വലുപ്പത്തിലല്ല, ഗുണനിലവാരത്തിലാണ് കാര്യം

വലുപ്പത്തിലല്ല, ഗുണനിലവാരത്തിലാണ് കാര്യം

ബാങ്കുകള്‍ ‘വലുതായാല്‍’ മാത്രം മതി, പ്രശ്‌നങ്ങള്‍ തീരുമെന്ന് ധരിക്കുന്നത് അപക്വമാണ്. ലയനമല്ല ആത്യന്തിക ചികില്‍സയെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്

ബാങ്കിംഗ് രംഗത്ത് മറ്റൊരു വലിയ പരിഷ്‌കരണം കൂടി യാഥാര്‍ത്ഥ്യമാവുകയാണെന്നാണ് മോദി സര്‍ക്കാരിന്റെ അവകാശവാദം. 10 ബാങ്കുകളുടെ ലയനമാണ് ഇപ്പറയുന്ന പരിഷ്‌കരണം. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ നാല് ബാങ്കുകളായി ഏകീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ബുധനാഴ്ച്ച അംഗീകാരം നല്‍കിക്കഴിഞ്ഞു. ഓറിയന്റല്‍ ബാങ്ക് ഓഫ്‌കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്കിലും, സിന്‍ഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും, അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കിലുമാണ് ലയിപ്പിച്ചത്.

2018 ഡിസംബറിലാണ് പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ശക്തമായ ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കുകയെന്ന ആശയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പരസ്യപ്പെടുത്തുന്നത്. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറച്ച്, ആഗോളതലത്തില്‍ അപാരമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഏതാനും ബാങ്കുകളെ വികസിപ്പിക്കുകയെന്നതായിരുന്നു ആശയം. ശക്തമായ മൂലധന ശേഷിയുള്ള ബാങ്കുകളെന്നതായിരുന്നു സ്വപ്നം. അതാണ് ഇപ്പോള്‍ പടിപടിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യ മോദി സര്‍ക്കാരിലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഈ ആശയം പങ്കുവെച്ചിട്ടുണ്ട്.

ബാങ്കുകളുടെ ലയനത്തിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇതില്‍ ഏതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുക എന്നത് കണ്ടറിയണം. എണ്‍പത് ലക്ഷം കോടി രൂപയിലധികം ബിസിനസ് നടത്തിയിരുന്നവയാണ് ഇപ്പോള്‍ ലയിക്കുന്നതില്‍ ഓരോ ബാങ്കുമെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 1 നു നിലവില്‍ വരുന്ന ലയനം രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയ്ക്ക് വാണിജ്യപരമായും വൈകാരികപരമായും ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആഗോള ബാങ്കുകളുമായി മല്‍സരിക്കാനുള്ള മികച്ച ശേഷി നമ്മുടെ ബാങ്കുകള്‍ക്ക് ഇതോടെ കൈവരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അത് ആഗോളതലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിന്റെ മത്സരക്ഷമത ഗുണപരമായി വര്‍ധിപ്പിക്കുകയും ചെയ്‌തേക്കുമെന്ന വിശ്വാസത്തിലാണ് ലയനനടപടികള്‍ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്.

ലയനത്തോടെ വലുതായി മാറുന്ന പൊതുമേഖലാ ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷി മുമ്പത്തേക്കാള്‍ പല മടങ്ങ് വര്‍ധിക്കുമെന്നതില്‍ സംശയമില്ല. സ്വാഭാവിക രീതിയില്‍ ഇത് ബാങ്കിംഗ് മേഖലയ്ക്കും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ഉത്തേജനം പകരേണ്ടതുമാണ്. ഓരോ ബാങ്കിന്റെയും ചെലവുകള്‍ കാര്യക്ഷമമാക്കാനും വെല്ലുവിളികള്‍ കൂടുതല്‍ ഫലപ്രദമായി നേരിടാനും ഇത് സഹായിക്കും. ബാങ്കുകളുടെ വ്യാപ്തി വര്‍ധിക്കുന്നത് സാമ്പത്തിക ഉള്‍ക്കൊള്ളല്‍ ലക്ഷ്യങ്ങള്‍ക്ക് വേഗത നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഒന്നായിമാറുന്ന ബാങ്കുകളുടെ സാങ്കേതികവിദ്യാ സമ്പത്തിന്റെ സംയോജനം ഈ സ്ഥാപനങ്ങളുടെ മികവ് വിശാലമാക്കുമെന്ന സര്‍ക്കാര്‍ വാദത്തില്‍ കാര്യമുണ്ട്. ഡേറ്റാബേസ്‌വര്‍ധിക്കുന്നത് അതിവേഗം മാറുന്ന ഡിജിറ്റല്‍വല്‍കൃത വാണിജ്യ ബാങ്കിംഗ് മേഖലയില്‍ വലിയ നേട്ടമായിമാറും.

എന്നാല്‍ ഇതെല്ലാം സാധാരണക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമെല്ലാം എത്രമാത്രം ഉപകാരപ്രദമാകുന്ന രീതിയില്‍ മാറ്റാന്‍ പുതിയ ബാങ്കിംഗ് സംവിധാനത്തിന് സാധിക്കുമെന്നതാണ് വിഷയം. മെല്ലെപ്പോക്ക് നയമാണ് ബാങ്കുകള്‍ തുടരുന്നതെങ്കില്‍ എത്ര ലയനങ്ങള്‍ക്കൊണ്ടും പ്രയോജനമുണ്ടായെന്ന് വരില്ല. വലുതായത് കൊണ്ട് മാത്രം കാര്യമില്ല, പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലിസവും മികവും വരേണ്ടതുണ്ട്. വലിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരമ്പരാഗതമായി കണ്ടുവരുന്ന ബ്യൂറോക്രാറ്റിക് ലെതാര്‍ജി (മേധാവിത്വപരമായ ആലസ്യം) തുടര്‍ന്നാല്‍ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന പോലത്തെ അനുഭവമാകും കാണേണ്ടി വരുക. പൊതുവേയുള്ള ആലസ്യത്തെ പതിന്മടങ്ങ് ശക്തിപ്പെടുത്തുന്ന തരത്തിലാകരുത് കാര്യങ്ങള്‍. ലയനങ്ങള്‍ക്ക് പകരം സ്വകാര്യവല്‍ക്കരണത്തിന്റെ സാധ്യതകളാണ് സര്‍ക്കാര്‍ കൂടുതല്‍ പരിശോധിക്കേണ്ടത്.

Categories: Editorial, Slider