നരകത്തിന്റെ കവാടം

നരകത്തിന്റെ കവാടം

സ്വത്തുക്കളുടെ കണക്കെടുപ്പും വീതം വെപ്പും പെട്ടെന്ന് കഴിഞ്ഞു. ഒരു ജീവിതകാലം മുഴുവന്‍ ഉറുമ്പ് ആഹാരം കൂട്ടി വെക്കുംപോലെ സമ്പത്ത് കൂട്ടി വെച്ച് നല്ല ആഹാരം കഴിക്കാതെ, നല്ല വസ്ത്രം ധരിക്കാതെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിച്ച അയാളുടെ സ്വത്ത് മുഴുവന്‍ കണക്ക് പറഞ്ഞ് ഓരോരുത്തരായി വീതം വെച്ചെടുത്തു. ഈ പ്രവര്‍ത്തി കണ്ടുകൊണ്ടിരിക്കെ അയാളുടെ ഹൃദയത്തില്‍ രക്തം പൊടിഞ്ഞു

അയാളുടെ മരണം പെട്ടെന്നായിരുന്നു. രാവിലെ നടക്കാന്‍ പോയതായിരുന്നു. തിരികെ എത്തി വീടിന്റെ ഉമ്മറത്തെ കസേരയില്‍ വിശ്രമിക്കാനിരുന്നതാണ്. ഹൃദയം പെട്ടെന്ന് പണിമുടക്കി. യാതൊരു മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ തന്നെ ദൈവം അയാളെ കൂട്ടിക്കൊണ്ടുപോയി.

അന്നുവരെ നാടു കാണാത്ത ശവഘോഷയാത്രയായിരുന്നു അത്. നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെ മരണാനന്തര ചടങ്ങുകളൊന്നും മോശമാകാന്‍ പാടുള്ളതല്ലല്ലോ. ഒരു വിവാഹം പോലെ തന്നെ ആഘോഷമായി അതെല്ലാം കഴിഞ്ഞു. ദൂരദേശങ്ങളില്‍ നിന്നെത്തിയ ബന്ധുമിത്രാദികളെല്ലാം പിരിഞ്ഞുപോയി. കരഞ്ഞു വിങ്ങിയ കുറച്ചു മുഖങ്ങള്‍ മാത്രം വീട്ടില്‍ ബാക്കിയായി.

മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത അജ്ഞാതമായ ഒരു ലോകത്തു നിന്നും അയാള്‍ ഈ കാഴ്ചകളെല്ലാം കണ്ടു. ശരീരം മാത്രമല്ലേ നഷ്ടമായിട്ടുള്ളൂ. അയാളുടെ മനസ്സിന് ഇതെല്ലാം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. തന്റെ കുടുംബം താനില്ലാതെ അനുഭവിക്കുന്ന മാനസികവ്യഥ അയാളെ ദുഃഖത്തിലാഴ്ത്തി. എത്രമാത്രം കാര്യങ്ങള്‍ ബാക്കി വെച്ചിട്ടാണ് തനിക്ക് മടങ്ങേണ്ടി വന്നത്. ചിലപ്പോള്‍ ഒരു കോമാളിയെപ്പോലെയാണ് ദൈവം. ഒരു മുന്നറിയിപ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുറേയൊക്കെ തീര്‍ത്തിട്ട് പുറപ്പെടാമായിരുന്നു.

മരിച്ച ദിനം വൈകുന്നേരമായപ്പോഴേക്കും കരഞ്ഞു വീര്‍ത്ത മുഖങ്ങളില്‍ അല്‍പ്പസ്വല്‍പ്പം പ്രകാശം വീണു തുടങ്ങി. രാത്രിയായപ്പോഴേക്കും ചെറിയ ചിരികളിലേക്കും സംഭാഷണങ്ങളിലേക്കും കുടുംബാംഗങ്ങള്‍ നീങ്ങിക്കഴിഞ്ഞിരുന്നു. അന്നത്തെ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങളെല്ലാം സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. തന്റെ അഭാവം ഒന്നും മാറ്റിമറിച്ചിട്ടില്ല എന്ന് അയാള്‍ വേദനയോടെ മനസ്സിലാക്കി.

പിറ്റേദിവസം തന്നെ കുടുംബാഗങ്ങള്‍ ഒത്തുകൂടി. അവര്‍ക്ക് നടുവിലിരുന്ന് ചിരിച്ച് വര്‍ത്തമാനം പറയുന്ന തന്റെ ഭാര്യയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ”ചേട്ടനില്ലെങ്കില്‍ പിന്നെ ഞാനില്ല” എന്ന് പ്രേമപാരവശ്യത്തോടെ മൊഴിഞ്ഞവള്‍ തന്നെയാണോ ഇത്. ഈ ലോകം ഇത്ര കാപട്യം നിറഞ്ഞതാണോ? അതോ താന്‍ ഈ ലോകത്തെ മനസിലാക്കിയതിന്റെ തെറ്റാണോ?

