റീബുക്കിംഗ് ചാര്‍ജുകള്‍ വേണ്ടെന്നുവെച്ച് യുഎഇ വിമാനക്കമ്പനികള്‍

റീബുക്കിംഗ് ചാര്‍ജുകള്‍ വേണ്ടെന്നുവെച്ച് യുഎഇ വിമാനക്കമ്പനികള്‍

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ കൊറോണ വൈറസ് പ്രതിസന്ധി മൂലം യാത്രകള്‍ മാറ്റിവെച്ചവരില്‍ നിന്നും റീബുക്കിംഗ് ഫീസ് ഈടാക്കില്ല

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ റീബുക്കിംഗ് ഫീസ് ഈടാക്കാതെ യാത്രയില്‍ മാറ്റം വരുത്താന്‍ ഉപഭോക്താക്കളെ അനുവദിച്ച് യുഎഇ വിമാനക്കമ്പനികള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം റീബുക്കിംഗില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് 8നോ അതിന് ശേഷമോ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ബാധകമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. മാര്‍ച്ച് 31 വരെ ഇളവുകള്‍ തുടരും. ഫീസുകളൊന്നും കൂടാതെ പതിനൊന്ന് മാസത്തിനുള്ളിലെ മറ്റേതെങ്കിലും ദിവസത്തേക്ക് ബുക്ക് ചെയ്ത അതേ ക്ലാസിലുള്ള ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാം. എമിറേറ്റ്‌സ് നെറ്റ്‌വര്‍ക്കിന് കീഴിലുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭിക്കും.

മാര്‍ച്ച് അഞ്ചിനോ അതിനുശേഷമോ യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഫീസുകളൊന്നും കൂടാതെ ഏപ്രില്‍ 15 വരെയുള്ള കാലയളവിലേക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും വ്യക്തമാക്കിയിട്ടുണ്ട്. വിമാനയാത്ര റദ്ദ് ചെയ്ത യുഎഇയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ചാര്‍ജുകളൊന്നും ഈടാക്കാതെ ടിക്കറ്റ് പണം തിരികെ നല്‍കുമെന്നും ഇത്തിഹാദ് വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള കത്ത് ആശ്യമാണ്.ഇറാന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള എയര്‍ അറേബ്യയും സൗജന്യമായി ബുക്കിംഗുകള്‍ റദ്ദ് ചെയ്യാമെന്നറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോയും മാര്‍ച്ച് 12നും 31നും ഇടയില്‍ ഡൊമസ്റ്റിക്, ഇന്റെര്‍നാഷണല്‍ വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രകള്‍ പുനഃക്രമീകരിക്കുന്നതിന് ഫീസ് ഈടാക്കില്ല.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുഎഇയില്‍ നിന്നും ചൈനയിലേക്കുള്ള ഭൂരിഭാഗം വിമാനസര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. മാത്രമല്ല ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തലാക്കുകയും ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia