കോളെജ്, സര്‍വകലാശാലകളില്‍ പഠനം ഓണ്‍ലൈന്‍

കോളെജ്, സര്‍വകലാശാലകളില്‍ പഠനം ഓണ്‍ലൈന്‍
  • സൗജന്യ ഡിജിറ്റല്‍ ക്ലാസുകള്‍ നല്‍കി എജു-ടെക് സംരംഭങ്ങള്‍
  • ബൈജൂസ് ആപ്പില്‍ ഏപ്രില്‍ അവസാനം വരെ സൗജന്യ ക്ലാസ്
  • ഹാര്‍വാഡ് സര്‍കലാശാലയില്‍ ഈ മാസം 23 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്
  • ബ്ലാക്ക്‌ബോര്‍ഡ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം എന്നിവരും രംഗത്ത്

ന്യൂഡെല്‍ഹി: കൊറോണവൈറസ് ലോകമാകെ വ്യാപിക്കുമ്പോള്‍, പഠനം പാതിവഴിയില്‍ മുങ്ങിപ്പോകാതെ കാത്ത് ഓണ്‍ലൈന്‍ എജു-ടെക് സംരംഭങ്ങള്‍. കോളെജുകളും സര്‍വകലാശാലകളും ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്നത് കണക്കിലെടുത്ത് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലുമുള്ള സംരംഭങ്ങള്‍ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയാണ് കുട്ടികളുടെ പഠനത്തിലെ തടസം ഒഴിവാക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഇതുവരെ 75 പേര്‍ കൊറോണ ബാധിതരാണ്. കൊറോണ ഭീതിയില്‍ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടുകയും മറ്റ് എജുക്കേഷന്‍ സ്ഥാപനങ്ങളില്‍ പഠനം മുടങ്ങുകയും ചെയ്ത സാഹചര്യമാണുള്ളത്. പ്രീമിയം സ്ഥാപനങ്ങളായ ഐഐഎമ്മുകളും ഐഐടികളും ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ എജുക്കേഷന്‍ സ്ഥാപനങ്ങള്‍ ആദ്യ കൈക്കൊണ്ട നടപടി തന്നെ ഇനിയൊരറിപ്പുണ്ടാകുന്നതു വരെ ക്ലാസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമാണ്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും സജ്ജമായിട്ടില്ല. ഈ മാസം 31 വരെ ഐഐടി ഡല്‍ഹി ക്ലാസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഐഐഎം അഹമ്മദാബാദ് വാര്‍ഷിക കോണ്‍വോക്കേഷന്‍ ഈ മാസം 21 ന് നടത്താനിരിക്കുകയാണ്. ഐഐഎം ബെംഗളുരുവും സമാന തീരുമാനത്തിലാണ്. കേരളം, മുംബൈ, ജമ്മു, ഡെല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലെ മിക്ക സ്‌കൂളുകളും അടച്ചിരിക്കുകയാണ്. പരീക്ഷക്കാലമായതാണ് മറ്റൊരു തിരിച്ചടിയായിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയില്‍ ശിവ് നാടാര്‍ സര്‍വകലാശാലയില്‍ മാര്‍ച്ച് 31 വരെ വിദ്യാര്‍ത്ഥികളോട് കാംപസില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ എല്ലാ കോഴ്‌സുകളും ബ്ലാക്ക്‌ബോര്‍ഡ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം. എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കും.

ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുമ്പോള്‍ മറ്റു ചിലത് സൗജന്യ ഡിജിറ്റല്‍ ക്ലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. എജുക്കേഷന്‍ റിസര്‍ച്ച് സംഘടനയായ എജുക്കേഷണല്‍ ഇനീഷ്യേറ്റീവ്‌സ് എഐ അധിഷ്ഠിത മാത്സ് പ്രോഗ്രാമായ മൈന്‍ഡ്‌സ്പാര്‍ക്കിലേക്ക് 60 ദിവസത്തേക്ക് സൗജന്യ അക്‌സസ് നല്‍കും. ബൈജൂസ് ആപ്പ്, ടോപ്പര്‍ എന്നിവരും നിശ്ചിത കാലയളവിലേക്ക് സൗജന്യ പഠനം സാധ്യമാക്കുന്നുണ്ട്. ഏപ്രില്‍ അവസാനം വരെ ബൈജൂസിന്റെ മുഴുവന്‍ ആപ്പിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും.

മാര്‍ച്ച് 16 മുതല്‍ യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദര്‍ഹം സര്‍വകലാശാല സാധാരണഗതിയിലുള്ള പ്രതിദിന ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ലക്ചര്‍ തുടങ്ങുകയാണ്. കോളെജും ലൈബ്രറിയും തുറക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് പഠിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, വിവിധ ഫ്രഞ്ച്, ഇറ്റാലിയന്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ മാര്‍ഗമാണ് പിന്തുടരുന്നത്.
ഹാര്‍വാഡ് സര്‍കലാശാല ഈ മാസം പത്താം തീയതി മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇവിടെ ഈ മാസം 23 മുതലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. സര്‍വകലാശാലയില്‍ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കിലും ഈ നടപടി രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഏറെ സഹായകമായി. യുഎസ്, യുകെ രാജ്യങ്ങളില്‍ പൂര്‍ണമായും സ്ഥാപനങ്ങള്‍ അടച്ചിട്ടില്ല. എന്നാല്‍ ഫ്രാന്‍സ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇറ്റലിയിലെ പോളിടെക്‌നിക്കോ ഡി മിലാനോയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആശ്വാസകരമായി.

Comments

comments

Categories: FK News