മൂലധനമാകുന്ന ദളിത സ്വപ്‌നങ്ങള്‍

മൂലധനമാകുന്ന ദളിത സ്വപ്‌നങ്ങള്‍

ബിഎസ്പി തുടങ്ങിവെച്ച തന്ത്രം ഇന്ന് അവര്‍ക്കുനേരെ പ്രയോഗിക്കപ്പെടുന്നു

ഈ ആഴ്ച മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവി നാം കണ്ടു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദാണ് ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ മുഖം പ്രഖ്യാപിച്ചത്. ഭരണഘടനയെ സംരക്ഷിക്കുക, ദളിതരുടെയും ഗോത്രവര്‍ഗക്കാരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും വിശാലമായ കൂട്ടായ്മയുടേയും ക്ഷേമത്തിനായി ഭരണം നടത്തുക എന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ജാതി അടിച്ചമര്‍ത്തലുകളും വര്‍ഗീയതയും അവസാനിപ്പിക്കുമെന്നും പാര്‍ട്ടി പ്രതിജ്ഞ ചെയ്യുന്നു.

ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്‌നങ്ങള്‍ ആസാദ് സമാജ് പാര്‍ട്ടി നിറവേറ്റുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റുചെയ്തത്. ബിഎസ്പി പ്രവര്‍ത്തകര്‍ ഒരിക്കല്‍ ഇതിനു സമാനമായ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് മുതിര്‍ന്നവര്‍ക്കറിയാം. അതിനാലാകണം ആസാദ് കാന്‍ഷിറാമിനെ കൂട്ടുപിടിക്കുന്നത്. 1984 ലാണ് ബിഎസ്പി രൂപീകരിക്കുന്നത്. അക്കാലത്ത് ദളിതരുടെ രാഷ്ട്രീയ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ടിരുന്നത് ബി ആര്‍ അംബേദ്കര്‍ സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) ആയിരുന്നു. ആര്‍പിഐക്ക് അംബേദ്കറുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്നും ആ ലക്ഷ്യം കൈവരിക്കാന്‍ ഒരു പുതിയ പാര്‍ട്ടി ആവശ്യമാണെന്നുമായിരുന്നു ബിഎസ്പി രൂപീകരണത്തിന് പിന്നിലെ യുക്തി. ആസാദ് സമാജ് പാര്‍ട്ടി ഇതിനു സമാനമായ ഒരു യുക്തിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതും. കാന്‍ഷിറാം വിഭാവനം ചെയ്ത സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ബിഎസ്പിക്ക് ഇപ്പോള്‍ കഴിയില്ല, അതിനാല്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണ് എന്ന് അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അതായത് ബിഎസ്പി തുടങ്ങിവെച്ച തന്ത്രം ഇന്ന് അവര്‍ക്കുനേരെ പ്രയോഗിക്കപ്പെട്ടിരിക്കുന്നു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലയായ സഹാറന്‍പൂരിലെ ഹരിജന്‍ കോളനിയില്‍ നിന്ന് യാത്ര ആരംഭിച്ച ഒരു ദളിത് യുവനേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മാത്രമാണ് ഇത്. അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നിലെ സാധ്യമായ വഴികളെക്കുറിച്ച് ഇപ്പോള്‍ നമുക്ക് വ്യക്തമായ ധാരണയില്ല. ഇന്ത്യയിലെ രാഷ്ട്രീയ ഇടം എന്നു പറയുന്നത് ഇന്ന് തിങ്ങി നിറഞ്ഞതാണ്. പല രാഷ്ട്രീയ രൂപങ്ങളും യാതൊരു സ്വാധീനവും ചെലുത്താതെ ഇവിടെ വാടിപ്പോയിക്കഴിഞ്ഞു. ചിലത് അകാലത്തില്‍ ആരുമറിയാതെ പൊലിയുകയും ചെയ്തിട്ടുണ്ട്. അവിടേക്കാണ് ചന്ദ്രശേഖര്‍ ആസാദ് ബിഎസ്പിയുടെ നെഞ്ചില്‍കുത്തി പാര്‍ട്ടിയുടെ കൊടി പാറിക്കാന്‍ ശ്രമിക്കുന്നത്.

