ഇരട്ടിച്ച് കൊറോണ

ഇരട്ടിച്ച് കൊറോണ
  • ഇന്നു മുതല്‍ 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുന്നു
  • സിനിമാ തിയേറ്ററുകളും പൂട്ടി; ഉത്സവങ്ങളും വിവാഹങ്ങളും ലളിതമാക്കും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ മുടക്കമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും

-മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയര്‍ന്നതോടെ അതിയന്തര നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. സ്‌കൂളുകളും കൊളേജുകളും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചു. മാര്‍ച്ച് 31 വരെയാണ് കരുതല്‍ നടപടി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാത്രമാവും ഈ കാലയളവില്‍ സ്‌കൂളുകളില്‍ നടക്കുക. തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് അടിയന്തര നടിപടികള്‍ തീരുമാനിച്ചത്. എല്ലാ സിനിമാ തിയേറ്ററുകളും ഇന്ന് മുതല്‍ 31 വരെ അടഞ്ഞുകിടക്കും. ആളുകള്‍ കൂട്ടംകൂടുന്നത് പരമാവധി തടയാനാണ് തീരുമാനം. ഉല്‍സവങ്ങള്‍, വിവാഹങ്ങള്‍ തുടങ്ങിയവ ലളിതമായി നടത്താന്‍ നിര്‍ദേശിക്കുമെന്ന് മുഖ്യമന്ത്രി, മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രമാവും നടത്തുക. ദര്‍ശനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളും ഒഴിവാക്കും. അതേസമയം നിയമസഭാ സമ്മേളനം നടക്കും.

വിദേശത്തു നിന്ന് വരുന്നവര്‍ രോഗവിവരം മറച്ചു വെക്കരുതെന്നും ഇത്തരത്തില്‍ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കും. രോഗവ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈകള്‍ ശുചിയാക്കാനുള്ള സാനിറ്റൈസര്‍ കൂടുതലായി ലഭ്യമാക്കും. മാസ്‌കുകള്‍ കൂടുതല്‍ തയാറാക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭയപ്പെടേണ്ട ഘട്ടമല്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

12 രോഗികള്‍

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്ക് കൂടിയാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ വടശേരിക്കരക്കാരായ അമ്മയും മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്തനംതിട്ട സ്വദേശികളായ നാല് പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.

ഇന്ത്യയിലെ കൊറോണ ബാധിതര്‍: 56

ആഗോള കൊറോണ ബാധിതര്‍: 1,15,761

കൊറോണ മരണസംഖ്യ: 4,085

Categories: FK News, Slider