സമ്പാദ്യത്തേക്കാള്‍ ഇവിടെ സംരക്ഷണത്തിനാണ് പ്രാധാന്യം

സമ്പാദ്യത്തേക്കാള്‍ ഇവിടെ സംരക്ഷണത്തിനാണ് പ്രാധാന്യം

ലൈഫ് കവര്‍ ചെയ്യുക എന്ന അടിസ്ഥാനതത്വമാണ് ടേംകവര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യജീവന് ഭീഷണിയായി ഒട്ടുമിക്ക റിസ്‌കുകളും കവര്‍ ചെയ്യുന്ന പോളിസിയാണിത്

വിശ്വനാഥന്‍ ഒഡാട്ട്

ലൈഫ് ഇന്‍ഷുറന്‍സില്‍ സമ്പാദ്യത്തേക്കാള്‍ പ്രാധാന്യം എല്ലായ്‌പ്പോഴും സംരക്ഷണത്തിനാണ്. അതായത് ലൈഫ് കവര്‍ ചെയ്യുക എന്ന അടിസ്ഥാനതത്വം ടേംകവര്‍ കൊണ്ട് ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. മനുഷ്യജീവന് ഭീഷണിയായി ഒട്ടുമിക്ക റിസ്‌കുകളും കവര്‍ ചെയ്യുന്ന പോളിസിയാണിത്. അതുകൊണ്ടുതന്നെ കൂടുതല്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുമ്പോഴും കുറഞ്ഞ പ്രീമിയം അടച്ച് സംരക്ഷണം നേടാനാകും. സാധാരണയായി അടച്ച തുക മടക്കി ലഭിക്കുന്നതല്ല എന്നത് ഈ പോളിസിയുടെ പ്രത്യേകതയാണ്.

മറ്റ് പോളിസികളുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ സൂക്ഷ്മമായ മെഡിക്കല്‍ പരിശോധന
നടത്തിയശേഷമെ വലിയ തുകകള്‍ക്ക് ഇന്‍ഷുര്‍ ചെയ്യൂ. കാരണം റിസ്‌ക് തന്നെയാണ്. പോളിസികള്‍ എടുക്കുമ്പോള്‍ വരുമാനം, പ്രായം, പരമ്പരാഗതമായ അസുഖങ്ങള്‍, നിലവിലുള്ള അസുഖങ്ങള്‍, ജോലി എന്നിവയെ ആശ്രയിച്ചാണ് ഇന്‍ഷൂര്‍ ചെയ്യുന്ന തുക, പ്രീമിയം എന്നിവ നിശ്ചയിക്കുന്നത്. ലോണ്‍ എടുത്തവര്‍, കടബാധ്യതയുള്ളവര്‍, പ്രാരാബ്ധമുള്ളവര്‍, ഏകവരുമാനമുള്ളവര്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍, കമ്പനികള്‍/സ്ഥാപനങ്ങള്‍ എന്നിവയുടെ അമരത്ത് ഇരിക്കുന്നവര്‍ എന്നിവര്‍ക്ക് അനുയോജ്യമായ പോളിസിയാണിത്.

പ്രായം കൂടുംതോറും പ്രീമിയത്തില്‍ വര്‍ദ്ധനയുണ്ടാവും. കാരണം റിസ്‌ക് കൂടുന്നു എന്നതാണ്. മാത്രമല്ല പ്രായം കൂടുംതോറും കൂടുതല്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുന്നത് പ്രയാസകരമാവുകയും ചെയ്യും. അതിനാല്‍ കൂടുതല്‍ തുകയ്ക്ക് ദീര്‍ഘകാലത്തേക്ക് ഇന്‍ഷുര്‍ ചെയ്യുക എന്നതാണ് ബുദ്ധി. വ്യക്തികള്‍, ഗ്രൂപ്പുകള്‍, ലോണ്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ളവര്‍ക്ക് അനുയോജ്യമായ പോളിസികള്‍ ഇന്ന് നിലവിലുണ്ട്. വ്യക്തികള്‍ക്ക് മെഡിക്കല്‍ പരിശോധന ആവശ്യമെന്ന് പറയുന്ന പല സന്ദര്‍ഭങ്ങളിലും ഗ്രൂപ്പിന് മെഡിക്കല്‍
പരിശോധന ആവശ്യപ്പെടാറില്ല. മാത്രമല്ല, വ്യക്തിയുടെ പ്രീമിയത്തിന്റെ ശരാശരിയേക്കാള്‍
കുറവായിരിക്കും ഗ്രൂപ്പിലെ അംഗത്തിന്റെ പ്രീമിയം തുക.

സാധാരണ അപകടമരണമാണ് ടേം പോളിസികളില്‍ അടിസ്ഥാന റിസ്‌ക് കവറേജ്. എന്നാല്‍ പ്രീമിയം അല്‍പം കൂടുതല്‍ അടച്ചാല്‍ മാരകരോഗങ്ങള്‍ക്കുള്ള കവര്‍, അപകടം മൂലമുള്ള മരണം സംഭവിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഇരട്ടി തുക എന്നിവ ലഭ്യമാവുന്നതാണ്. ടേം കവര്‍ തന്നെ ലോണ്‍ പ്രൊട്ടക്ടര്‍, ക്രെഡിറ്റ് സേഫ് ഇന്‍ഷുറന്‍സ് എന്നീ പേരുകളില്‍ ഇന്ന് ലഭ്യമാണ്. ധനകാര്യസ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍, ചിട്ടി കമ്പനികള്‍, സംഘടനകള്‍ എന്നിവക്ക് അനുയോജ്യമായ വിധത്തില്‍ ഇന്ന് ടേം പോളിസികള്‍ ലഭ്യമാണ്. പോളിസി എടുക്കുന്നതിന് മുമ്പായി വിവിധ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുമായി ബന്ധപ്പെടുകയും ഇന്‍ഷൂര്‍ ചെയ്യേണ്ട തുക, ഇന്‍ഷൂര്‍ ചെയ്യേണ്ടവരുടെ പ്രായം എന്നിവ
നല്‍കിയാല്‍ പ്രീമിയം തുക ലഭിക്കും.

(തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയിംസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയില്‍: odatt@aimsinsurance.in. മൊബീല്‍: 9895768333)

Categories: Business & Economy