ഇപ്പോള്‍ മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി വാര്‍ധക്യാവസ്ഥയിലേക്ക് നീങ്ങുകയാണ് എന്നു പറയേണ്ടിവരുന്നു. പാര്‍ട്ടിയുടെ ഊര്‍ജ്വലമായ പ്രവര്‍ത്തനങ്ങള്‍ ഇന്നില്ല. ബിഎസ്പിയുടെ പ്രതാപ കാലം അവസാനിച്ചു എന്ന് എതിരളികള്‍പോലും കരുതിത്തുടങ്ങിയിരിക്കുന്നു. അതിനാലാണ് യുപിയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് എസ്പിയുടെ അഖിലേഷ് യാദവ് പോലും പ്രസ്താവനകള്‍ ഇറക്കുന്നത്.

ബിഎസ്പി മേധാവി മായാവതി സൃഷ്ടിക്കുന്ന അല്ലെങ്കില്‍ സമീപഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ ശൂന്യത നികത്താന്‍ ചന്ദ്രശേഖര്‍ ആസാദ് ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. കാലങ്ങളായി ബിഎസ്പിയുടെ പ്രത്യയശാസ്ത്രപരമായ ആവേശവും വോട്ട് വിഹിതവും നഷ്ടപ്പെടുകയാണ്. പാര്‍ട്ടിയുടെ മുന്‍കാല മുന്നേറ്റങ്ങളില്‍ നിന്ന് അത് വ്യതിചലിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. പ്രയോഗികതയുടെ അടിസ്ഥാനത്തില്‍ ഉള്ള രാഷ്ട്രീയത്തിന്റെ പ്രവാഹങ്ങള്‍ ബിഎസ്പിയുടെ പരുക്കന്‍ അരികുകളെ മിനുസപ്പെടുത്തിയെന്ന് ചിലര്‍ വാദിച്ചേക്കാം. ഏറ്റവും മുകളില്‍ ഒരു ദളിത് നേതാവ് എന്നതൊഴികെ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേയും പോലെയാണ് ഇന്ന് ബിഎസ്പി. ലക്നൗവില്‍ ബിജെപിയുടെ പിന്തുണയോടെ മൂന്ന് സര്‍ക്കാരുകള്‍ രൂപവല്‍ക്കരിച്ചു. ഗുജറാത്ത് കലാപത്തെത്തിനുശേഷം ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല എന്ന് വ്യക്തമാക്കിയ പാര്‍ട്ടികൂടിയാണ് ബിഎസ്പി. എല്ലാറ്റിനുമുപരിയായി, സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന റിസര്‍വേഷന്‍ ബില്ലിനെ അവര്‍ പിന്തുണക്കുകയും ചെയ്തു.

ദേശീയ രാഷ്ട്രീയത്തില്‍ ബിഎസ്പിയുടെ പ്രത്യേകതയും സ്ഥാനവും അതിവേഗം നഷ്ടപ്പെടുകയാണ്. അവിടെ ചന്ദ്രശേഖര്‍ ആസാദ് ഒരു അവസരം കാണുന്നു. ബിഎസ്പി പ്രവര്‍ത്തകര്‍ക്കുമേല്‍ സ്വാധീനമുറപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. ഒരു കാലത്ത് ബഹുജന്‍ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നവരെ ആകര്‍ഷിക്കാനും അദ്ദേഹം ശ്രമിക്കുന്നു.

ബിജെപി വിരുദ്ധ വോട്ടിനെ കൂടുതല്‍ വിഘടിപ്പിക്കുകയും ഒടുവില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും എന്നതാണ് എഎസ്പിയുടെ രൂപീകരണത്തോടുള്ള മതേതര, ഇടത്, ലിബറല്‍ പ്രതികരണം. എന്നാല്‍ ഈ വാദം വളരെ ദുര്‍ബലമാണ്, കാരണം 2019 ലെ ഉത്തര്‍പ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നിവ ഒരു മഹാസഖ്യം രൂപീകരിച്ചിരുന്നുവെങ്കിലും ബിജെപിയെ തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ബിഎസ്പിക്ക് അതിന്റെ അടിത്തറ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ദളിത് വോട്ട് പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടക്കും. എല്ലാപാര്‍ട്ടികളും ഇതിനായി ശ്രമിക്കും എന്നതും മറന്നുകൂടാ.വോട്ടര്‍മാരില്‍ ഒരു വിഭാഗം ബിജെപിയുടെ അടുത്തേക്ക് നീങ്ങുകയും ചെയ്യും. ഇവിടെ മറ്റു പാര്‍ട്ടിയുടെ കണക്കുകള്‍ പിഴയ്ക്കും.

