1.0 ടിഎസ്‌ഐ എന്‍ജിനില്‍ ബിഎസ് 6 പോളോ, വെന്റോ

1.0 ടിഎസ്‌ഐ എന്‍ജിനില്‍ ബിഎസ് 6 പോളോ, വെന്റോ

5.82 ലക്ഷം രൂപയിലാണ് പോളോയുടെ വില ആരംഭിക്കുന്നത്. വെന്റോയുടെ വില 8.86 ലക്ഷം രൂപയില്‍ തുടങ്ങുന്നു

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഫോക്‌സ്‌വാഗണ്‍ പോളോ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക്, വെന്റോ സെഡാന്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.82 ലക്ഷം രൂപയിലാണ് പോളോയുടെ വില ആരംഭിക്കുന്നത്. വെന്റോയുടെ വില 8.86 ലക്ഷം രൂപയില്‍ തുടങ്ങുന്നു. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ് 6 പോളോയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഏകദേശം 4,000 രൂപ വര്‍ധിച്ചു. എന്നാല്‍ ബിഎസ് 4, ബിഎസ് 6 പതിപ്പുകളുടെ ബേസ് വേരിയന്റിന് ഒരേ വിലയാണ്. അതേസമയം പോളോ ജിടി ടിഎസ്‌ഐ വേരിയന്റിന് ഇപ്പോള്‍ 17,000 രൂപയോളം കുറഞ്ഞു. ബിഎസ് 6 വെന്റോയുടെ വില ഏകദേശം 10,000 മുതല്‍ 12,000 രൂപ വരെ വര്‍ധിച്ചു. കാബിന്‍ താപനില കുറയ്ക്കുന്നതിന് പുതിയ പോളോയിലും വെന്റോയിലും ചൂട് പ്രതിരോധിക്കുന്ന ഗ്ലാസ് നല്‍കിയിരിക്കുന്നു. ഈ പരിഷ്‌കരണം ഇന്ധന ഉപഭോഗം കുറയ്ക്കുമെന്ന് മാത്രമല്ല, ഡ്രൈവിംഗ് സമയത്ത് യാത്രാസുഖം വര്‍ധിപ്പിക്കും.

ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ രണ്ട് കാറുകള്‍ക്കും കരുത്തേകുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇഎ211 എന്ന പെട്രോള്‍ എന്‍ജിന്‍ കുടുംബത്തിലെ അംഗമാണ് 1.0 ലിറ്റര്‍ എന്‍ജിന്‍. പോളോയില്‍നിന്ന് 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും വെന്റോയില്‍നിന്ന് 1.2 ലിറ്റര്‍ ടിഎസ്‌ഐ, 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിനുകളും എടുത്തുമാറ്റി. രണ്ട് കാറുകളില്‍നിന്നും 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി. ഇന്ത്യയില്‍ ഇനി പെട്രോള്‍ വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് ഫോക്‌സ്‌വാഗണിന്റെ തീരുമാനം. 1.0 ലിറ്റര്‍ എംപിഐ (മള്‍ട്ടിപോയന്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ – നാച്ചുറലി ആസ്പിറേറ്റഡ്), ടിഎസ്‌ഐ (ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍ – ടര്‍ബോചാര്‍ജ്ഡ്) മോട്ടോറുകളാണ് ഇപ്പോള്‍ പോളോ ഉപയോഗിക്കുന്നത്. എന്നാല്‍ ടിഎസ്‌ഐ വേര്‍ഷന്‍ മാത്രമാണ് വെന്റോ മോഡലിന് കരുത്തേകുന്നത്. 108 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ടിഎസ്‌ഐ വേര്‍ഷന്‍.

1.2 ലിറ്റര്‍ എന്‍ജിനേക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതുമാണ് പുതിയ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനെന്ന് കമ്പനി അറിയിച്ചു. കൂടാതെ, പോളോ ടിഎസ്‌ഐ വകഭേദത്തിന് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ലഭിക്കും. സ്‌പോര്‍ട്ടി ഹാച്ച്ബാക്കിന്റെ ടര്‍ബോ-പെട്രോള്‍ വേര്‍ഷനില്‍ ഇതാദ്യമാണ് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നല്‍കുന്നത്. മാത്രമല്ല, പോളോ ജിടി ടിഎസ്‌ഐ വേരിയന്റിന് ഇപ്പോള്‍ 17,000 രൂപയോളം കുറഞ്ഞതും ആകര്‍ഷകമാണ്. ഹാച്ച്ബാക്കിലെ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സിന് പകരം ഇപ്പോള്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ നല്‍കി. ഫോക്‌സ്‌വാഗണ്‍ പോളോയുടെ ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ് വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍ നല്‍കിയിരിക്കുന്നത് ഹൈലൈന്‍ പ്ലസ്, ജിടി ലൈന്‍ വേരിയന്റുകള്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ മോട്ടോര്‍ ഉപയോഗിക്കും. 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ മാത്രമാണ് ബിഎസ് 6 ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഏക എന്‍ജിന്‍ ഓപ്ഷന്‍. ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നീ വേരിയന്റുകളില്‍ പുതിയ വെന്റോ ലഭിക്കും. ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നീ രണ്ട് ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്.

Comments

comments

Categories: Auto