കോവിഡ്19: ഉത്തരവാദിത്തമില്ലായ്മ അരുത്

കോവിഡ്19: ഉത്തരവാദിത്തമില്ലായ്മ അരുത്

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കയാണ്. ഇതുപോലൊരു പ്രതിസന്ധിക്കാലത്ത് ഉത്തരവാദിത്തമില്ലായ്മ കാണിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണെന്നത് മറന്നുപോകരുത്

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചിരിക്കയാണ്. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും രണ്ട് പേര്‍ ഇവരുടെ ബന്ധുക്കളുമാണ്. ആ രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധയേല്‍ക്കാന്‍ കാരണം ആദ്യം പറഞ്ഞ മൂന്ന് പേരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ഒന്നുമാത്രമാണ്. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ യഥാവിധി അനുസരിക്കുകയെന്ന ഉത്തരവാദിത്തമാണ് സകലരും പ്രകടമാക്കേണ്ടത്. അല്ലാതെ, നിസഹകരണ മനോഭാവം പ്രകടമാക്കി തങ്ങള്‍ എത്രമാത്രം സ്വാര്‍ത്ഥരാണെന്ന് കാണിക്കുകയല്ല.

ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് ഉത്തരവാദിത്തബോധം ഉണ്ടായില്ല എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 28ന് ഖത്തര്‍ എയര്‍വേസിന്റെ വെനീസ്-ദോഹ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ദോഹയിലെത്തിയ ഇവര്‍ ഖത്തര്‍ എയര്‍വേസിന്റെ തന്നെ ക്യുആര്‍ 514 വിമാനത്തിലാണ് കൊച്ചിയിലേക്ക് വന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ ഇവര്‍ പരിശോധനയ്ക്ക് വിധേയരായില്ല. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ തുടങ്ങിയ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു ഉത്തരവാദിത്തമില്ലായ്മ ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. നാട്ടിലെത്തിയ ശേഷം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഫലമാണ് മറ്റ് രണ്ട് പേര്‍ക്ക് കൊറോണ ബാധിച്ചത്. ഇത് ആദ്യം അറിഞ്ഞത് ആ ബന്ധുക്കളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലേത് കൂടിയാകുമ്പോള്‍ രാജ്യത്ത് ഇപ്പോള്‍ 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഗൗരവകരമായ കാര്യം കേരളത്തില്‍ ലോക്കല്‍ ട്രാന്‍സ്മിഷന്‍ സംഭവിച്ചു എന്നതാണ്, ഇറ്റലിയില്‍ നിന്നെത്തിയവരുടെ ഉത്തരവാദിത്തമില്ലായ്മയില്‍ നിന്നാണെങ്കില്‍ പോലും. ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസിനെ നിസാരമായി കാണുന്ന സ്ഥിതിവിശേഷമുണ്ടാകരുത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ ആത്മര്‍ത്ഥമായ സഹകരണം ഉണ്ടായാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ നമുക്കാകൂ. അങ്ങനെയുണ്ടെങ്കില്‍ പഴുതടച്ച പ്രതിരോധം സാധ്യമാണ് താനും. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വന്ന ഉടന്‍ തന്നെ മറ്റെവിടെയും പോകാതെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. കൊറോണ കാലത്തെ ഏറ്റവും അടിസ്ഥാനപരമായ നടപടിയാണത്. ഈ ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. അവിടങ്ങളില്‍ നിന്നെത്തുവര്‍ നിബന്ധമായും 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ടതുമുണ്ട്.

കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കാര്യങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതിരിക്കുന്നതും ആളുകൂടുന്നിടത്തുപോകുന്നതുമെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ കുറ്റകരമായ കാര്യമാണ്, സമൂഹത്തോട് ചെയ്യുന്ന ഉത്തരവാദിത്തമില്ലായ്മയാണ്. അതിനാല്‍ ഒത്തൊരുമിച്ച് മുന്നേറിയാല്‍ മാത്രമേ ഈ സാഹചര്യം വലിയ പരിക്കുകളില്ലാതെ അതിജീവിക്കാന്‍ നമുക്ക് സാധ്യമാകൂ. ലോകത്താകമാനം 103,168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് മറക്കരുത്. മൊത്തം മരണസംഖ്യ 3,500 പിന്നിട്ടു. ഇറ്റലിയുടെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് കൊറോണ വൈറസ് കാരണം ദുരിതത്തിലായിക്കഴിഞ്ഞു. അത്രമാത്രം ആഴമേറിയതാണ് നിലവിലെ ആരോഗ്യ പ്രതിസന്ധിയെന്നത് യാതൊരുകാരണവശാലും വിസ്മരിക്കരുത്.

Categories: Editorial, Slider