ശിശുക്കളിലെ ഉറക്കക്കുറവും പെരുമാറ്റപ്രശ്‌നങ്ങളും

ശിശുക്കളിലെ ഉറക്കക്കുറവും പെരുമാറ്റപ്രശ്‌നങ്ങളും

നവജാതശിശുവിന്റെ ആദ്യ മാസങ്ങളിലെ ഉറക്കക്കുറവ് വിഷാദം, ഉത്കണ്ഠ, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചകമായിരിക്കുമെന്ന് ഗവേഷകര്‍

ശരിയായ ഉറക്കം ലഭിക്കാത്തത് മുതിര്‍ന്നവരെയെന്നതു പോലെ കുട്ടികളിലും പ്രത്യാഘാതമുണ്ടാക്കുന്ന ഘടകമാണ്. ശൈശവാവസ്ഥയിലെ മോശം ഉറക്കം പെരുമാറ്റ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിച്ച് ആദ്യ മാസങ്ങളില്‍ത്തന്നെ ഉറക്കം തടസ്സപ്പെടുന്നതും ഗാഢമല്ലാതെ മാറുന്നതും ഭാവിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കിടയിലെ വിഷാദം, ഉത്കണ്ഠ, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവ കാണപ്പെടാനുള്ളതിന് മുന്നോടിയായിരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ബിഎംജെ പീഡിയാട്രിക്‌സ് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ശിശുക്കളിലെ ഉറക്ക പ്രശ്‌നങ്ങള്‍, പതിവായി രാത്രിയില്‍ ഉണരുക, ഉറക്കദൈര്‍ഘ്യക്കുറവ്, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, പ്രത്യേക വൈകാരിക, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവ തമ്മിലുള്ള വ്യക്തമായ ബന്ധം കണ്ടെത്തി.

കുട്ടിക്കാലത്തെ ഉറക്ക പ്രശ്‌നങ്ങള്‍ വളരെ സാധാരണമാണ്. പകലത്തെ പെരുമാറ്റരീതികളില്‍ കാണപ്പെടുന്ന ബുദ്ധിമുട്ടുകളുമായി അതിനുള്ള ബന്ധം നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പഠനം ആദ്യമായാണ് ശൈശവത്തിലെയും കുട്ടിക്കാലത്തെയും ഉറക്ക പ്രശ്‌നങ്ങള്‍ കുട്ടിക്കാലത്തെ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് കാണിക്കുന്നു. കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നതും ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതും രാത്രിയില്‍ കൂടുതല്‍ തവണ ഉറക്കമുണരുന്നതും കുട്ടിക്കാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ കാണിക്കാന്‍ സാധ്യത കൂടുതലാണെന്നു പ്രമുഖ ഗവേഷകനായ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഇസബെല്‍ മൊറേല്‍സ്-മുനോസ് പറഞ്ഞു.

ശൈശവത്തിന്റെ ആദ്യ മാസങ്ങളിലെ ഉറക്കത്തിന്റെ ഗുണനിലവാരവും സ്വയം നിയന്ത്രണത്തിന്റെ വികാസവും കുട്ടിയുടെ സ്വഭാവത്തെ നിയന്ത്രിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിനായി, തെക്കന്‍ ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഒരു വലിയ പഠന കൂട്ടായ്മയായ ചൈല്ഡ്- സ്ലീപ്പ് എന്ന കൂട്ടായ്മയില്‍ മാതാപിതാക്കള്‍ പൂര്‍ത്തിയാക്കിയ രണ്ട് ഉറക്ക ചോദ്യാവലിയുടെ ഫലങ്ങള്‍ ഗവേഷണ സംഘം പഠിച്ചു. അടിസ്ഥാന ചോദ്യാവലി പൂര്‍ത്തിയാക്കിയ 1,700 ഓളം മാതാപിതാക്കളില്‍ നിന്ന് ഗവേഷകര്‍ വിവരങ്ങള്‍ നേടി, 3, 8, 18, 24 മാസങ്ങളില്‍ അവരുടെ കുട്ടികളുടെ ഉറക്കശീലത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഫലങ്ങള്‍ വൈകാരികവും പെരുമാറ്റപരവുമായ ലക്ഷണങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക ചോദ്യാവലിയുമായി താരതമ്യപ്പെടുത്തി, കുട്ടിക്ക് 24 മാസം പ്രായമുള്ളപ്പോള്‍ 950 മാതാപിതാക്കളോട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു മാസം രാത്രി ഉണരുമ്പോള്‍ കുട്ടികളിലെ വൈകാരിക, പെരുമാറ്റ, സ്വയം നിയന്ത്രണം എന്നീ പ്രശ്‌നങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. കുട്ടിക്കാലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉറക്കക്കുറവ് അനുഭവിച്ചവരും, ഉറങ്ങാന്‍ കൂടുതല്‍ സമയമെടുത്തവരും, പതിവായി രാത്രി ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിച്ചവരുമായ ശിശുക്കള്‍ക്ക് 24 മാസം പ്രായമുള്ളപ്പോള്‍ അവരുടെ പെരുമാറ്റവും വികാരങ്ങളും നിയന്ത്രിക്കുന്നതില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയേക്കാം. ഇത് വിനാശകരമായ വികാരങ്ങളിലേക്കും കോപം പോലുള്ള പെരുമാറ്റപ്രശ്‌നങ്ങളിലേക്കും നയിക്കും.

സാമൂഹിക-വൈകാരിക വികാസത്തില്‍ നേരത്തെയുള്ള ഉറക്ക പ്രശ്‌നങ്ങളുടെ പങ്കിനെക്കുറിച്ചുള്ള സമീപകാല ഗവേഷണങ്ങള്‍ക്ക് ഈ പഠനം സംഭാവന നല്‍കുന്നു. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സംവിധാനങ്ങള്‍ മൂലമാണ് ശിശുക്കളുടെ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. കുടുംബത്തില്‍ പൊതുവെ അനുവര്‍ത്തിച്ചു വരുന്ന ഉറക്ക രീതികള്‍, കരച്ചിലിനോടുള്ള രക്ഷാകര്‍തൃ പ്രതികരണങ്ങള്‍, മാതാപിതാക്കളുടെ സമ്മര്‍ദ്ദം എന്നിവയും കുട്ടിയുടെ ഉറക്കത്തിലും സാമൂഹിക-മാനസിക വികാസത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Photo by Pragyan Bezbaruah from Pexels

Comments

comments

Categories: Health
Tags: child, sleepless