ബിസിനസ് യാത്രാ വിഭാഗത്തില്‍ 820 ബില്യണ്‍ ഡോളര്‍ നഷ്ടം

ബിസിനസ് യാത്രാ വിഭാഗത്തില്‍ 820 ബില്യണ്‍ ഡോളര്‍ നഷ്ടം
  • നഷ്ടത്തിന്റെ പകുതിയും ചൈനയുടെ എക്കൗണ്ടില്‍; ഏഷ്യന്‍ മേഖല നേരിടുന്നത് കനത്ത തിരിച്ചടി
  • ഇന്ത്യയിലെ കൊറോണ രോഗികള്‍ 60; ഇറ്റലിയിലെ സാഹചര്യം ആശങ്കാകരമെന്ന് വിദേശകാര്യ മന്ത്രി
  • കൊറോണ ബാധിതര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കമ്പനികളോട് ഐആര്‍ഡിഎഐ

ഇറ്റലിയിലെ സ്ഥിതി അതീവ ആശങ്കാകരമാണ്. യൂറോപ്പില്‍ അനുദിനം വെല്ലുവിളി വര്‍ധിക്കുന്നു. അതിനനുസരിച്ച് നാം പ്രതികരിക്കേണ്ടതുണ്ട്. കാബ്‌നെറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിമാരുടെ സംഘവും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു. ഇതിനകം 948 ആളുകളെ വിദേശത്തു നിന്ന് നാട്ടിലേക്ക് തിരികെയെത്തിച്ചു.

-എസ് ജയശങ്കര്‍, വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: ആഗോള ദുരന്തമായി മാറിയിരിക്കുന്ന കൊറോണ വൈറസ് ബിസിനസ് മേഖലയെയാകെ ഗുരുതരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദന രാഷ്ട്രമായ ചൈനയെ വൈറസ് പിടികൂടിയതോടെ ലോകമെങ്ങുമുള്ള ബിസിനസ് യാത്രകള്‍ നിലച്ചു. ഇതുമൂലം ആഗോള ബിസിനസ് യാത്രാ മേഖലയ്ക്കുള്ള നഷ്ടം 820 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്‍ (ജിബിടിഎ) വ്യക്തമാക്കുന്നു. നഷ്ടത്തിന്റെ പകുതിക്കും കാരണമായത് ചൈനയാണ്. ഹോങ്കോംഗ്, തായ്‌വാന്‍, ഏഷ്യ പസഫിക്കിലെ മറ്റ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് യാത്രകളും ഗണ്യമായി റദ്ദാക്കപ്പെട്ടു. ബിസിനസ് യാത്രാ ബുക്കിംഗുകള്‍ ഭൂരിഭാഗവും റദ്ദാക്കേണ്ടി വന്നെന്ന് മേഖലയില്‍ സര്‍വീസ് നടത്തുന്ന നാലില്‍ മൂന്ന് കമ്പനികളും വ്യക്തമാക്കി.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ചൈനയിലേക്കുള്ള ബിസിനസ് യാത്രകളുടെ 95 ശതമാനവും റദ്ദാക്കപ്പെട്ടു. 404.1 ബില്യണ്‍ ഡോളറാണ് ഇതിലൂടെയുണ്ടായേക്കാവുന്ന നഷ്ടം. യൂറോപ്പിന് 190.5 ബില്യണ്‍ ഡോളറും ഈയിനത്തില്‍ നഷ്ടമായി. ഇതിന്റെ ഏറ്റവും വലിയ ആഘാതം പ്രത്യക്ഷമായി തന്നെ ഏറ്റിരിക്കുന്നത് വിമാനക്കമ്പനികള്‍ക്കും ഹോട്ടല്‍ വ്യവസായ മേഖലയ്ക്കുമാണ്. ബിസിനസ് കൂടിക്കാഴ്ചകളും ഇടപാടുകളും കരാറുകളും മുടങ്ങിയതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം ഇതിന്റെ അനേകം മടങ്ങാണ്.

നേരത്തെ 560 ബില്യണ്‍ ഡോളറിന്റെ ബിസിനസ് യാത്രാ നഷ്ടമാണ് ജിബിടിഎ കണക്കാക്കിയിരുന്നത്. എന്നാല്‍ വൈറസ് കൂടുതല്‍ വ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ കണക്കുകള്‍ പുറത്തു വിടുകയായിരുന്നു. ‘ബിസിനസ് യാത്രാ വ്യവസായത്തിന്റെ അടിത്തറ തന്നെ ഇളകുന്ന രീതിയിലാണ് കൊറോണയുടെ വ്യാപനം,’ ജിബിടിഎ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ (സിഒഒ) സ്‌കോട്ട് സോലോംബ്രിനോ പറയുന്നു. ബിസിനസ് യാത്രാ വ്യവസായത്തിനും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഇത് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തെ കുറച്ചു കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു.

കൊറോണ ബാധിതര്‍ 60

ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്നലെ 60 ല്‍ എത്തി. ഇവരില്‍ 14 പേര്‍ ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഡെല്‍ഹിയിലും രാജസ്ഥാനിലുമാണ് ഇന്നലെ പുതുതായി വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 14 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന റാന്നി സ്വദേശിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയുടെ മാതാപിതാക്കളെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ 52 പേരില്‍ 10 പേരെ കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Photo by Sourav Mishra from Pexels

Categories: FK News, Slider