ആഗോള വാഹന വ്യവസായത്തെ പിടിച്ചുലച്ച് കൊറോണ

ആഗോള വാഹന വ്യവസായത്തെ പിടിച്ചുലച്ച് കൊറോണ

കാര്‍ നിര്‍മാതാക്കള്‍ ലോകമെങ്ങുമുള്ള പ്ലാന്റുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചത് കാര്‍ വ്യവസായത്തെയും സാരമായി ബാധിച്ചു. കാര്‍ നിര്‍മാതാക്കള്‍ ലോകമെങ്ങുമുള്ള തങ്ങളുടെ പ്ലാന്റുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ഓഹരി വിപണികളിലെ ഇടിവ് കാര്‍ കമ്പനികളുടെ മൂല്യത്തിലും കുറവ് വരുത്തി. വാഹന വില്‍പ്പനയിലും വലിയ ഇടിവാണ് സംഭവിച്ചത്. മിക്ക വലിയ മോട്ടോര്‍സ്‌പോര്‍ട്ട് ഇവന്റുകളും ഉപേക്ഷിക്കേണ്ടിവന്നു.

യുകെയിലെ സണ്ടര്‍ലാന്‍ഡ് ഫാക്റ്ററിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ് നിസാന്‍. ലീഫ്, പുതിയ ജ്യൂക്ക് തുടങ്ങിയ മോഡലുകള്‍ നിര്‍മിക്കുന്ന ഫാക്റ്ററിയില്‍ ഏഴായിരത്തോളം പേരാണ് പണിയെടുക്കുന്നത്. വാഹനഘടകങ്ങളും പാര്‍ട്ടുകളും ലഭിക്കാതെ വന്നതും കാര്‍ ആവശ്യകത പൊടുന്നനെ കുറഞ്ഞതും ജാപ്പനീസ് കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചു. യുകെയില്‍ താല്‍ക്കാലികമായി അടച്ചിടുന്ന മൂന്നാമത്തെ കാര്‍ നിര്‍മാണശാലയാണിത്. പിഎസ്എ ഗ്രൂപ്പ് തങ്ങളുടെ രണ്ട് ഫാക്റ്ററികള്‍ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വോക്‌സ്ഹാള്‍ പ്ലാന്റുകളാണ് പൂട്ടുന്നത്.

യൂറോപ്പിലെ ഫാക്റ്ററികളില്‍ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിവെയ്ക്കുന്നതായി ഫോഡ് പ്രഖ്യാപിച്ചു. ജര്‍മനിയില്‍ രണ്ട് പ്ലാന്റുകളും റൊമാനിയയില്‍ ഒരു പ്ലാന്റുമാണ് താല്‍ക്കാലികമായി പൂട്ടുന്നത്. മൂന്ന് തൊഴിലാളികളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് വലന്‍സിയ ഫാക്റ്ററിയിലെ ഉല്‍പ്പാദനം നേരത്തെ നിര്‍ത്തിയിരുന്നു. അതേസമയം എന്‍ജിനുകള്‍ നിര്‍മിക്കുന്ന യുകെയിലെ രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടരുന്നു. യൂറോപ്പിലെ ചില രാജ്യങ്ങളിലെ ഷോറൂമുകള്‍ അടച്ചതായും ഫോഡ് അറിയിച്ചു.

യൂറോപ്പിലെ മിക്ക ഫാക്റ്ററികളും ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് അടയ്ക്കുകയാണ്. ഈ വര്‍ഷത്തെ കമ്പനിയുടെ സാമ്പത്തികസ്ഥിതി എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മേധാവി ഹെര്‍ബര്‍ട്ട് ഡീസ് പ്രസ്താവിച്ചു. അതേസമയം ടെസ് ലയുടെ കാലിഫോര്‍ണിയയിലെ ഫ്രിമോണ്ട് ഫാക്റ്ററി പ്രവര്‍ത്തനം തുടരുന്നു. അസ്വസ്ഥത തോന്നുന്നപക്ഷം വീട്ടില്‍ ഇരിക്കാമെന്ന് നിര്‍ദേശിച്ച് പ്ലാന്റിലെ പതിനായിരത്തോളം തൊഴിലാളികള്‍ക്ക് ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് ഇമെയില്‍ അയച്ചതായി ലോസ് ആഞ്ജലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ ആരോഗ്യ സര്‍വീസിന് (എന്‍എച്ച്എസ്) വെന്റിലേറ്ററുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഫോഡ്, ഹോണ്ട ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് യുകെ സര്‍ക്കാര്‍. ചൈനയിലെ അനുകരണീയ മാതൃക മനസിലാക്കിയാണ് യുകെ സര്‍ക്കാര്‍ ഈ ആവശ്വം മുന്നോട്ടുവെച്ചത്. ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി തങ്ങളുടെ ഷെഞ്ജന്‍ ഫാക്റ്ററിയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മുഖാവരണങ്ങളും അണുനാശിനികളും നിര്‍മിക്കുകയാണ്. പ്രതിദിനം മൂന്ന് ലക്ഷം കുപ്പി അണുനാശിനികളും അമ്പത് ലക്ഷം മുഖാവരണങ്ങളുമാണ് ബിവൈഡി നിര്‍മിക്കുന്നത്. ഇതിനായി പ്രത്യേക പ്രൊഡക്ഷന്‍ ലൈനുകള്‍ തന്നെ ബിവൈഡി സ്ഥാപിച്ചു.

ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) മാര്‍ച്ച് 27 വരെ യൂറോപ്പിലെ തങ്ങളുടെ മിക്ക പ്ലാന്റുകളും അടച്ചു. ഇറ്റലി, സെര്‍ബിയ, പോളണ്ട് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ക്കാണ് താഴിട്ടത്. ഫെറാറിയുടെ മാരനെല്ലോ ഫാക്റ്ററി താല്‍ക്കാലികമായി അടച്ചുപൂട്ടി. ഇറ്റാലിയന്‍ ബ്രേക്ക് നിര്‍മാതാക്കളായ ബ്രെംബോയുടെ ഫാക്റ്ററിയുടെ കാര്യവും വ്യത്യസ്തമല്ല.

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിച്ചിരുന്നു. ന്യൂയോര്‍ക്ക് ഓട്ടോ ഷോ, ബെയ്ജിംഗ് മോട്ടോര്‍ ഷോ എന്നിവ മാറ്റിവെച്ചിരിക്കുകയാണ്.

ഇന്ത്യയില്‍, വാഹനഘടകങ്ങളും പാര്‍ട്ടുകളും ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വിവിധ കാര്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിട്ടില്ല. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, എഫ്‌സിഎ, ഫോഡ് തുടങ്ങി നിരവധി കമ്പനികള്‍ ഓഫീസ് ജീവനക്കാര്‍ രണ്ടാഴ്ച്ചക്കാലം വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചു.

Categories: Auto, Slider