സ്ഥിരതയുടെ ലക്ഷണമോ

സ്ഥിരതയുടെ ലക്ഷണമോ

മൂന്നാം പാദത്തിലെ 4.7 ശതമാനം വളര്‍ച്ചാനിരക്ക് സമ്പദ് വ്യവസ്ഥ സ്ഥിരതയിലേക്ക് വരുന്നതിന്റെ സൂചനയായും കാണമെന്ന വാദമുണ്ട്. എന്നാല്‍ കൊറോണ ഭീതി ആശങ്കയും ജനിപ്പിക്കുന്നു

വിപണിയില്‍ കൊറോണ കലാപം വിതച്ച ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെയാണ് രാജ്യത്തിന്റെ വരുമാന കണക്കുകളും പുറത്തുവന്നത്. മൂന്നാം പാദത്തിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 4.7 ശതമാനമെന്നാണ് ഔദ്യോഗിക കണക്കുകള്‍. പോയ വര്‍ഷം ഇതേ സമയത്ത് രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ചാ നിരക്ക് 5.6 ശതമാനമായിരുന്നു. നിലവിലെ 4.7 ശതമാനമെന്നത് ഏഴ് വര്‍ഷത്തിനിടെ ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുമാണ്. രണ്ടാം പാദത്തിലെ ജിഡിപി നിരക്ക് 4.5 ശതമാനമായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പിന്നീടത് പരിഷ്‌കരിച്ച് അഞ്ച് ശതമാനത്തിന് പുറത്തേക്ക് എത്തിച്ചിരുന്നു.

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ രേഖപ്പെടുത്തിയ മോശം നിക്ഷേപ, ഉല്‍പ്പാദന വളര്‍ച്ചയാണ് 27 പാദങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ജിഡിപി വളര്‍ച്ചയെ എത്തിച്ചത്. അടുത്ത പാദത്തിലും ഇതേ വളര്‍ച്ചാനിരക്ക് തന്നെയായിരിക്കും രാജ്യം നിലനിര്‍ത്തുകയെന്നാണ് ഔദ്യോഗിക വിലയിരുത്തലുകള്‍. വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജിഡിപി കണക്കുകള്‍ പുറത്തുവന്ന ശേഷം സമ്പദ് വ്യവസ്ഥയിലെ സ്ഥിരതയുടെ ലക്ഷണമാണ് അതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. സേവന മേഖല തുടര്‍ച്ചയായി ആറ് ശതമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നു എന്നത് ആശ്വാസകരമാണ്. അതേസമയം ഉപഭോക്തൃ ചെലവിടല്‍ തുടര്‍ച്ചയായ പാദങ്ങളില്‍ ഇടിവാണ് കാണിക്കുന്നത്.

സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ച് കയറാന്‍ ഇനിയും സമയമെടുക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. വായ്പാ വളര്‍ച്ചയുടെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. ഓട്ടോമൊബീല്‍ രംഗത്തെ വില്‍പ്പന കണക്കുകള്‍ അത്ര സന്തോഷത്തിന് വക നല്‍കുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ സമ്പദ് വ്യവസ്ഥയെ വരിഞ്ഞുകെട്ടിയേക്കുമെന്നും വിലയിരുത്തലുണ്ട്. വൈറസ് ഭീതി വിപണിയെ എങ്ങനെ ബാധിച്ചുവെന്നത് അടുത്ത പാദഫലത്തോടെ അറിയാന്‍ സാധിക്കും. ചൈനയ്ക്ക് പുറത്ത് വൈറസ് അതിവേഗം ബാധിക്കുന്നുവെന്ന വാര്‍ത്തകളാണ് വെള്ളിയാഴ്ച്ച വിപണിയില്‍ ചോരപ്പുഴ ഒഴുക്കിയത്.

ഇന്നലെ യുഎസ്, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കൂടി വൈറസ് കാരണമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. ഇത് വിപണിയില്‍ വമ്പന്‍ പ്രത്യാഘാതമുണ്ടാക്കുന്നും. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം സമയമെന്ന് കഴിഞ്ഞയാഴ്ച്ചയെ ചില വിദഗ്ധര്‍ വിശേഷിപ്പിച്ചത് വെറുതെയല്ല. 3,500 പോയ്ന്റിന്റെ ഇടിവാണ് പോയ വാരം ഡോ ജോണ്‍സ് രേഖപ്പെടുത്തിയത്. ഒരാഴ്ച്ച കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടമായതാകട്ടെ 11 ലക്ഷം കോടി രൂപയാണ്. ഒരു ദിവസം കൊണ്ട് മാത്രം നഷ്ടമായത് 5.50 ലക്ഷം കോടി രൂപയും. 1,448 പോയ്ന്റായിരുന്നു സെന്‍സക്‌സിലെ ഇടിവ്. സാമ്പത്തിക പരിഷ്‌കരണങ്ങളേക്കാള്‍ ഉപരി കൊറോണയെ കെട്ടുകെട്ടിക്കാനുള്ള പദ്ധതികളിലാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ വെക്കേണ്ടത്. ഇന്ത്യയുടെ വളര്‍ച്ചാഗതിയും നിര്‍ണയിക്കപ്പെടുക കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിലെ വിജയത്തിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

Categories: Editorial, Slider