പിന്‍ സീറ്റില്‍നിന്ന് മുന്നിലേക്ക്

പിന്‍ സീറ്റില്‍നിന്ന് മുന്നിലേക്ക്

ജോലിക്കു പോവാനും കൂട്ടികളെ സ്‌കൂളില്‍ വിടാനും ഷോപ്പിംഗ് നടത്താനും മാത്രമല്ല സ്ത്രീകളെ സംരംഭകരാക്കി മാറ്റാനും സ്‌കൂട്ടര്‍ സഹായിക്കും

തൃശൂര്‍ മേയര്‍ അജിത വിജയന്‍ അതിരാവിലെ സ്‌കൂട്ടറില്‍ പാല്‍ വിതരണം നടത്തുന്നത് വാര്‍ത്തയായിരുന്നു. മേയര്‍ പദവിയിലെത്തും മുമ്പ് ചെയ്തിരുന്ന ജോലി അവര്‍ തുടരുകയാണ്. ഇതുപോല വാഹനം ആശ്രയിച്ച് സ്വന്തമായി ജോലികള്‍ ചെയ്യാന്‍ നിരവധി സ്ത്രീകള്‍ ഇന്നു മുന്നോട്ടു വരുന്നുണ്ട്. അവരുടെ കൂട്ടുകാരിയാവുകയാണ് സ്‌കൂട്ടര്‍.

ജോലിക്കു പോവാനും കൂട്ടികളെ സ്‌കൂളില്‍ വിടാനും ഷോപ്പിംഗ് നടത്താനും മാത്രമല്ല സ്ത്രീകളെ സംരംഭകരാക്കി മാറ്റാനും ഇത് സഹായകമാകുന്നു. ബസ്സില്‍ തിക്കിത്തിരക്കി പോവുകയോ ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്നോ സഞ്ചരിച്ചിരുന്ന വനിതകള്‍ക്കു ലഭിച്ച ചിറകാണ് സ്‌കൂട്ടര്‍ എന്നും പറയാം.

സ്‌കൂട്ടറുകളുടെ ഇന്ത്യയിലെ ചരിത്രമെടുത്താല്‍ അത് ആദ്യം പുരുഷന്മാരുടെ വാഹനമായിരുന്നു. ഗിയറുള്ള സ്‌കൂട്ടറുകളായിരുന്നു ആദ്യ കാലങ്ങളില്‍. ഈ സ്‌കൂട്ടറുകളും അപൂര്‍വമായി വനിതകളും ഓടിച്ചിരുന്നു. പിന്നീട് ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയും അവര്‍ സ്വതന്ത്രമായും സ്വസ്ഥമായും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് അനുയോജ്യമായ ഇരു ചക്രവാഹനങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്വയം സ്റ്റാര്‍ട്ടാവുന്നതും ഗിയര്‍ ഇല്ലാത്തതുമായ സ്‌കൂട്ടറുകള്‍ സ്ത്രീകളെ ഏറെ സ്വാധിനിക്കുകയും അവരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

ജോലിക്കു പോകുന്ന സ്ത്രീകളും വീട്ടമ്മമാരും മാത്രമല്ല വിദ്യര്‍ത്ഥിനികള്‍ കൂടി സ്‌കൂട്ടര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. സ്വന്തമായി വരുമാനം ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വ്യവസായ സംരംഭങ്ങളും കടകളും തുടങ്ങാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാത്രചെയ്യാനും സ്‌കൂട്ടര്‍ സഹായകമാണ്. മാത്രമല്ല ഇന്‍ഷുറന്‍സ് ഏജന്‍സി, വിതരണം, ചിട്ടി പിരിക്കല്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് പോലുള്ള ജോലികള്‍ ഏറ്റെടുത്ത് വേഗത്തില്‍സേവനം നല്‍കാന്‍ ഇതുപകരിക്കും.

ആഡംബരമായല്ല ആവശ്യമായാണ് വനിതകള്‍ സ്‌കൂട്ടറിനെ കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍ഡ് ഗുരുവും ഹരീഷ് ബിജോര്‍ കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപകനുമായ ഹരീഷ് ബിജോര്‍ അഭിപ്രായപ്പെട്ടതിങ്ങനെ: പുരുഷന്മാരുടെ വാഹനമായാണ് സ്‌കൂട്ടറിന്റെ തുടക്കം. ഗിയറുള്ള സ്‌കൂട്ടറായിരുന്നു അത്. ഗിയര്‍ മാറ്റുന്നതിന് അല്‍പ്പം ശക്തി വേണ്ടിവന്നിരുന്നു. അതേ സമയം 50 സിസി മോപ്പഡുകള്‍ വന്നപ്പോള്‍ വനിതകള്‍ അത് ഉപയോഗിച്ചു. ലൂണയും ടിവിഎസുമായിരുന്നു മോപ്പഡ് ബ്രാന്‍ഡുകള്‍. ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടറുകള്‍ പുറത്തിറങ്ങിയപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളും ഒരുപോലെ ഉപയോഗിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ പാഷനായി. സ്‌കൂട്ടി വന്നപ്പോഴേക്കും അത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകവുമായി. സ്‌കൂട്ടറില്‍ പുരുഷന്മാരുടെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ മുന്‍ സീറ്റിലേക്കു വന്ന് വാഹനം ഓടിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ക്ക് ആഗ്രഹത്തിനനുസരിച്ച് സ്വതന്ത്രമായും എളുപ്പത്തിലും സ്‌കൂട്ടറില്‍ യാത്ര ചെയ്യാനാവും.

സാധാരണ സ്‌കൂട്ടറുകള്‍ക്കു പുറമെ ഇലക്ട്രിക് സ്‌കൂട്ടറുകളും വനിതകള്‍ക്ക് അനുയോജ്യമാകുന്നു. സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന വനിതകളുടെ എണ്ണം കൂടി വരികയാണ്. അത്യാവശ്യം സാധനങ്ങള്‍ വയ്ക്കാനുള്ള സൗകര്യവും ലെഗ് സ്‌പേസും മിന്നുന്ന നിറങ്ങളും സ്റ്റൈലും അനായാസം ഓടിക്കാന്‍ കഴിയുന്നതുമായ സ്‌കൂട്ടറുകളാണ് പലരും ഇഷ്ടപ്പെടുന്നത്. അതിനാല്‍ സ്ത്രീകളുടെ സ്‌കൂട്ടര്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് വാഹനം വിപണിയിലിറക്കാനാണ് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

Categories: FK Special
Tags: scooter, women