സമാധാനത്തിന്റെ പുലരികളിലേക്ക് അഫ്ഗാന്‍ മിഴിതുറക്കുമോ

സമാധാനത്തിന്റെ പുലരികളിലേക്ക് അഫ്ഗാന്‍ മിഴിതുറക്കുമോ

രണ്ട് അധിനിവേശ ശക്തികള്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനെന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ കരാറിലൊപ്പിടുന്നതാണ് വാരാദ്യത്തില്‍ കണ്ടത്. 14 മാസത്തിനകം അഫ്ഗാനെ താലിബാന് വിട്ടുകൊടുത്തുകൊണ്ട് പൂര്‍ണമായും പിന്‍മാറാനാണ് യുഎസിന്റെ തീരുമാനം. മനുഷ്യ ജീവന് വിലയില്ലാത്ത താലിബാന്റഎ കിരാത ഭരണത്തിന് തങ്ങളെ വിട്ടുകൊടുക്കാനുള്ള കരാറിനെതിരെ അഫ്ഗാനിലെ സമാധാനകാംക്ഷികളും സാധാരണക്കാരും സര്‍ക്കാരും ശക്തമായി രംഗത്തു വന്നുകഴിഞ്ഞു. ഇന്ത്യയും ഈ ഉടമ്പടിയെ അത്ര താല്‍പ്പര്യത്തോടെയല്ല കാണുന്നത്

രണ്ട് ദശാബ്ദത്തോളം നീണ്ട ചോരപ്പുഴയ്ക്ക് അറുതി വരുത്തി യുഎസ്-താലിബാന്‍ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യമായിരികയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസും ഭീകരസംഘടനയായ താലിബാനും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. യുഎസ് പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദറുമാണ് കരാറില്‍ ഒപ്പിട്ടത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. അമേരിക്കയേയും സഖ്യസേനയേയും ഇനി ആക്രമിക്കില്ലെന്ന് താലിബാനും വ്യക്തമാക്കിയിരിക്കുന്നു.

എന്നാല്‍ താലിബാന്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കരാര്‍ അപ്രസക്തമാകുമെന്ന് അമേരിക്ക കരാറില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ശാശ്വതമായ സമാധാനം കരാര്‍ മൂലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമാരന്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചരിത്ര നിമിഷത്തിന് സാക്ഷികളായി ദോഹയിലെ ആഡംബര ഹോട്ടലില്‍ എത്തിയിരുന്നു. ഇതാദ്യമായാണ് താലിബാനുമായി ഇന്ത്യ ഒരു ഔദ്യോഗിക വേദി പങ്കിടുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ പ്രതിനിധി ചടങ്ങില്‍ പങ്കെടുത്തില്ല. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകളാണ് ഒടുവില്‍ കരാറിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമായത്. ചരിത്ര മുഹൂര്‍ത്തം വീക്ഷിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അടക്കമുള്ളവര്‍ ദോഹയില്‍ എത്തിയിരുന്നു. നിലവില്‍ ഈ കരാറില്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് കക്ഷിയല്ല.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത്, അഫ്ഗാനില്‍ നിന്ന് യുഎസ് സേനയെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയില്‍ സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ വലിയ ജനപിന്തുണയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ മാനേജ്‌മെന്റ് ശൈലി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും…അദേഹം ആത്യന്തികമായി ഒരു ബിസിനസുകാരനാണ്. അമേരിക്കയെയും ഒരു ബിസിനസ് സ്ഥാപനം പോലെയാണ് ട്രംപ് പലപ്പോഴും കൈകാര്യം ചെയ്തത്. നഷ്ടമുണ്ടാക്കുന്ന ഏര്‍പ്പാടുകള്‍ ട്രംപിന് ഇഷ്ടമില്ല. ഇത്തരത്തില്‍ ഏറ്റവും നഷ്ടമുണ്ടാക്കുന്ന ഏര്‍പ്പാടാണ് യുദ്ധം. അത് ട്രംപിന് നന്നായറിയാം. അത് കൊണ്ട് വിരട്ടിയും ചില മിന്നലാക്രമണങ്ങളില്‍ കൂടിയും കാര്യങ്ങള്‍ തീര്‍പ്പാക്കുകയല്ലാതെ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഒരു ഏര്‍പ്പാടിനും ട്രംപ് എന്ന ബിസിനസുകാരന്‍ തയാറാകില്ല. ഇറാനോടായാലും വടക്കന്‍ കൊറിയയോടായാലും അമേരിക്കന്‍ പ്രസിഡന്റിന്റെ നയം ഇതായിരുന്നു. വിരട്ടി കാര്യം സാധിക്കും. തനിക്ക് ലാഭമുള്ള ഏര്‍പ്പാടാണെങ്കില്‍ റഷ്യയോട് പോലും സഹകരിക്കാന്‍ ട്രംപ് തയാറാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെ ഒരു അമേരിക്കന്‍ പ്രസിഡന്റിനെ നമുക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നോ? അത്യാവശ്യത്തിന് മാത്രം യുദ്ധം. അഫ്ഘാനിസ്ഥാന്‍ മാത്രമല്ല പശ്ചിമേഷ്യ അടക്കമുള്ള ഒരു സ്ഥലത്തും യുദ്ധത്തിന്റെ പേരില്‍ ഇനി കാശു മുടക്കില്ല എന്നാണ് ട്രംപ് നയം.

