കോണ്‍ഗ്രസില്‍ തറവാടൊഴിയുന്നവരെ തടയാത്തതെന്ത്…?

കോണ്‍ഗ്രസില്‍ തറവാടൊഴിയുന്നവരെ തടയാത്തതെന്ത്…?

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടത് മുന്നറിയിപ്പില്ലാതെയൊന്നുമല്ല. ഏറെ നാളായി തിളച്ചുമറിഞ്ഞിരുന്ന മധ്യപ്രദേശ് രാഷ്ട്രീയത്തില്‍നിന്ന് അത് പ്രതീക്ഷിക്കാവുന്നതുമായിരുന്നു. മറുവശത്ത് ഒരു കാരണം തേടി നടക്കുന്ന ബിജെപികൂടിയാകുമ്പോള്‍ ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നിരീക്ഷകര്‍ അത് മുന്‍കൂട്ടി കാണേണ്ടതായിരുന്നു. അത് തടയാനും അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ സിന്ധ്യയെ ഒഴിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍നിന്ന് ഉണ്ടായത്. സംസ്ഥാന മുഖ്യമന്ത്രി പദം നോട്ടമിട്ട നേതാവാണ് സിന്ധ്യ. അദ്ദേഹത്തെ ഒരു രാജ്യസഭാ എംപിപോലും ആക്കില്ലെന്ന നിലപാട് വന്നപ്പോഴാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തറിക്ക് കളമൊരുങ്ങിയത്. സിന്ധ്യ കോണ്‍ഗ്രസിന്റെ തറവാട്ടുവീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പിറകേ പാര്‍ട്ടിതന്നെ കൊഴിഞ്ഞുപോകുമെന്ന് തലസ്ഥാനത്തെ രാഷ്ട്രീയ വിദഗ്ധര്‍ കരുതിയില്ല. സിന്ധ്യയുടെ രാജിക്കുമുന്‍പുതന്നെ പല കോണ്‍ഗ്രസ് എംഎല്‍എമാരെയും കാണാനില്ല എന്ന വാര്‍ത്ത മധ്യപ്രദേശില്‍നിന്നും വന്നിരുന്നു. ഇത് ആസന്നമായ അപകടത്തിന്റെ മുന്നൊരുക്കമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞില്ല എന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. തിരിച്ചറിഞ്ഞിട്ടും പ്രതികരിച്ചില്ല എന്നതാവും യാഥാര്‍ത്ഥ്യം. അപ്പോഴെല്ലാം മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പദ്ധതി ഉരുത്തിരിയുന്നത് സ്വന്തം തട്ടകത്തിലാണ് എന്നുമനസിലാക്കാന്‍ വൈകി. ഇപ്പോള്‍ കഴിവതും എല്ലാ എംഎല്‍മാരെയും ഒത്തുചേര്‍ക്കാനുള്ള അവസാന ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്.

സിന്ധ്യയുടെ രാജിക്ക് ഒരു പരിധിവരെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും കാരണക്കാരനാണ് എന്നു പറയേണ്ടിവരും. കാരണം സിന്ധ്യയുടെ രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വില്ലനായി അവതരിച്ചത് അദ്ദേഹമായിരുന്നു. കമല്‍നാഥിന് സിന്ധ്യയെ അകറ്റി നിര്‍ത്തുകയും വേണം, കാരണം സിന്ധ്യ അദ്ദേഹത്തിന് വെല്ലുവിളിയാണ്. അപ്പോള്‍ തീരുമാനം ജ്യോതിരാദിത്യ സിന്ധ്യക്ക് അനുകൂലമാകില്ലല്ലോ. എങ്കിലും അദ്ദേഹത്തിന്റെ രാജി വാര്‍ത്ത പുറത്തുവന്നു കഴിഞ്ഞ് സിന്ധ്യയുമായി ബന്ധപ്പെടാന്‍ ദിഗ്‌വിജയസിംഗിന് സാധിച്ചില്ല. കാരണം സിംഗിന് സുഖമില്ല, (സൈ്വന്‍ ഫ്‌ളൂ) ആണ് . അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള സമയമാണ് ഹോളി. എന്നാല്‍ ഈ ഹോളി ആഘോഷത്തില്‍ പാര്‍ട്ടിയിലെ നിലവിലുള്ള പ്രതിസന്ധി വര്‍ധിക്കുകയാണ്.