2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 16.2 ശതമാനം വരുന്ന ദളിതര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകാന്‍ പാടില്ലാത്തത് എന്തുകൊണ്ടാണ്? പ്രത്യേകിച്ച് യുപിയില്‍ ദളിത് ജനസംഖ്യ 20 ശതമാനത്തില്‍ കൂടുതലാണ്. ബിഎസ്പിയുടെ വരവിനു മുമ്പ് ദളിതരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിരമായ വോട്ട് ബാങ്കായി കണക്കാക്കിയിരുന്നു. ദളിതര്‍ വീണ്ടും കോണ്‍ഗ്രസിനോ ബിജെപിക്കോ വോട്ടുചെയ്യാന്‍ തുടങ്ങിയാല്‍ അത് ഒരു പ്രശ്‌നമാകുമോ? എന്തായാലും ബിഎസ്പി ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും ദളിതര്‍ ഇതിനകം തന്നെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നുണ്ട്. ഇത് യുപിയില്‍ സംഭവിക്കുകില്ല എന്നുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ദളിതര്‍ക്ക് അവരുടേതായ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ പാര്‍ട്ടികളോ ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത് ഒരു ദളിത് നേതാവുള്ള സംവിധാനവുമായി യോജിക്കണം എന്നതുമായ വാദം പ്രാകൃതമാണ്. കാരണം ജനാധിപത്യം ഒരു ആധുനിക സംവിധാനമാണ്. അത് സമുദായതലത്തില്‍ അധിഷ്ഠിതമാകുമെന്ന് തോന്നുന്നില്ല.അതിനായി ഉയര്‍ന്ന ജാതിക്കാര്‍ ഒരു കൂട്ടമായി വോട്ടുചെയ്യുന്നത് നിര്‍ത്തേണ്ടതുണ്ട്. സാമൂഹ്യ ശ്രേണിയില്‍ താഴ്ന്ന ആളുകള്‍ അവരെ പിന്തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 2014 ലും 2019 ലക്സഭാ തെരഞ്ഞെടുപ്പിലും യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ അനുകൂലിച്ച് ഉയര്‍ന്ന ജാതിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത് ഇവിടെ ഓര്‍മിക്കാവുന്നതാണ്.

നിലവിലെ സാഹചര്യത്തില്‍, ദളിതര്‍ക്ക് അവരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിന് അവരുടെതായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരിക്കണം. ലോക്‌സഭയില്‍ പ്രമോഷന്‍ ബില്ലില്‍ സംവരണം പാസാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ അതേ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയില്‍ നിരവധി മുന്‍ ബിഎസ്പി നേതാക്കള്‍ ചേരുന്നത് നാം കണ്ടിട്ടുണ്ട്. ദളിതര്‍ക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടായിരിക്കേണ്ടതിന്റെ കാരണം ആ ഒരു സംഭവം വ്യക്തമാക്കുന്നു. ബീഹാറില്‍ ദളിതര്‍ തങ്ങളുടെ വിശ്വാസത്തെ ഒന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1990 കളില്‍ ദലിത് കൂട്ടക്കൊലകള്‍ക്കെതിരെ വലിയ രാഷ്ട്രീയ സമാഹരണം നടക്കാത്തതിന്റെ ഒരു കാരണം ഇതായിരിക്കാം. ദളിതര്‍ക്ക് ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകണം. അവയെ നിലനിര്‍ത്തുക എന്നതാണ് പ്രധാന പ്രശ്‌നം. നിലനിര്‍ത്താന്‍ അവര്‍ക്ക് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മൂലധനം ഉണ്ടാകുമോ എന്നതാണ് അടുത്ത പ്രശ്‌നമാണ്. ഒപ്പം ബിഎസ്പിയെയും എഎസ്പിയെയും നിലനിര്‍ത്താനും ഒരേ സമയം മറ്റ് ചില രൂപവല്‍ക്കരണങ്ങള്‍ക്കും ദളിതര്‍ക്ക് കഴിയുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

Comments

comments

Categories: Top Stories