നഗരങ്ങളില്‍ പച്ചക്കൂടൊരുക്കി സുബര്‍

നഗരങ്ങളില്‍ പച്ചക്കൂടൊരുക്കി സുബര്‍

പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സംരംഭങ്ങള്‍ക്ക് സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ഇപ്പോള്‍ പ്രകൃതിയോട് ഇണങ്ങിയ സംരംഭങ്ങള്‍ക്ക് ഇന്ന് രാജ്യത്ത് വിപണി വര്‍ധിച്ചു വരികയാണ്. ഈ അവസരം മുതലാക്കിയാണ് ഭോപ്പാല്‍ സ്വദേശിയായ സുബര്‍ മുഹമ്മദ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഹരിതാഭ പടര്‍ത്തുന്നതിനായി ഇറങ്ങിത്തിരിച്ചത്

ഗ്രാമത്തിന്റെ ശോഭയേയും നൈര്മല്യത്തെയും ഹരിതാഭയെയും പറ്റിയെല്ലാം നാം വാചാലരാകുമെങ്കിലും സൗകര്യങ്ങളെ മുന്‍നിര്‍ത്തി നഗരങ്ങളില്‍ ചേക്കേറാനാണ് ബഹുഭൂരിപക്ഷം വരുന്ന ആളുകളും ആഗ്രഹിക്കുന്നത്. സ്വസ്ഥമായും സ്വാതന്ത്ര്യമാണ് ജീവിക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ കയ്യെത്തും ദൂരത്ത് ലഭിക്കും എന്നതാണ് നഗരങ്ങളിലെ ജീവിതത്തെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ നഗരങ്ങളില്‍ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമായി ഒതുങ്ങുമ്പോള്‍ ഒരിക്കലെങ്കിലും നാം ആഗ്രഹിച്ചുപോകും പച്ചപ്പും പ്രകാശവും ശുദ്ധവായുവും ലഭിക്കുന്ന ഒരു ജീവിതം.ഈ ആഗ്രഹത്തെ താമസംവിനാ സഫലീകരിച്ചുകൊണ്ടാണ് ഭോപ്പാല്‍ സ്വദേശിയായ സുബര്‍ മുഹമ്മദ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി സംരംഭകത്വ ഭൂപടനത്തില്‍ ഇടം പിടിക്കുന്നത്.

എന്‍ജിനീയറിംഗ് പഠനവേളയില്‍ മനസിലുടക്കിയ ഒരു ചിന്തയാണ് സുബര്‍ മുഹമ്മദിനെ സംരംഭകനാക്കി മാറ്റുന്നത്. ഇന്ന് ഇന്‍ഡോര്‍ ചെടികളുടെ വില്പനയിലൂടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഒതുങ്ങിക്കൂടി ആളുകള്‍ക്കിടയില്‍ പോസിറ്റീവ് എനര്‍ജി പരത്തി വ്യത്യസ്തനാകുകയാണ് സുബര്‍. ഭോപ്പാല്‍ പോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഒരല്‍പം പച്ചപ്പ് വേണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് സുബര്‍ ചെയ്യുന്നത്. ഓഫീസുകള്‍ , വീടുകള്‍, ഫ്‌ലാറ്റുകള്‍ എന്നുവേണ്ട എവിടെയും ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ ഒരുക്കുന്നതിനായി സുബര്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് പാരഡൈസ് ഗാര്‍ഡന്‍സ്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏതൊരു കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെയും അകത്തളത്തെ പച്ചപ്പ് കൊണ്ട് ശീതീകരിച്ച് സ്വര്‍ഗ്ഗ സമാനമാക്കുകയാണ് ഈ സംരംഭകന്‍ ചെയ്യുന്നത്.2019ല്‍ ആണ് സുബര്‍ പാരഡൈസ് ഗാര്‍ഡന്‍സ് എന്ന തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം വരുമാനവും എന്ന ആശയത്തിന്റെ പേരിലായിരുന്നു തുടക്കം.വൈറ്റ് കോളര്‍ ജോലിയോട് ഒട്ടും താല്‍പര്യം ഇല്ലാതിരുന്ന ആളാണ് സുബര്‍. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഗാര്‍ഡനിംഗ് ഇഷ്ടവിനോദമായിരുന്നു. ആ ഇഷ്ടമാണ് ഇത്തരം ഒരു സംരംഭം തുടങ്ങാന്‍ സുബറിനു പ്രേരണയായത്.

സ്വന്തം വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂന്തോട്ടം നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. ആ പൂന്തോട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടു. സമീപപ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സുബറില്‍ നിന്നും പൂന്തോട്ട നിര്‍മാണവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ സ്വീകരിക്കുമായിരുന്നു. പൂന്തോട്ട നിര്‍മാണത്തെ ഒരു ബിസിനസ് തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു മുന്‍പായി ഭോപ്പാലി ഫുഡ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട്അപ്പും സുബര്‍ തുടങ്ങിയിരുന്നു. ഭോപ്പാലി ഫുഡ് അത്യാവശ്യം മികച്ച രീതിയില്‍ തന്നെ ജനപ്രീതി നേടി. വ്യത്യസ്തമായ രുചികളാണ് ഇതിലൂടെ സുബര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. പ്രസ്തുത സംരംഭത്തിന്റെ വളര്‍ച്ചക്കായി മാതാപിതാക്കളും പിന്തുണ നല്‍കിയിരുന്നു. തുടര്‍ന്നാണ് പാരഡൈസ് ഗാര്‍ഡന്‍സിലേക്ക് തിരിയുന്നത്.