പാര്‍ട്ടിയില്‍ ഏറെക്കാലമായി സിന്ധ്യ തൃപ്തനല്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നടപടികള്‍ നിരീക്ഷിച്ചാല്‍ മനസിലാകും. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കുനീങ്ങുമ്പോള്‍ അവിടെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാക്കളില്‍ ഏറ്റവും മുന്‍പിലായിരുന്നു സിന്ധ്യ. എന്നാല്‍ ഒരു പരിഗണനയും നല്‍കാതെ അദ്ദേഹത്തെ ഒഴിവാക്കിയാണ് കമല്‍നാഥിനെ പാര്‍ട്ടി തല്‍സ്ഥാനത്തേക്ക് നിയോഗിച്ചത്. അന്നുതന്നെ പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യക്ക് പാര്‍ട്ടി നല്‍കിയതാകട്ടെ കോണ്‍ഗ്രസിന് ഒരു സാധ്യതയുമില്ലാത്ത ഉത്തര്‍പ്രദേശിന്റെ പകുതിയും. അവിടെയും അതൃപ്തിയായിരുന്നു സിന്ധ്യക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. പിന്നാലെ ജനറല്‍ സെക്രട്ടറിസ്ഥാനം സിന്ധ്യയും ഉപേക്ഷിച്ചു. ഇത് പാര്‍ട്ടിയോടുള്ള ഒരു പ്രതിഷേധം കൂടിയായിരുന്നുവെന്ന് പിന്നീടുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നു. അഭിപ്രായ വ്യത്യാസം പിന്നീട് മറനീക്കി പുറത്തുവന്നത് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴാണ്. സിന്ധ്യ കോണ്‍ഗ്രസിന്റെ നയത്തിനെതിരായ നിലപാട് സ്വീകരിച്ചു. അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചു. പിന്നീട് പലഘട്ടങ്ങളിലും സിന്ധ്യക്ക് അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ടായിരുന്നു. കമല്‍നാഥ് സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചപ്പോഴെങ്കിലും അപകടം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയേണ്ടിയിരുന്നു. നിലവിലുള്ള നേതൃത്വത്തെ അതൃപ്തിപ്പെടുത്താന്‍ ആരും ആഗ്രഹിച്ചില്ല. അതിന്റെ പരിണിതഫലമാണ് രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തിന്റെ ഇറങ്ങിപ്പോക്കിനു കാരണമായത്.

സിന്ധ്യയെ രാജിയിലേക്ക് നയിച്ചത് എന്തെല്ലാമെന്ന് ഇപ്പോള്‍ നമുക്ക് മനസിലാകുന്നു. ഇനി ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അതും വകരും ദിവസങ്ങളില്‍ പുറത്തുവരും. ഒരു കാര്യം മാത്രമുറപ്പാണ്, അതൊന്നും കോണ്‍ഗ്രസിന്‍ സുഖകരമായി കാര്യമാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സിന്ധ്യ സന്ദര്‍ശിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം നിരവധി അനുയായികളും കളമൊഴിയുമ്പോള്‍ താരതമ്യേന തരക്കേടില്ലാത്ത രീതിയില്‍ മുന്നോട്ടുപോയ ഒരു സംസ്ഥാന സര്‍ക്കാരിനെയാണ് പാര്‍ട്ടി ഇവിടെ ബലിയാടാക്കുന്നത്. എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് സിന്ധ്യയുടെ നീക്കം ചെറുതല്ല എന്ന് കമല്‍നാഥിന് മനസിലായത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് വ്യക്തമാണ്.

