ജനതയ്ക്ക് മേല്‍ അധികഭാരം ചുമത്തരുത്

ജനതയ്ക്ക് മേല്‍ അധികഭാരം ചുമത്തരുത്

പെട്രോളിനും ഡീസലിനും നികുതി കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുചിതവും ജനങ്ങള്‍ക്ക് മേല്‍ അധികഭാരം ഏല്‍പ്പിക്കുന്നതുമാണ്

ജനങ്ങളെ ദോഷകരമായി ബാധിക്കാത്ത രീതിയിലായിരിക്കണം നികുതി ചുമത്തേണ്ടതെന്നാണ് ഭാരതചരിത്രത്തിലെ സാമ്പത്തിക വിദഗ്ധരില്‍ സര്‍വരും ബഹുമാനിക്കുന്ന ആചാര്യ വിഷ്ണുഗുപ്തനെന്ന ചാണക്യന്‍ പണ്ട് പറഞ്ഞിരിക്കുന്നത്. പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന മോദി സര്‍ക്കാരിന് ഇത് മനസിലാകായ്ക ഉണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തര്‍ക്കമുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കാലത്ത് കൊറോണ വൈറസ് എന്ന മഹാമാരി കൂടി എത്തി ജനജീവിതം ദുസ്സഹമായിരിക്കുമ്പോള്‍ ഇന്ധനാഘാതമേല്‍പ്പിക്കുന്ന നടപടിയെ പിന്നെ എങ്ങനെയാണ് വിലയിരുത്തേണ്ടത്. അനുചിതവും അനവസരത്തിലുള്ളതും അധികഭാരം ഏല്‍പ്പിക്കുന്നതുമായിപ്പോയി മോദി സര്‍ക്കാരിന്റെ ഈ നടപടി.

ക്രൂഡ് ഓയില്‍ വിലയില്‍ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തിയിട്ടും പെട്രോളിനും ഡീസലിനും നികുതി കൂട്ടിയിരിക്കയാണ് സര്‍ക്കാര്‍. വിലക്കയറ്റത്താല്‍ ദുസഹമായാരിക്കയാണ് ജനജീവിതം. നികുതിയും ജീവിതച്ചെലവും വര്‍ധിക്കുന്നതനുസരിച്ച് സാധാരണക്കാരുടെ വരുമാനത്തില്‍ യാതൊരു വിധ വര്‍ധനയും കുറേക്കാലമായി ഉണ്ടായിട്ടില്ല. എന്തിന് നല്ലൊരു ശതമാനം മധ്യവര്‍ഗം പോലും ശമ്പളവര്‍ധനവ് കണ്ടിട്ട് കാലം കുറച്ചായി. വിപണിയിലേക്കുള്ള പണമൊഴുക്ക് ഇപ്പോഴും സാധാരണ നിലയിലായിട്ടുമില്ല. ചെലവിടാന്‍ കാശില്ലാത്ത അവസ്ഥയില്‍ ഇത്തരത്തില്‍ നികുതി വര്‍ധിപ്പിച്ചിട്ട് എന്താണ് കാര്യം. പണ്ട് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇന്ധനവില വര്‍ധനയുടെ പേരില്‍ ബഹളം വച്ചിരുന്നവര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞതിന് കാരണമെന്താണ്. ഇതാണോ രാഷ്ട്രീയം.

പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപയും റോഡ് സെസ് ഒരു രൂപയും വര്‍ധിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ധനവിലൂടെ 39,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കിയിട്ട് വേണോ എന്നതാണ് ചോദ്യം. പ്രത്യേകിച്ചും നിലവിലെ സാമ്പത്തിക, സാമൂഹ്യ അന്തരീക്ഷത്തില്‍. ഇന്ധന വിലക്കയറ്റം വ്യാപകമാകുമ്പോള്‍ അത് നമ്മള്‍ ദിനംപ്രതി ഉപയോഗിക്കുന്ന സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. ഭരിക്കുന്നവരിലേക്ക് ഈ ഭാരം എത്തുന്നില്ല.

നിലവിലെ ക്രൂഡ് ഓയില്‍ വിപണിയുടെ തകര്‍ച്ച ഇന്ത്യയുടെ മുന്നില്‍ വലിയ സാധ്യതകളായിരുന്നു തുറന്നിട്ടത്. ആവശ്യം വരുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ തന്നെ വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ച് വില കയറ്റം പിടിച്ചു നിര്‍ത്താനുള്ള മികച്ച അവസരമാണ് മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. 2017ല്‍ ഇന്ധനവില ദിനംപ്രതി അന്താരാഷ്ട്ര വിപണി വിലയ്ക്ക് അനുസരിച്ച് നിശ്ചയിക്കാനുളള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിന്റെ യുക്തി തന്നെ അതായിരുന്നില്ലേ. പിന്നെന്തേ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂപ്പുകുത്തുമ്പോള്‍ സാധാരണക്കാര്‍ക്കുള്ള പെട്രോള്‍, ഡീസല്‍ വിലയില്‍ അത് പ്രതിഫലിക്കാത്തത്. എണ്ണ വില വര്‍ധനവിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ച ബിജെപിക്ക് ഇതിനുത്തരം പറയാനുള്ള ബാധ്യതയുണ്ട്. എക്‌സൈസ് നികുതി കൂട്ടിയെങ്കിലെന്താ ഇന്ധന വില കൂട്ടിയില്ലല്ലോ എന്നാണ് പലരും ന്യായം പറയുന്നത്. ക്രൂഡ് ഓയില്‍ വില ചരിത്രപരമായ താഴ്ച്ചയിലെത്തിയിട്ടും എന്തേ ഇന്ധന വില കുറയാത്തതെന്നാണ് അതിനുള്ള മറുചോദ്യം.

Categories: Editorial, Slider