സ്വത്തുക്കളുടെ കണക്കെടുപ്പും വീതം വെപ്പും പെട്ടെന്ന് കഴിഞ്ഞു. ഒരു ജീവിതകാലം മുഴുവന്‍ ഉറുമ്പ് ആഹാരം കൂട്ടി വെക്കുംപോലെ സമ്പത്ത് കൂട്ടി വെച്ച് നല്ല ആഹാരം കഴിക്കാതെ, നല്ല വസ്ത്രം ധരിക്കാതെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിച്ച അയാളുടെ സ്വത്ത് മുഴുവന്‍ കണക്ക് പറഞ്ഞ് ഓരോരുത്തരായി വീതം വെച്ചെടുത്തു. ഈ പ്രവര്‍ത്തി കണ്ടുകൊണ്ടിരിക്കെ അയാളുടെ ഹൃദയത്തില്‍ രക്തം പൊടിഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ എല്ലാം സാധാരണ ഗതിയിലായി. വലിയൊരു ചില്ലുകൂട്ടില്‍ മുന്നില്‍ മിന്നിനില്‍ക്കുന്ന ഒരു വൈദുതി വിളക്കിന് പിന്നില്‍ അയാളുടെ ചിത്രം സ്ഥാപിക്കപ്പെട്ടു. മാര്‍ക്കറ്റിലെ വര്‍ഗീസിന്റെ കടയില്‍ നിന്നും വാങ്ങിയ ഒരിക്കലും വാടാത്ത ചുവന്നൊരു പ്ലാസ്റ്റിക് മാല ആ ചിത്രത്തിന് ഭംഗികൂട്ടി. ഇനി ആ കുടുംബത്തില്‍ സംഭവിക്കുന്നതിനൊക്കെ ഒരു മൗനസാക്ഷിയായി അയാള്‍ ചില്ലുകൂട്ടില്‍ സ്ഥാപിക്കപ്പെട്ടു. തന്റെ ഇടത് ഭാഗത്ത് ഇതുപോലെ മറ്റൊരു ചില്ലുകൂട്ടില്‍ താന്‍ സ്ഥാപിച്ച കര്‍ത്താവിന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ എന്നയാള്‍ സംശയിച്ചു.

ഇനി ഭൂമിയിലേക്ക് നോക്കി നിന്നിട്ട് കാര്യമൊന്നുമില്ല. ഭൂമിയിലെ യുദ്ധവും സമാധാനവുമൊന്നും ഇപ്പോള്‍ തന്റെ ചുമതലയിലല്ല. രാവിലെ കുമാരന്റെ കടയിലെ ചായകുടിയും രാഷ്ട്രീയ ചര്‍ച്ചയും നഷ്ടപ്പെട്ടു. കുമാരന്റെ കടയായിരുന്നു ലോകത്തില്‍ സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം കണ്ടെത്തിക്കൊണ്ടിരുന്നത്. അതില്‍ അയാളും ഒരു ഭാഗമായിരുന്നു. കുമാരന്റെ കടയും സൂഷ്മമായി ലോകത്തെ നിരീക്ഷിക്കുകയും കൃത്യ സമയങ്ങളില്‍ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന തന്റെ സുഹൃത്തുക്കളും ഇപ്പോഴും അവിടെയുള്ളതു കൊണ്ട് ലോകത്തിന്റെ കാര്യത്തില്‍ മറ്റൊരു വേവലാതിയുടെ ആവശ്യമില്ല.

കാഴ്ചകളില്‍ നിന്നും പിന്തിരിഞ്ഞ് അയാള്‍ ദൈവത്തെത്തേടി നടന്നു. രണ്ട് കൂറ്റന്‍ കവാടങ്ങള്‍ക്ക് മുന്നില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് മുന്നില്‍ കാശ് പിരിക്കാനിരിക്കുന്നയാളെപ്പോലെ ഒരു മേശക്ക് പിന്നിലിരിക്കുന്ന ദൈവത്തെ അയാള്‍ കണ്ടു. അപ്പോള്‍ താന്‍വായിച്ചതും അറിഞ്ഞതുമൊക്കെ ശരിയാണ്. ഇദ്ദേഹത്തിന് ഇതൊക്കെ തന്നെയാണ് പണി.

”നിനക്ക് സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം” ദൈവം പറഞ്ഞു.

”അത് നല്ലത് തന്നെ. പക്ഷേ എന്താണ് സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസം.” അയാള്‍ ചോദിച്ചു.

”സ്വര്‍ഗ്ഗത്തില്‍ എല്ലാം ഫ്രീയാണ്. ഒന്നിനും പണം കൊടുക്കേണ്ടതില്ല. എന്നാല്‍ നരകത്തില്‍ പണം ആവശ്യമാണ്. എല്ലുമുറിയെ പണിചെയ്യേണ്ടി വരും. ഏകദേശം ഭൂമിയെപ്പോലെ തന്നെയാണ് നരകവും. നീ ഇത്രനാളും കഷ്ടപ്പെട്ടതല്ലേ. ഇനി നീ സ്വര്‍ഗ്ഗത്തില്‍പ്പോയി സുഖിക്കുക. നിനക്കായി ഞാന്‍ ഈ സ്വര്‍ഗ്ഗകവാടം തുറക്കാം.”

”വേണ്ട. എനിക്ക് നരകത്തില്‍പോയാല്‍മതി.” അയാള്‍ദൈവത്തെ തടുത്തു.

”നീ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല അല്ലേ?” ദൈവം ചോദിച്ചു.

”പണമാണ് ദൈവം. അതെവിടെയുണ്ടോ അത് നരകമാണെങ്കിലും അതാണ് ഞങ്ങളുടെ സ്വര്‍ഗ്ഗം. അതുകൊണ്ട് അങ്ങ് നരക കവാടം തുറക്കുക. ഞാന്‍ നരകത്തിലേക്ക് പ്രവേശിക്കട്ടെ.”

ദൈവം കവാടം തുറന്നു.

മനുഷ്യന്‍വീണ്ടും നരകത്തിലേക്ക് പ്രവേശിച്ചു.

Categories: FK Special, Slider