കഴിഞ്ഞയാഴ്ച തന്റെ എട്ട് എംഎല്‍എമാരെ ഗുരുഗ്രാം ഹോട്ടലിലേക്ക് വിമാനം കയറ്റിയപ്പോള്‍ കമല്‍നാഥ് ഭയന്നിരുന്നു. 228 അംഗ എംപി നിയമസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 107 പേരുണ്ടായിരുന്നു. ഇവിടെ ചോര്‍ച്ച സംഭവിച്ചാല്‍ സര്‍ക്കാര്‍ തകിടം മറിയും എന്ന് കമല്‍നാഥിന് ബോധ്യമുള്ളതുമാണ്. എന്നാല്‍ അവര്‍ ആരുംതന്നെ ഇത് ഗൗരവമുള്ള വിഷയമായി കണക്കാക്കിയില്ല. കാരണം മധ്യപ്രദേശില്‍ അധികാരം കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. അതിനാല്‍ ഒന്നും സംഭവക്കില്ലെന്ന് കോണ്‍ഗ്രസ് കരുതിയിരിക്കാം. എന്നാല്‍ ഇത്തവണ നമ്പറുകള്‍ കമല്‍ നാഥിനെ അനുകൂലിക്കുന്നില്ല. ”ഓപ്പറേഷന്‍ കമല്‍” ഇത്തവണ വിജയിച്ചതായി പറയേണ്ടിവരുന്നു. ഒരു കാലത്ത് ഭരണം നടത്തിയിരുന്ന, ഇപ്പോള്‍ പരാജയപ്പെടുന്ന പാര്‍ട്ടിയായി മാറുന്നു കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജി ഒരു നീണ്ട നിരയിലെ ആദ്യത്തേതായിരിക്കാം. അടുത്തത് സച്ചിന്‍ പൈലറ്റ് ആണെന്ന് ചിലര്‍ പറയുന്നു.

മധ്യപ്രദേശില്‍നിന്നുള്ള കാബിനറ്റ് മന്ത്രിമാരുടെ ഒരു പടതന്നെ രാജിവച്ചത് കഴിഞ്ഞദിവസമാണ്. ഇതില്‍ 17 പേര്‍ ബെംഗളൂരുവിലേക്ക് പറന്നു. ഗ്വാളിയര്‍ രാജകുടുംബത്തിലെ അസംതൃപ്തനായ നേതാവിനോട് കൂറുപുലര്‍ത്തുന്നവരാണിവര്‍. അവര്‍ വൈറ്റ്ഫീല്‍ഡിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലായിരുന്നു. അവര്‍ രാജിക്കത്തുകളുമായി പിന്നീട് രംഗത്തുവന്നു. കോണ്‍ഗ്രസിലെ കലഹങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സിന്ധ്യയുടെ ശ്രമങ്ങളെ സാധൂകരിക്കുന്നു, അല്ലെങ്കില്‍ അതിന് പിന്തുണ വര്‍ധിപ്പിക്കുന്നു. ഗുണയില്‍ ഒരുതവണ പരാജയപ്പെട്ടതിന് അദ്ദേഹം കമക്കുചോദിക്കുകയാണ് എന്ന് ധരിച്ചാലും കുറ്റപ്പെടുത്താനാവില്ല. സിന്ധ്യക്ക് അധികാരമോഹം ഉണ്ടാകാം. എന്നാല്‍ ഒരു പദവിയും നല്‍കാതെ നിലവിലുള്ള കസേരകളില്‍ അമര്‍ന്നിരിക്കുന്നവര്‍ സിന്ധ്യക്ക് എന്തു മറുപടി നല്‍കും. അതിനവര്‍ അര്‍ഹരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍ അധികാരം ഒരു കൂട്ടര്‍ക്കുമാത്രമെ പാടുള്ളു എന്ന് നിബന്ധനയുണ്ടോ.? ഇവിടെ കോണ്‍ഗ്രസിന് എന്താണ് സംഭവിക്കുന്നത്.? ഡെല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിക്ക് നിലംതോടാനാകാതെ പോയത് എന്തുകൊണ്ടാണ്? ഇത് കണ്ടെത്താനോ അതിന് പരിഹാരം നിര്‍ദേശിക്കാനോ അവിടെ അരുമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. പാര്‍ട്ടിയുടെ തറവാട് ഇന്ന് ശൂന്യമാകുകയാണ്.