19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുഎസ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്. 9/11 ഭീകരാക്രമണത്തിന്റെ വേരുകള്‍ പിഴുതെറിയുന്നതിനായിരുന്നു അഫ്ഗാനിസ്ഥാനിലെ അധിനിവേശം എന്നാണ് വൈറ്റ്ഹൗസ് പറഞ്ഞിരുന്നത്. അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിക്കിടെ ഇതിനകം 2,400 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാനില്‍ ചോരവീഴ്ത്താന്‍ യുഎസ് ചെലവിട്ടത് ലക്ഷം കോടി ഡോളറാണ് (ഏകദേശം 72 ലക്ഷം കോടി രൂപ). നാറ്റോ സഖ്യസേനയ്ക്ക് ആകെ നഷ്ടമായത് 3,500 സൈനികരെയാണ്. യുദ്ധമുഖത്ത് മരിച്ചുവീണത് ഒരു ലക്ഷം പേര്‍. അത്രതന്നെ സിവിലിയന്‍മാരും മരണത്തിന് കീഴടങ്ങി. നിലവില്‍ 12,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കുമെന്നാണ് കരാറില്‍ പറയുന്നത്. പതിനാല് മാസം കൊണ്ട് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കും.

എന്നാല്‍ കരാറിലെ വ്യവസ്ഥയായ 5,000 താലിബാന്‍ തടവുകാരുടെ മോചനം അംഗീകരിക്കില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കല്ലുകടിയായി മാറിയിട്ടുണ്ട്. കരാറിനോടുള്ള അസംപ്തൃതി വെളിവാക്കി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പരസ്യമായി രംഗത്തുവരികയുണ്ടായി. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ ദുര്‍ബലമായ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ നടക്കുന്ന ചര്‍ച്ചയുടെ ഫലമായി താലിബാന്‍ അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ഒരുറപ്പും കരാര്‍ നല്‍കുന്നില്ല. അല്‍ക്വയ്ദ പോലെയുള്ള ഭീകര സംഘടനകള്‍ക്ക് താലിബാന്‍ താവളമൊരുക്കില്ലെന്ന വാഗ്ദാനം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് യുഎസിന്റെ നേട്ടമാണ്. നാളുടനീളം ഭീകരരായി മുദ്രകുത്തി വേരോടെ പിഴുതെറിയാന്‍ ശ്രമിച്ച താലിബാനുമായി കരാറുണ്ടാക്കാന്‍ അമേരിക്കയെത്തിയെന്നതാണ് ഇതിലെ വലിയൊരു വൈരുധ്യം. തടവുകാരെ വിട്ടയച്ചാല്‍ പകരം തങ്ങള്‍ ബന്ദിയാക്കിയ 1,000 പേരെ വിട്ടയക്കാമെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 10 ന് മുന്‍പ് തടവുകാരുടെ കൈമാറ്റം നടക്കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഒന്നര വര്‍ഷത്തോളം നീണ്ട ചര്‍ച്ചകളിലെ പ്രധാന തടസം തടവുകാരുടെ കൈമാറ്റം സംബന്ധിച്ചുള്ളതായിരുന്നു.

ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ (ഐഇഎ) എന്ന് സ്വയം വിശേഷിപ്പിക്കുന്ന താലിബാന്‍ 1994 ല്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിനിടയിലാണ് രൂപംകൊള്ളുന്നത്. മുഹമ്മദ് ഒമര്‍ ആണ് സ്ഥാപകന്‍. 2001 ആകുമ്പോഴേക്കും അഫ്ഗാന്റെ മുക്കാല്‍ ഭാഗവും താലിബാന്റെ നിയന്ത്രണത്തിലായി.

താലിബാനും പാകിസ്ഥാനുമായുള്ള ബന്ധം വെച്ച് നോക്കിയാല്‍ ഇന്ത്യക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി സമാധാന ഉടമ്പടിയുണ്ടാക്കുമ്പോള്‍ ഇന്ത്യയെക്കാള്‍ പാകിസ്താനെ ആവശ്യമുണ്ട് അമേരിക്കക്ക്. ഇപ്പോളും അഫ്ഗാന്റെ പാതി ഭാഗം താലിബാന്‍ നിയന്ത്രണത്തിലാണ്. ഇന്ത്യ നിക്ഷേപം നടത്തിയിട്ടുള്ള ഛബഹാര്‍ തുറമുഖ പദ്ധതി താലിബാന് വലിയ എതിര്‍പ്പുള്ളതാണ്. ഇന്ത്യയില്‍ പതിനൊന്നു ലക്ഷത്തിലധികം അഫ്ഗാനികള്‍ പാര്‍ക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ ചരിത്രത്തിലാദ്യമായി ഒരു ഭീകര സംഘടനയുമായി അമേരിക്ക ഉണ്ടാക്കിയെടുത്തിരിക്കുന്ന സമാധാന കരാര്‍ ഇന്ത്യക്ക് അത്ര രുചിച്ചിട്ടില്ല. വെടിയൊച്ചകളും കണ്ണീരും നിറഞ്ഞ യുദ്ധകാലത്തില്‍ നിന്ന് സമാധാനപ്പുലരിയിലേക്ക് മിഴിതുറന്ന് അഫ്ഗാനിസ്ഥാന്‍ എത്തുമ്പോള്‍ സമാധാന പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ എല്ലാ വകയുമുണ്ട്.

Categories: FK Special, Slider