ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍

മധ്യപ്രദേശില്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മുന്‍കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ ന്യൂഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സിന്ധ്യ അംഗത്വം സ്വീകരിച്ചു. ”ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയും, എനിക്ക് ഒരു സ്ഥാനം നല്‍കുകയും ചെയ്തു. അതിന് അവര്‍ക്കു ഞാന്‍ നന്ദി പറയുന്നു” മുന്‍ ഗുണ എംപി പറഞ്ഞു.

തന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയ രണ്ടുസംഭവങ്ങളുണ്ടെന്ന് ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിന്ധ്യ പറഞ്ഞു. ”ഒന്ന്, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ട ദിവസമാണ്. രണ്ടാമത്തേത്, ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനത്തിനായി ഒരു പുതിയ പാത തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതാണ്”. കോണ്‍ഗ്രസ് മുമ്പുണ്ടായിരുന്ന പാര്‍ട്ടിയല്ലെന്ന് സിന്ധ്യ പറഞ്ഞു. പൊതുജനസേവനം നടത്തുക എന്ന ലക്ഷ്യം ആ പാര്‍ട്ടി നിറവേറ്റുന്നില്ല. മുമ്പുണ്ടായിരുന്ന പാര്‍ട്ടിയല്ല ഇന്നുള്ളത് എന്നതിന് കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള അവസ്ഥ തന്നെ ഉദാഹരണമാണെന്നും സിന്ധ്യ തുറന്നടിച്ചു.

പിതാവും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് ് സിന്ധ്യ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചത്. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ തന്റെ ലക്ഷ്യം സംസ്ഥാനത്തിലെയും രാജ്യത്തെയും ജനങ്ങളെ സേവിക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനിന്നും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ ഈ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് എനിക്കത് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല- എന്ന് അടിവരയിട്ടു പറയുന്നു. ജനങ്ങളുടെയും തൊഴിലാളികളുടെയും അഭിലാഷം പ്രതിഫലിപ്പിക്കുകയും അത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഇപ്പോള്‍ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നതാണ് നല്ലതെന്ന് താന്‍ വിശ്വസിക്കുന്നതായും സിന്ധ്യ കത്തില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് അടിയന്തര പ്രാബല്യത്തോടെ സിന്ധ്യയെ പുറത്താക്കാന്‍ ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സിന്ധ്യ സന്ദര്‍ശിച്ചിരുന്നു. ഇത് അദ്ദേഹം ബിജെപിയിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കും കാരണമായിരുന്നു.

15 മാസം പഴക്കമുള്ള കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച ഇരുപത്തിയൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവച്ചിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് രാജിവച്ചവരുടെ എണ്ണം 30 ആയി ഉയരുമെന്ന് മധ്യപ്രദേശ് മുന്‍ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര സിംഗ് സൂചിപ്പിക്കുന്നു.

രാജിവയ്ക്കാനുള്ള സിന്ധ്യയുടെ തീരുമാനം കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സിന്ധ്യയെപ്പോലുള്ളവര്‍ക്ക് അധികാരമില്ലാതെ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. സിന്ധ്യയ്ക്ക് പ്രത്യയശാസ്ത്രം പ്രശ്‌നമല്ലെന്നും രാഷ്ട്രീയ സൗകര്യങ്ങളും വ്യക്തിപരമായ അഭിലാഷവും അദ്ദേഹത്തിന്റെ ഇപ്പോഴുള്ള തീരുമാനത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയും അഭിപ്രായപ്പെട്ടു. ബിജെപിയുടെ വാഗ്ദാനം കോണ്‍ഗ്രസില്‍ നിന്ന് മാറുന്നതിന് സിന്ധ്യയെ പ്രേരിപ്പിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി അംഗമായി സിന്ധ്യ ഉപരിസഭയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Politics

Related Articles