ഗ്ലാമറും ശമ്പളവും ഒപ്പത്തിനൊപ്പം

ഗ്ലാമറും ശമ്പളവും ഒപ്പത്തിനൊപ്പം

ബ്രൗസിംഗ് ഹിസ്റ്ററി പോലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഓരോ വ്യക്തിക്കും വേണ്ടി തയാറാക്കുന്ന പരസ്യങ്ങള്‍ക്കു പിന്നിലെ അടിസ്ഥാനം ഡേറ്റ സയന്‍സും ഡേറ്റ അനലിറ്റിക്‌സുമാണ്

കാലം മാറുകയാണ്, ഒപ്പം ജോലികളും. ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള ജോലികളാണ് ഇന്ന് ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ഒന്നാണ് ഡാറ്റ സയന്റിസ്റ്റ്. സംഭവം പേര് കേട്ടിട്ട് ആദ്യമൊരു ഞെട്ടല്‍ ഉണ്ടായേക്കാം. എന്നാല്‍ ഇവര്‍ ചെയ്യുന്ന ജോലി വിശദീകരിക്കുമ്പോള്‍ ആ ഞെട്ടല്‍ മാറുകയും ചെയ്യും. ആമസോണ്‍ പോലുള്ള ഇ–കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഒരു തവണയെങ്കിലും തിരഞ്ഞ ഉല്‍പന്നങ്ങള്‍ പിന്നീട് കുറച്ചു നാളേക്ക് ഓണ്‍ലൈനില്‍ നമ്മെ പിന്തുടരുന്നതു ശ്രദ്ധിച്ചിട്ടില്ലേ? നാം ഓണ്‍ലൈനില്‍ എന്തെങ്കിലും നോക്കുമ്പോഴും വായിക്കുമ്പോഴും ഇവയുടെ പരസ്യങ്ങള്‍ നമ്മെ തേടി എത്തുകയും വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അപ്പോഴെല്ലാം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടാവാം. എന്നാല്‍ ആ ചിന്തകള്‍ക്ക് കാരണമായത് ഡാറ്റ സയന്റിസ്റ്റുകളുടെ പ്രവര്‍ത്തനമാണ്.

ബ്രൗസിംഗ് ഹിസ്റ്ററി പോലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഓരോ വ്യക്തിക്കും വേണ്ടി തയാറാക്കുന്ന പരസ്യങ്ങള്‍ക്കു പിന്നിലെ അടിസ്ഥാനം ഡേറ്റ സയന്‍സും ഡാറ്റ അനലിറ്റിക്‌സുമാണ്. ഈ തൊഴില്‍ ചെയ്യുന്നവരാണ് ഡാറ്റ സയന്റിസ്റ്റുമാര്‍. ഡാറ്റ സയന്റിസ്റ്റ് ജോലി ഇന്നു ലോകമെങ്ങും ആകര്‍ഷകമായ കരിയറാണ്. തുടക്കത്തില്‍ ഒട്ടുമിക്ക ഡാറ്റ സയന്റിസ്റ്റ് ജോലികളും വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എങ്കിലും ഇപ്പോള്‍ ഇന്ത്യയിലും ഒട്ടേറെ പ്രഫഷനലുകള്‍ ഡേറ്റ സയന്‍സിലേക്കു ചുവടുമാറ്റുന്നുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ നല്ല ജ്ഞാനമുള്ളവര്‍ക്കു യോജിക്കുന്ന കരിയര്‍ സാധ്യതയാണിത്. പൈതണ്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ അറിഞ്ഞിരിക്കണം.

വിചാരിച്ചത്ര എളുപ്പമല്ല!

കാര്യം പറയുന്നത്ര എളുപ്പമല്ല ഡാറ്റ അനലറ്റിക്‌സ്.വിവരശേഖരണം, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളുടെ സഹായത്തോടെയാണു ഡേറ്റ സയന്‍സ് നിലനില്‍ക്കുന്നത്. വ്യക്തിപരമായി ഓരോ ഉപഭോക്താക്കളെയും ലക്ഷ്യമിടുക, മാര്‍ക്കറ്റിങ് രീതികള്‍ നിര്‍ണയിക്കുക തുടങ്ങിയ പ്രയോജനങ്ങളാണ് ഡേറ്റ സയന്‍സ് ഉപയോഗിക്കുന്ന കമ്പനികളെ കാത്തിരിക്കുന്നത്. സങ്കല്‍പിക്കാവുന്നതിലധികം ഡാറ്റായണ് ഓരോ സെക്കന്‍ഡിലും ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇന്റര്‍നെറ്റും അനുബന്ധ ഉപരണങ്ങളും വളരുന്നതിനൊപ്പം ഡാറ്റയും വര്‍ധിച്ചു വരികയാണ്. ഈ ഡാറ്റയൊക്കെ ക്രോഡീകരിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ഡാറ്റ സയന്റിസ്റ്റിന്റെ ജോലി. ഇതിനായി ഇന്ന് കാര്യക്ഷമമായ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയും ഡാറ്റ അനലറ്റിക്‌സ് ചെയ്യാം.

ഡാറ്റ സയന്‍സില്‍ മികച്ച പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇപ്പോഴുണ്ട്. പരിചയസമ്പത്തുള്ളവര്‍ക്കു അതിനനുസരിച്ച വരുമാനം ഉറപ്പാണ്. ആവശ്യത്തിനു ഡേറ്റ സയന്റിസ്റ്റുകളെ കിട്ടാനില്ല . കമ്പനികളില്‍ ജോലി ചെയ്യുകയോ ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട് എന്നതും ഈ തൊഴിലിന്റെ മേന്മയാണ്.

Categories: FK News