സിന്ധ്യ രാജിവെയ്ക്കുമ്പോള്‍ ബിജെപി ചെയ്യുന്നത് എന്താണ്?ജ്യോതിരാദിത്യയെ ഇത് എങ്ങനെ സ്വാഗതം ചെയ്യും? അത് സിന്ധ്യയുടെ ആവശ്യത്തെ മുന്‍നിര്‍ത്തിയാകും തീരുമാനിക്കേണ്ടത്. ഇപ്പോള്‍, രാജ്യസഭയില്‍ ഒരു രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് അനുയോജ്യമാണ്.മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ശിവരാജ് സിംഗിനാകും ബിജെപി നല്‍കാന്‍ ആഗ്രഹിക്കുക. ചൗഹാന്‍ തുടര്‍ച്ചയായ മൂന്ന് തവണ സ്ഥാനം ഭരിച്ചയാളാണ്. മികച്ച ഭരമാധികാരി എന്ന പേരും ഉണ്ട്. 17 കോണ്‍ഗ്രസ് അംഗങ്ങളുമായി ചേര്‍ന്ന് ചൗഹാന്‍ ഏത് നിമിഷവും തന്റെ അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുമുണ്ട്. ജ്യോതിരാദിത്യയിലേക്ക് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന് 49 വയസാണ്. അദ്ദേഹത്തിന് 60 എത്തുമ്പോള്‍ നരേന്ദ്ര മോദിക്ക് 80 വയസ് തികയും. കേന്ദ്രത്തിലെ അധികാരത്തിന്റെ ശൂന്യത പൂരിപ്പിക്കാന്‍ നേതാക്കളെത്തേണ്ടകാലമാണ് അത്. ഇന്നത്തെ 40-കളിലുള്ള നേതാക്കള്‍ക്ക് മാത്രമേ ഈ വെല്ലുവിളിയുമായി മുന്നേറാന്‍ കഴിയൂ. എന്നാല്‍ സിന്ധ്യയ്ക്ക് സമാനമായ പ്രായപരിധിയിലുള്ള മറ്റ് നേതാക്കള്‍ ബിജെപിയിലുണ്ട്. അതിനാല്‍ സിന്ധ്യയുടെ ബിജെപി പ്രവേശം സംഭവിച്ചാല്‍ അത് പുഷ്പശയ്യ ആകമണമെന്നില്ല.

രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് പറയുമ്പോള്‍ സിന്ധ്യ രാജവംശത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. രാജമത വിജയ രാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിന്റെ പ്രധാന നേതാവായിരുന്നു. അതിനുശേഷം ബിജെപിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായി. എന്നാല്‍ മകന്‍ മാധവറാവു സിന്ധ്യ സ്വന്തം അമ്മയ്ക്കെതിരെയാണ് നീങ്ങിയത്. രാജീവ് ഗാന്ധിയുമായി ചങ്ങാത്തം കൂടിയ അദ്ദേഹം കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ വിജയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരായ വസുന്ധര രാജെ, യശോധര രാജെ എന്നിവര്‍ അമ്മയെപ്പോലെ ബിജെപിയില്‍ തുടര്‍ന്നു. വസുന്ധര രാജെ രണ്ടുതവണ രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി. യശോധര രാജെ ശിവപുരിയില്‍ നിന്ന് എംഎല്‍എയും. അതിനാല്‍, ജ്യോതിരാദിത്യക്ക് ബിജെപിയില്‍ പൂര്‍ണമായും സ്ഥാനമില്ലെന്ന് തോന്നാന്‍ ഒരു കാരണവുമില്ല.

പക്ഷേ രാഷ്ട്രീയം അനിശ്ചിതത്വത്തിന്റെ കളിയാണ്. അഭിലാഷവും ദൃഢനിശ്ചയവും അവരുടെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചേക്കാം.വിശ്വസ്തത, ധാര്‍മികത, പ്രത്യയശാസ്ത്രം എന്നിവയൊക്കെ രണ്ടാമതായാണ് വരുന്നത്. അധികാരമാണ് പ്രഥമ സ്ഥാനത്ത്. അധികാരമില്ലെങ്കില്‍ ബാക്കിയെല്ലാം ശൂന്യമായ വാക്കുകള്‍ മാത്രമാണ്. പാര്‍ട്ടിയില്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് അതിന്റെ നേതാക്കള്‍ക്ക് വില കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ താമസിയാതെ, സിന്ധ്യയുടെ പിന്നാലെ മറ്റുള്ളവരും കപ്പല്‍ ചാടാന്‍ തയ്യാറായേക്കും.

Categories: Top Stories