സെന്‍സെക്‌സില്‍ ചരിത്ര ഇടിവ്

സെന്‍സെക്‌സില്‍ ചരിത്ര ഇടിവ്

എണ്ണ വിലത്തകര്‍ച്ചയിലും കൊറോണ ഭീതിയിലും ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണിയും. പോയന്റുകളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെ ബോംബെ ഓഹരി വിപണിയിലും നിഫ്റ്റിയിലും ഉണ്ടായത്. ബിഎസ്ഇ സെന്‍സെക്‌സ് 1,941 പോയന്റും എന്‍എസ്ഇ സൂചിക 538 പോയന്റുമാണ് ഇടിഞ്ഞത്. 2015 ഓഗസ്റ്റ് 24 ന് സെന്‍സെക്‌സ് 1,624 പോയന്റ് ഇടിഞ്ഞതാണ് മുന്‍പത്തെ റെക്കോഡ് വീഴ്ച. സെന്‍സെക്‌സ് 5.17% ഇടിഞ്ഞ് 35,634 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 5% ഇടിഞ്ഞ് 10,451 ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സില്‍ ഒന്നൊഴിയാതെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ 46 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. യെസ് ബാങ്ക് (32.20%), ബിപിസിഎല്‍ (5.45%), ഭാരതി ഇന്‍ഫ്രാടെല്‍ (2.85%), ഐഷര്‍ മോട്ടോഴ്‌സ് (0.71%) എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ച കൊറോണ ഭീതിയുടെ നിഴലില്‍ സെന്‍സെക്‌സ് 893 പോയന്റുകള്‍ ഇടിഞ്ഞിരുന്നു. ഇന്നലെ കൂനിന്‍മേല്‍ കുരുവെന്ന പോലെ എണ്ണ യുദ്ധം കൂടി പൊട്ടിപ്പുറപ്പെട്ടതോടെ നിക്ഷേപകര്‍ ഹതാശരായി.

8 ലക്ഷം കോടി നഷ്ടം

വിപണിയിലെ കൂട്ടത്തകര്‍ച്ച നിക്ഷേപകര്‍ക്ക് ഉണ്ടാക്കിയത് 7.72 ലക്ഷം കോടി രൂപയുടെ നഷ്ടം. ബിഎസ്ഇ സെന്‍സെക്‌സിന്റെ സംയോജിത വിപണി മൂലധനം 136.59 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്. വെള്ളിയാഴ്ച 144.31 ലക്ഷം കോടി രൂപയായിരുന്നു സംയോജിത മൂലധനം.

അംബാനിയെ വെട്ടി ടിസിഎസ്

12 വര്‍ഷത്തെ മോശം വീഴ്ചയാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഉണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒഹരി മൂല്യം 13.65% ഇടിഞ്ഞ് 1.094.95 രൂപയിലെത്തി. ഏഴ് ലക്ഷം കോടി വിപണി മൂലധനത്തിലേക്ക് ചുരുങ്ങിയ റിലയന്‍സിനെ രണ്ടാം സ്ഥാനത്താക്കി ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസസ് (ടിസിഎസ്) രാജ്യത്തെ ഏറ്റവും മൂലധന ആസ്തിയുള്ള കമ്പനിയായി. 7.31 ലക്ഷം കോടി രൂപയുടെ മൂലധനമാണ് ടിസിഎസിനുള്ളത്.

Categories: Business & Economy
Tags: sensex downs

Related Articles