി തവണ കൈമാറിയിട്ടുണ്ട്.
1991 ല്‍ ഇറ്റലിയിലെ പരിസ്ഥിതി മന്ത്രാലയം ബുഡെല്ലിയുടെ പിങ്ക് ബീച്ചിനെ ”ഉയര്‍ന്ന പ്രകൃതി മൂല്യമുള്ള” സ്ഥലമായി പ്രഖ്യാപിച്ചു. 1999 ആയപ്പോഴേക്കും ബീച്ച് പൂര്‍ണ്ണമായും അടച്ചു. അതോടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാതെയായി. 2013 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ബുഡെലി ദ്വീപിനെ വില്‍ക്കാന്‍ നുവോവ ഗല്ലുറ തീരുമാനിച്ചു. ന്യൂസിലാന്‍ഡിലെ ടെക്‌നോളജി എക്‌സിക്യൂട്ടീവായ മൈക്കിള്‍ ഹാര്‍ട്ട് 2.94 ദശലക്ഷം യൂറോയ്ക്കു ബുഡെലി ദ്വീപിനെ സ്വന്തമാക്കി. ബുഡെലി ദ്വീപിലുള്ള ആവാസവ്യവസ്ഥ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തു. മാത്രമല്ല, മൊറാന്‍ഡിയെ ദ്വീപിന്റെ ഔദ്യോഗിക രക്ഷാധികാരിയായി നിലനിര്‍ത്തുകയും ചെയ്തു. 1989 ലായിരുന്നു മൊറാന്‍ഡി ദ്വീപിലെത്തിയത്.

Categories: Top Stories