സുഹൃത്തിന്റെ ചോദ്യത്തില്‍ നിന്നും തുടക്കം

പ്ലാന്‍ ചെയ്ത് വലിയ നിക്ഷേപത്തോടെയല്ല സുബര്‍ തന്റെ സംരംഭം തുടങ്ങിയത്. ഒരിക്കല്‍ സുബറിന്റെ ചെടികളോടുള്ള താല്പര്യം മനസിലാക്കിയ ഒരു സുഹൃത്ത് ഫ്‌ലാറ്റില്‍ ചെടികള്‍ നട്ടുതരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. സുബറിനെ പോലെ സമാനമായ രീതിയില്‍ ചെടി വളര്‍ത്തല്‍ ഇഷ്ടപെടുന്ന ആരെങ്കിലും ഉണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ സുബര്‍ ആ ചോദ്യത്തെ ഒരു അവസരമായി കണക്കാക്കി. സുഹൃത്ത് ആവശ്യപ്പെട്ടത് പോലെ വീടിനകത്തും പുറത്തും ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ ഇനിയും ഏറെ ഉണ്ടെന്ന് സുബര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതോടെ അദ്ദേഹം തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു.അവര്‍ മകന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയതോടെ പാരഡൈസ് ഗാര്‍ഡന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമായി.

ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ ഒരുക്കുന്നതിനാവശ്യമായ ചെടികളും മറ്റും സുബര്‍ നട്ട് വളര്‍ത്തി.ശേഷം, ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു. ഭോപ്പാലിലെ നഗരവാസികള്‍ ആഗ്രഹിച്ചതും സുബര്‍ ഇച്ഛിച്ചതും ഒന്നായിരുന്നു.പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കൊണ്ടുതന്നെ 100 പ്രോജക്റ്റുകള്‍ സുബര്‍ പൂര്‍ത്തിയാക്കി.എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സുബര്‍ തന്റെ സംരംഭത്തിന്റെ സ്വഭാവം ഒന്ന് മാറ്റി. സുബറിന്റെ ഇഷ്ടപ്രകാരം ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ഗാര്‍ഡനുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് പകരം ഉപഭോക്താവിന്റെ ആവശ്യത്തിന് പ്രാധാന്യം നല്‍കി. ഇപ്പോള്‍ ഏതുതരത്തിലെ ചെടികളും നട്ടുവളര്‍ത്തി കൊടുക്കുന്നതാണ് സുബറിന്റെ സംരംഭം.

പൂച്ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, മരങ്ങള്‍ അങ്ങനെ എന്തും ഉപഭോക്താവ് ആവശ്യപ്പെടുന്ന എന്തും സുബര്‍ നട്ടുവളര്‍ത്തികൊടുക്കും. പ്രൊജക്റ്റിന്റെ വലുപ്പം , ഉപയോഗിക്കുന്ന ചെടികള്‍ എന്നിവയ്ക്കനുസരിച്ചാണ് സുബര്‍ ഫീസ് ഈടാക്കുന്നത്. വളരെ ചെറിയ ബാല്‍ക്കണി ഉള്ള ഫ്‌ലാറ്റുകളില്‍ പോലും സുബറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്തു നല്‍കാറുണ്ട്. ലോണ്‍ , ഹാങ്ങിങ് ഗാര്‍ഡന്‍, അക്വസ്‌കേപ്പ് തുടങ്ങി എല്ലാവിധത്തിലുള്ള പൂന്തോട്ടങ്ങളും സുബര്‍ നിര്‍മിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ പാരഡൈസ് ഗാര്‍ഡനില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്ന് സുബര്‍ പറയുന്നു. എന്നാല്‍ ഇനിയും ഏറെ മുന്നോട്ട് തനിക്ക് പോകാനുണ്ട് എന്നാണ് ഈ ചെറുപ്പക്കാരന്റെ പക്ഷം. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന , ചെടികളെയും പ്രകൃതിയെയും ഏറെ സ്‌നേഹിക്കുന്ന ഒരു സംരംഭകനാകണം എന്നതാണ് സുബറിന്റെ ആഗ്രഹം. പഠനത്തോടൊപ്പം തന്റെ സംരംഭകത്വവും മുന്നോട്ട് കൊണ്ടുപോകാനാണ് സുബര്‍ ആഗ്രഹിക്കുന്നത്.

ചെലവ് കുറഞ്ഞ രീതിയില്‍ പൂന്തോട്ടം നിര്‍മിക്കുന്നതിനൊപ്പം, പുതിയ പൂന്തോട്ട നിര്‍മാണ രീതികള്‍ പരീക്ഷിക്കുന്നതിനും സുബര്‍ പ്രാധാന്യം നല്‍കുന്നു. ഇപ്പോള്‍ പൂന്തോട്ട നിര്‍മാണത്തിനാവശ്യമായ ചെടികള്‍ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കള്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. പഠനത്തെ തെല്ലും ബാധിക്കാത്ത തരത്തിലാണ് സുബര്‍ തന്റെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നത്. ഭോപ്പാലിലിലെ മികച്ച നഴ്സറികളുമായി പാരഡൈസ് ഗാര്‍ഡന്‍സിനു ഇപ്പോള്‍ കരാറുണ്ട്. ഗാര്‍ഡനിംഗില്‍ താല്പര്യമുള്ള ചില വ്യക്തികള്‍ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടു എങ്കിലും സുബറിന് നിലവില്‍ അത്തരം നീക്കങ്ങളോട് താല്പര്യമില്ല. തന്റെ കഴിവും ആശയവും ഉപയോഗപ്പെടുത്തി സംരംഭത്തെ വളര്‍ത്തണം എന്നതാണ് സുബറിന്റെ ആഗ്രഹം.

Categories: FK Special, Slider