വന്യജീവികളുടെ വില്‍പ്പനയ്ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

വന്യജീവികളുടെ വില്‍പ്പനയ്ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

ബീജിംഗ്: വുഹാനിലെ വന്യജീവികളെ വില്‍ക്കുന്ന വിപണിയില്‍നിന്നും ഉത്ഭവിച്ചതെന്നു കരുതപ്പെടുന്ന കൊറോണ വൈറസ് ലോകമെങ്ങും പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയിലുടനീളം വന്യമൃഗങ്ങളുടെ വില്‍പ്പനയ്ക്കും, ഉപഭോഗത്തിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വവ്വാല്‍, പാമ്പ്, ഈനാംപേച്ചി തുടങ്ങിയ ഏത് ജീവി വര്‍ഗമാണു കൊറോണ വൈറസ് മനുഷ്യരിലേക്കു പടര്‍ത്തിയതെന്നു വ്യക്തമല്ലെങ്കിലും മറ്റൊരു പകര്‍ച്ചവ്യാധി ഇനി ഉണ്ടാകുന്നത് തടയണമെങ്കില്‍ വന്യജീവികളുടെ ഉപഭോഗം, വില്‍പന എന്നിവ അടിസ്ഥാനമാക്കിയ വ്യവസായത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്നു ചൈനയ്ക്കു ബോധ്യപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ പാരിസ്ഥിതിക, ശാസ്ത്രീയ, സാമൂഹിക പ്രാധാന്യമുള്ള വന്യജീവികളുടെ ഉപഭോഗത്തിനും വില്‍പ്പനയ്ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഈ വര്‍ഷാവസാനം അത് നിയമമായി നടപ്പിലാക്കുമെന്നും കരുതുന്നുണ്ട്.

എന്നാല്‍ വന്യജീവികളുടെ വ്യാപാരം അവസാനിപ്പിക്കുന്നത് പ്രയാസമായിരിക്കുമെന്നാണു പൊതുവേ പറയപ്പെടുന്നത്. കാരണം, ചൈനയില്‍ വന്യജീവികളെ ഉപയോഗിക്കുന്നത് ഭക്ഷണത്തിനു മാത്രമല്ല, പരമ്പരാഗത വൈദ്യശാസ്ത്രം, വസ്ത്രം, ആഭരണ നിര്‍മാണം എന്നിവയ്ക്കു വന്യജീവികളുടെ അവയവങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വന്യജീവികളുടെ വ്യാപാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ല. 2003-ല്‍ സാര്‍സ് വൈറസ് മനുഷ്യരിലേക്കു പടരുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വെരുകിന്റെ വ്യാപാരം നിരോധിക്കുകയും അവയെ കൂട്ടത്തോടെ കണ്ടെത്തി കൊന്നൊടുക്കുകയും ചെയ്തിരുന്നു. സാര്‍സ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നു ഗ്വാങ്ഷുവില്‍ പാമ്പുകളുടെ വില്‍പ്പന നിരോധിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ചൈനയില്‍ ഇപ്പോഴും വന്യമൃഗങ്ങളുടെ മാംസം ഉപയോഗിച്ചു കൊണ്ടുള്ള വിഭവങ്ങള്‍ പലരും കഴിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്.

വന്യജീവികളുടെ ഉപഭോഗവും, വില്‍പ്പനയും നിരോധിക്കുന്നത് സുപ്രധാന നടപടിയാണെങ്കിലും നിരോധനത്തിലുള്ള പഴുതുകള്‍ അടയ്ക്കുന്നതിന് ഇപ്പോഴത്തെ ഈ നിര്‍ണായക സാഹചര്യത്തെ പ്രയോജനപ്പെടുത്തണമെന്നാണു പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്. പഴുതുകളെന്ന് ഇവിടെ ഉദ്ദേശിച്ചത്, പരമ്പരാഗത ചൈനീസ് വൈദ്യത്തിനായി വന്യമൃഗങ്ങളെ ഉപയോഗിക്കണമെന്ന വിശ്വാസമാണ്. ഈ വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ടാണു വന്യമൃഗങ്ങളെ വേട്ടയാടുന്നതും വില്‍പന നടത്തുന്നതും. മനോഭാവങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമായിരിക്കും ഫലപ്രദമായ നിയമം നടപ്പിലാക്കുവാന്‍ സാധിക്കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: World
Tags: Wild animals